പാൽ കുടിക്കുന്നത് ഒരാളെ രോഗിയാക്കുമോ എന്ന ചോദ്യം നിരന്തരം ആരോഗ്യ വിദഗ്ധർ നേരിടാറുണ്ട്. ഇതിനെക്കുറിച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിരിക്കുകയാണ് ഡയറ്റീഷ്യൻ അഞ്ജലി മുഖർജി. ”പാൽ ആരോഗ്യത്തിന് അത്യുത്തമമെന്നാണ് വളർന്നുവരുമ്പോൾ നാമെല്ലാം പഠിക്കുന്ന ഒരു കാര്യം, പ്രത്യേകിച്ച് എല്ലുകളുടെയും പല്ലുകളുടെയും ശക്തിക്ക്. എന്നാൽ പാലും ചില ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പഠനങ്ങൾ ഗവേഷകർ തുടങ്ങിയിട്ടുണ്ട്,” അവർ പറഞ്ഞു.
അഞ്ജലി മുഖർജിയുടെ അഭിപ്രായത്തിൽ, സാധാരണ പശുവിൻ പാലിൽ കാണപ്പെടുന്ന എ1 ബീറ്റാ-കേസീൻ (A1-beta-casein) എന്ന പ്രോട്ടീന്റെ സാന്നിധ്യം മൂലം പാൽ ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ഈ പ്രോട്ടീൻ ജലദോഷം, സൈനസ്, ക്ഷീണം, വീക്കം, ടൈപ്പ് 2 പ്രമേഹം, ഓട്ടിസം, മറ്റ് നാഡീസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയ വിവിധ ആരോഗ്യപ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടു. A2 പാലിൽ മ്യൂട്ടേറ്റഡ് എ1-ബീറ്റാ-കേസീൻ അടങ്ങിയിട്ടില്ല. അതിനാൽ ഇത് ആരോഗ്യകരമായ പാൽ ആണെന്ന് അവർ പറഞ്ഞു.
എന്നാൽ, ഈ ആരോഗ്യപ്രശ്നങ്ങൾ എല്ലാവരെയുമാണോ അതോ കുറച്ചു പേരെ മാത്രമാണോ ബാധിക്കുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും അവർ പറഞ്ഞു. പാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമോ എന്നതിനുള്ള നിലവിലെ തെളിവുകൾ അപര്യാപ്തവും അവ്യക്തവുമാണെന്ന് ഡയറ്റീഷ്യൻ ഗരിമ ഗോയൽ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.
Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer
”ബീറ്റാ-കാസോമോർഫിൻ-7 (BCM-7) ന്റെ സാന്നിധ്യം കുടലിൽ വീക്കം ഉണ്ടാക്കുകയും ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ടൈപ്പ് 1 പ്രമേഹവുമായി A1 ബീറ്റാ-കേസീനെ ബന്ധിപ്പിച്ച് നടന്ന പഠനത്തിൽ കുട്ടിക്കാലത്ത് A1 പാൽ കുടിക്കുന്നത് ടൈപ്പ് 1 പ്രമേഹത്തിനുള്ള സാധ്യത വർധിപ്പിക്കുമെന്ന നിഗമനത്തിൽ ഗവേഷകർ എത്തി. ഈ പഠനങ്ങൾ നിരീക്ഷണം മാത്രമാണ്. അതിനാൽ A1 കേസീൻ പ്രധാന രോഗകാരണമെന്നതിന് ഇപ്പോഴും ഉറപ്പില്ല,” അവർ വിശദീകരിച്ചു.
എ1, എ2 പാൽ തമ്മിലുള്ള വ്യത്യാസം എന്താണ്?
പാലിൽ അടങ്ങിയ പ്രോട്ടീന്റെ പേരാണ് കേസീൻ. സാധാരണ പശുവിൻ പാലിൽ രണ്ട് തരം ബീറ്റാ-കേസീൻ അടങ്ങിയിട്ടുണ്ട് – A1, A2. കൂടുതൽ പാൽ നല്‍കുന്ന എച്ച്എഫ് പോലുള്ള വിദേശ ജനുസ്സുകളുടേത് എ1 പാൽആണ്. എ 2 പാൽ ഇന്ത്യയിലെ സ്വദേശി പശുക്കളിൽ നിന്നാണ് ലഭിക്കുന്നത്. ഗിർ, സഹിവാൾ, വെച്ചൂർപോലുള്ള നാടൻ പശുക്കളുടേത് എ 2 പാൽ ആണ്. ഈ എ 2 പാൽ ശുദ്ധമായ പശുവിൻ നെയ്യ് ഉണ്ടാക്കാൻ ഉപയോഗിക്കുന്നു. ആട്ടിൻപാൽ, എരുമപ്പാൽ ഇവയൊക്കെ എ 2 പാലാണ്.
ഏതാണ് കുടിക്കേണ്ടത്?
A1, A2 പാലിലെ ലാക്ടോസിന്റെ അളവ് തുല്യമാണെങ്കിലും, A2 പാൽ കുടിച്ചതിന് ശേഷം ആളുകൾക്ക് ഗ്യാസ്ട്രിക് ലക്ഷണങ്ങൾ കുറവാണെന്ന് ഗരിമ ഗോയൽ പറഞ്ഞു. പാൽ കുടിക്കുന്നതുമൂലം ദഹനപ്രശ്‌നങ്ങൾ നേരിടുന്നവർ തീർച്ചയായും A2 പാൽ പരീക്ഷിച്ചു നോക്കണമെന്ന് അവർ നിർദേശിച്ചു. പാലിനോട് അലർജിയുള്ളവർക്ക് A2 പാലും അലർജിയുണ്ടാക്കും. കൂടാതെ ലാക്ടോസ് അസഹിഷ്ണുതയുള്ളവർ A2 പാൽ കുടിക്കാൻ കഴിയില്ല, കാരണം ലാക്ടോസിന്റെ അതേ ഉള്ളടക്കം ഇവയിൽ അടങ്ങിയിരിക്കുന്നുവെന്ന് അവർ വ്യക്തമാക്കി.