ജീവൻ നിലനിർത്താനുള്ള ഏറ്റവും പരമപ്രധാനമായ ഒരു ഘടകമാണ് ഉറക്കമെന്നത്. ഒരു നീണ്ടദിവസത്തിന് ശേഷം ശരീരത്തെ പൂർണ ആരോഗ്യ സ്ഥിതിയിലേക്ക് തിരിച്ചെത്തിക്കാൻ നല്ല ഉറക്കം അനിവാര്യമാണ്. എന്നാൽ, ഇന്ന് വ്യാപകമായി കണ്ടുവരുന്ന ആരോഗ്യ പ്രശ്നമെന്തെന്ന ചോദ്യത്തിന് ഉറക്കക്കുറവ് എന്ന് ഉത്തരം പറയേണ്ടി വരും. കാരണം 22 മുതൽ 65 ശതമാനത്തോളം ആളുകൾ ഉറക്കപ്രശ്നങ്ങൾ നേരിടുന്നുവെന്നാണ് പഠനങ്ങൾ ചൂണ്ടികാണിക്കുന്നത്. ഈ ഉറക്കക്കുറവ് പ്രമേഹം, രക്തസമ്മർദ്ദം എന്നീ രോഗങ്ങളിലേക്കും ശ്രദ്ധക്കുറവ്, മാനസിക പിരിമുറക്കം തുടങ്ങി അവസ്ഥകളിലേക്കുമാണ് ആളുകളെ നയിക്കുന്നത്.
കോവിഡ് 19 മഹാമാരിയുടെ സമയത്ത്, ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ വലിയ തോതിൽ ഉറക്കക്കുറവ് കണ്ടുതുടങ്ങിയെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ നടത്തിയ പഠനത്തിൽ പറയുന്നുണ്ട്. ഇതേകാലയളവിൽ തന്നെ ഇന്ത്യക്കാർക്കിടയിൽ ഹൃദയ സംബന്ധമായ രോഗങ്ങളുടെ നിരക്കുയരുകയും ചെയ്തിട്ടുണ്ട്, ഉറക്കക്കുറവ് ഇതിന് കാരണമായിട്ടുണ്ടാവുമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
“ഇന്ത്യയിലെ യുവാക്കൾക്കിടയിൽ ഹൃദ്രോഗങ്ങൾ ഭയാനകമായി വർധിച്ചു. പ്രായമായവരെ അപേക്ഷിച്ച് യുവാക്കൾക്കിടയിൽ ഈ രോഗങ്ങൾ അതീവ ഗുരുതരവും സങ്കീർണവുമാണ്. ഈ പേടിപ്പെടുത്തുന്ന പ്രവണത പ്രധാനമായും മോശമായ ജീവിതശൈലി മൂലമാണ്. അതുപോലെ ഉറക്കക്കുറവും ഇതിന്റെ ഒരു പ്രധാന ഭാഗമാണ്,” കൗവേരി ഹോസ്പിറ്റലിലെ കൺസൾട്ടന്റ് കാർഡിയോതൊറാസിക് ആൻഡ് വാസ്കുലർ സർജനായ ഡോ രാജേഷ് ടി ആർ പറയുന്നു.
ഉറക്കമില്ലായ്മ ഹൃദയാരോഗ്യവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണെന്ന് പറയുകയാണ് ഗുഡ്ഗാവിലെ കാർഡിയോളജി പാരാസ് ഹോസ്പിറ്റൽസ് യൂണിറ്റ് ഹെഡും അസോസിയേറ്റ് ഡയറക്ടറുമായ ഡോ അമിത് ഭൂഷൺ ശർമ്മ. “നോൺ-റാപ്പിഡ് ഐ മൂവ്മെന്റ് (എൻ ആർ ഇ എം) ഉറക്ക ഘട്ടങ്ങളിൽ നിങ്ങളുടെ ഹൃദയമിടിപ്പ് കുറയുകയും ശ്വസനം സ്ഥിരത കൈവരിക്കുകയും ചെയ്യുന്നു. നിങ്ങളുടെ രക്തസമ്മർദ്ദം കുറയുന്ന സമയം കൂടിയാണിത്. ഈ മാറ്റങ്ങളെല്ലാം കൂടിച്ചേർന്ന് നിങ്ങളുടെ ശരീരം ദിവസം മുഴുവൻ ശേഖരിച്ച സമ്മർദ്ദം സന്തുലിതമാക്കാൻ ഹൃദയത്തെ സഹായിക്കുന്നു.” ഉറക്കം ഹൃദയത്തിന്റെ പ്രവർത്തനവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശദീകരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. എന്നാൽ വേണ്ടത്ര ഉറക്കം ലഭിക്കാതെ വരുമ്പോൾ, ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ, ഹൃദയാഘാതം, അമിത ശരീരഭാരം, പ്രമേഹം തുടങ്ങിയ അപകടസാധ്യതകളെ നമ്മൾ ക്ഷണിച്ചുവരുത്തുകയാണ്.
രാത്രി ആറ് മുതൽ ഏഴ് മണിക്കൂർ വരെ ഉറക്കം ലഭിക്കുന്ന ആളുകൾക്ക് ഹൃദയാഘാതം അല്ലെങ്കിൽ സ്ട്രോക്ക് എന്നിവ വരാനും അതുമൂലം മരണമുണ്ടാകാനുമുള്ള സാധ്യത കുറവാണെന്ന് അമേരിക്കൻ കോളേജ് ഓഫ് കാർഡിയോളജിയുടെ 70-ാം വാർഷിക സയന്റിഫിക് സെഷനിൽ അവതരിപ്പിച്ച ഒരു പഠനം പറയുന്നു.
“ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ ബി പി കൂടുകയും ഹൃദയത്തിന്റെ പ്രവർത്തനത്തെ തകരാറിലാക്കുകയും ചെയ്യും. രക്തസമ്മർദ്ധവുമായി ബന്ധപ്പെട്ട എൻഡോത്തീലിയൽ ഡിസ്‍ഫങ്ക്ഷനുമുണ്ടാകാം. ശരിയായ വിശ്രമം ലഭിച്ചില്ലെങ്കിൽ ഇത് ബ്ലോക്കുകളുണ്ടാക്കുന്ന കൊറോണറി ആർട്ടർട്ടി രോഗമായി മാറാം.” ബെംഗളൂരു അപ്പോളോ ഹോസ്പിറ്റൽസിലെ സീനിയർ കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ. അഭിജിത് കുൽക്കർണി പറയുന്നതിങ്ങനെ.
“ഉറക്കക്കുറവ് മാത്രമല്ല സ്ലീപ് അപ്നീയയും(ഉറക്കത്തിനിടക്ക് ശ്വസനത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍) ഒരാളുടെ ഹൃദയാരോഗ്യത്തെ ബാധിക്കാം. കൂർക്കംവലിക്കുമ്പോൾ ഒരാളുടെ ഓക്സിജൻ വിതരണം തടസ്സപ്പെടുന്നു. ഇത് രക്തസമ്മർദ്ദം കൂട്ടുകയും അസാധാരണയളവിൽ ഹൃദയമിടിപ്പ് കൂട്ടുകയും ചെയുന്നു. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിലേക്ക് ഇത് നയിക്കാം.” ഫോർട്ടിസ് ഹോസ്പിറ്റലിലെ കാർഡിയോളോജിസ്റ്റും ഡയറക്ടറുമായ ഡോ കേശവ പറയുന്നു.

“വേണ്ടത്ര വെള്ളം കുടിക്കാതിരിക്കുന്നതും ഭക്ഷണം ഒഴിവാക്കുന്നതും പോലെതന്നെ അനാരോഗ്യകരമായ ശീലമാണ് യുവാക്കൾക്കിടയിൽ കണ്ടുവരുന്ന ക്രമം തെറ്റിയ ഉറക്കശീലമെന്ന് ഡോ. ശർമ്മ പറയുന്നു. “രാത്രികളിൽ ഉറക്കമിളച്ച് സ്‌ക്രീനിൽ നോക്കിയിരുക്കുന്ന കൗമാരക്കാർ അവരുടെ ഉറക്കത്തിന്റെ ക്രമം ഇല്ലാതാക്കുന്നു. ഈ ഉറക്കക്കുറവ് അവരുടെ കായികമായി പ്രവർത്തിക്കാനുള്ള പ്രേരണയെ ഇല്ലാതാക്കി ദീർഘകാലാടിസ്ഥാനത്തിൽ ഹൃദയാരോഗ്യം മോശമാക്കും.” “അനാരോഗ്യകരമായ ഭക്ഷണമാണ് ഹൃദയത്തെ സാരമായി ബാധിക്കുന്ന മറ്റൊരു കാരണം,” ഡോക്ടർ ശർമ്മ കൂട്ടിച്ചേർത്തു.
കൂടാതെ ശീതകാല മാസങ്ങളിൽ അതിരാവിലെയുള്ള സമയങ്ങളിൽ പലർക്കും ഹൃദയാഘാതം അനുഭവിക്കുന്ന പ്രതിഭാസം കണ്ടുവരുന്നുണ്ട്. “അർദ്ധരാത്രിയിലും അതിരാവിലെയും നാം ഗാഢനിദ്രയിലായിരിക്കുമ്പോഴാണ് ഹൈപ്പർടെൻഷൻ അതിന്റെ കൊടുമുടിയിൽ എത്തുന്നത്. ഉറങ്ങാൻ കഴിയാത്ത ഒരു വ്യക്തി അമിതമായ ഉത്കണ്ഠയും സമ്മർദ്ദവും അനുഭവിക്കുന്നു, അല്ലെങ്കിൽ ചില മാനസിക പ്രശ്‌നങ്ങൾ നേരിടുന്നു. ഇവയെല്ലാം ഹൃദ്രോഗ സാധ്യതയെയും ഹൃദയാഘാത സാധ്യതയെയും പരോക്ഷമായി സ്വാധീനിക്കുന്നുണ്ട്,” ഡോ കുൽക്കർണി വിശദീകരിച്ചു.
ഉറക്കവും ഹൃദയസംബന്ധമായ പ്രശ്നങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ തന്നെ, ഹൃദയസംബന്ധമായ അസുഖങ്ങളും ചിലപ്പോൾ ഉറക്കക്കുറവിനു കാരണമാവാം എന്നാണ് വിദഗ്ധർ പറയുന്നത്. “ഒരു വ്യക്തി ഉറങ്ങുമ്പോൾ, കാലിൽ നിന്ന് ഹൃദയത്തിലേക്ക് ദ്രാവകമാറ്റമുണ്ടാകുന്നു. ഈ അധിക ദ്രാവകത്തെ നേരിടാൻ ഹൃദയത്തിന് കഴിയുന്നില്ലെങ്കിൽ ഇത് ശ്വാസകോശത്തിൽ ദ്രാവകങ്ങൾ തിങ്ങിയിരിക്കാൻ കാരണമാവും. ഈ സാഹചര്യത്തിൽ രോഗിക്ക് ശ്വാസതടസ്സം ഉണ്ടാകാം. ഈ അവസ്ഥയെ ഓർത്തോപ്നിയ എന്ന് വിളിക്കുന്നു,” ഡോ കേശവ പറയുന്നു.
“ഓർത്തോപ്നിയ ഉള്ളവർ, 4 മുതൽ 5 വരെ തലയിണകളുടെ പിന്തുണയോടെ 45 ഡിഗ്രി വരെ ചരിഞ്ഞ് ഉറങ്ങാറുണ്ട്. ആ രീതിയിൽ ഉറങ്ങുമ്പോൾ ഹൃദയത്തിന്റെ പമ്പിങ്ങ് കുറയുകയും കാലുകളിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും അടങ്ങിയിരിക്കുന്ന എല്ലാ ദ്രാവകങ്ങളും കേന്ദ്ര സിസ്റ്റത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നു. എന്നാൽ ഹൃദയത്തിന് അത് കൈകാര്യം ചെയ്യാൻ കഴിയാതെ വരികയും ചെയ്യും. അത് ശ്വാസകോശത്തിലേക്ക് തിരികെ പോകുകയും ചെയുന്നു.” ഡോ കുൽക്കർണി കൂട്ടിച്ചേർത്തു.
“മറ്റൊരു അവസ്ഥ, ഒരാൾ ഉറങ്ങാൻ പോകുമ്പോൾ, അയാൾക്ക് ഉറങ്ങാൻ കഴിയാതെ വരികയും ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ചെയ്യുന്നു എന്നതാണ്. ഇതിനെ പാരോക്സിസ്മൽ നോക്റ്റേണൽ ഡിസ്പ്നിയ (പി എൻ ഡി) എന്ന് വിളിക്കുന്നു. ഇവ രണ്ടും ഹൃദയസ്തംഭനത്തിന്റെ കാരണങ്ങളാണ്, ” ഡോ കേശവ വിശദീകരിച്ചു.

എല്ലാ ദിവസവും കുറഞ്ഞത് 7 മുതൽ 9 മണിക്കൂർ വരെ ഉറങ്ങണം എന്ന് നിർദ്ദേശിക്കുന്ന ഡോ രാജേഷ്, ശാന്തമായ ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ചില നുറുങ്ങുകളും പങ്കുവെക്കുന്നു.
- കൃത്യമായ ഒരു ഉറക്കക്രമം ഉണ്ടാക്കുക. അത് പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തുക. ഉറങ്ങാനും എഴുനേൽക്കാനും ഒരേ സമയക്രമം തന്നെ പാലിക്കുക
- ദിവസവും വ്യായാമം ചെയ്യുക.
- ഉറങ്ങുന്നതിന് തൊട്ടുമുമ്പ് കനത്ത ഭക്ഷണം ഒഴിവാക്കുക.
- ഉറങ്ങാൻ പോവുന്നതിനു മുൻപ് കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കരുത്. കാപ്പി കുടിക്കുന്നുവെങ്കിൽ ബെഡ് ടൈമിന് 4-5 മണിക്കൂർ മുൻപെ വേണം.
- ഉറങ്ങുന്നതിന് മുമ്പ് ഫോൺ, കമ്പ്യൂട്ടർ, ടിവി പോലുള്ള ഇലക്ട്രോണിക് ഡിസ്പ്ലേയുള്ള ഉപകരണങ്ങൾ പരമാവധി ഒഴിവാക്കുക.
- സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുക. ദിവസവും അൽപ്പസമയം മെഡിറ്റേഷൻ ചെയ്യുന്നത് വളരെ സഹായകരമാണ്.
- തടസ്സമില്ലാത്ത ശാന്തമായ ഉറക്കം ലഭിക്കാൻ നിങ്ങളുടെ കിടപ്പുമുറിയുടെ രൂപവും നിറവും മാറ്റുന്നത് പോലും നല്ലതാണ്.
- നിങ്ങൾക്ക് സ്ലീപ് അപ്നിയയുടെ എന്തെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ സമീപിക്കുക. ഇത് തീർച്ചയായും ചികിത്സിക്കാവുന്നതാണ്.