ഇന്ത്യൻ വിഭവങ്ങളിൽ ചേർക്കുന്ന പ്രധാന ചേരുവകളിലൊന്നാണ് ജീരകം. ഇതിന് ചില ഔഷധഗുണങ്ങളുമുണ്ട്. ദഹനം മെച്ചപ്പെടുത്താനും, രോഗപ്രതിരോധശേഷി വർധിപ്പിക്കാനും, വീക്കം തടയാനും ജീരകം സഹായിക്കും. ജീരക വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് നിലനിർത്താനും ജീരകത്തിന് കഴിയും.
ജീരകത്തിന്റെ ആരോഗ്യ ഗുണങ്ങൾ
- ദഹനത്തെ സഹായിക്കും
ജീരകം മികച്ച ദഹനസഹായിയാണ്. അവ വയർവീർക്കലും ഗ്യാസും കുറയ്ക്കുന്നു. പിത്തരസം ആസിഡുകൾ ഉത്പാദിപ്പിക്കാൻ കരളിനെ ഉത്തേജിപ്പിക്കാൻ ജീരകത്തിന് കഴിയും. കൊഴുപ്പ് ദഹിപ്പിക്കുന്നതിനും ആഗിരണം ചെയ്യുന്നതിനും പിത്തരസം ആസിഡുകൾ സഹായിക്കുന്നു. മലബന്ധ പ്രശ്നമുള്ള ആളുകളിൽ വേദന കുറയ്ക്കാൻ ജീരകം സഹായിക്കും.
- ശരീര ഭാരം കുറയ്ക്കുന്നു
അമിതവണ്ണം ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യായാമവും അനുയോജ്യമായ ഭക്ഷണക്രമവും ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയെ ത്വരിതപ്പെടുത്തിയേക്കാം. എന്നാൽ, ശരീരഭാരം കുറയ്ക്കാനുള്ള ഒരു പരമ്പരാഗത പ്രതിവിധിയാണ് ജീരകം.
- കൊളസ്ട്രോൾ അളവ് നിയന്ത്രിക്കുന്നു
ഉണങ്ങിയ ജീരക വിത്തുകളിൽ ആന്റിഓക്സിഡന്റ് ശേഷിയുള്ള ഫ്ലേവനോയ്ഡുകൾ ഉണ്ട്. അവ ലിപിഡ് പെറോക്സിഡേഷനെ തടയുന്നു, ഇത് ഓക്സിഡൈസ്ഡ് ലോ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (ഓക്സ്-എൽഡിഎൽ) അളവ് കുറയുന്നതിന് കാരണമാകുന്നു. ഓക്സ്-എൽഡിഎൽ ആത്രോസ്ക്ലെറോസിസ്, കൊറോണറി ഹൃദ്രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജീരകത്തിൽ ക്യൂമിനാൽഡിഹൈഡും ഫ്ലേവനോയ്ഡുകളും അടങ്ങിയിട്ടുണ്ട്, ഇത് ഓക്സ്-എൽഡിഎല്ലിന്റെ അളവ് കുറയ്ക്കുന്നു.
- പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്നു
എലിയിൽ നടത്തിയ പഠനങ്ങൾ ജീരകത്തിന്റെ ആൻറി ഡയബറ്റിക് സ്വാധീനം തെളിയിക്കുന്നു. ജീരകത്തിലെ ഫ്ലേവനോയിഡുകൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുന്നു. ടൈപ്പ് II പ്രമേഹമുള്ളവരിൽ ജീരകം ഫാസ്റ്റിങ് ബ്ലഡ് ഷുഗർ, സെറം ഇൻസുലിൻ അളവ് കുറയ്ക്കും.
ജീരക വെള്ളം കുടിക്കുന്നത് ആരോഗ്യ ഗുണങ്ങൾ നൽകുമെന്ന് പരമ്പരാഗതമായി വിശ്വസിക്കപ്പെടുന്നു. ശരീര ഭാരം കുറയ്ക്കാനും, രോഗപ്രതിരോധശേഷി ശക്തിപ്പെടുത്താനും, കുടൽ വൃത്തിയാക്കാനും ജീരക വെള്ളം സഹായിക്കും.
എല്ലാ ദിവസവും ജീരക വെള്ളം കുടിക്കാമോ?
മിതമായ അളവിൽ എല്ലാ ദിവസവും ജീരക വെള്ളം കുടിക്കാം. അമിതമായി കുടിക്കുന്നത് കുറഞ്ഞ രക്തസമ്മർദ്ദം, ആർത്തവസമയത്ത് കൂടുതൽ രക്തസ്രാവം, നെഞ്ചെരിച്ചിൽ തുടങ്ങിയ ചില പാർശ്വഫലങ്ങൾക്ക് കാരണമാകും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.