ജോലി തിരക്കുകൾ കാരണം പകൽ സമയത്ത് വ്യായാമം ചെയ്യുന്നത് ചിലപ്പോൾ നടന്നെന്ന് വരില്ല. അത് ചിലപ്പോൾ വൈകുന്നേരത്തേക്കോ രാത്രിയിലേക്കോ മാറ്റേണ്ടി വരുന്നു. വൈകുന്നേരങ്ങളിൽ വ്യായാമം ചെയ്യുന്നത് ഉറക്കം കെടുത്തുമോ എന്നുള്ള ചോദ്യം പലപ്പോഴും കേൾക്കാറുണ്ട്.
രാത്രിയിലെ വ്യായാമം ചെയ്യുന്നത് ഉറക്കത്തെ ബാധിക്കുന്നില്ലെന്ന്, കാർഡിയോളജിസ്റ്റും എയിംസിലെ മുൻ കൺസൾട്ടന്റും എസ്എഎഒഎൽ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപകനുമായ ഡോ. ബിമൽ ചാജർ വിശദീകരിക്കുന്നു.
രാത്രിയിലെ വ്യായാമം ഉറക്കത്തെ ബാധിക്കുന്നില്ലെന്ന് പല ഗവേഷണങ്ങളിലും പറയുന്നു. വാസ്തവത്തിൽ അത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും സാധ്യതയുണ്ട്. സ്ട്രെച്ചിങ് ദിനചര്യകളും യോഗയും പോലുള്ള ലളിതമായ വ്യായാമങ്ങൾ ചെയ്യാൻ കഴിയും. എന്നാൽ തീവ്രമായ വ്യായാമങ്ങൾ നിങ്ങളെ ക്ഷീണിപ്പിക്കുകയും കൂടുതൽ സമയം ഉണർന്നിരിക്കുന്നതിനാ കാരണമാകുകയും ചെയ്യുന്നു.
ഹാർവാർഡ് ഹെൽത്ത് പബ്ലിഷിംഗ് പറയുന്നതനുസരിച്ച്, “വൈകുന്നേരം വ്യായമം ചെയ്ത ആളുകളിൽ അത് ഉറക്കത്തെ ബാധിച്ചില്ലെന്നും മാത്രമല്ല ഗാഢനിദ്രയിലാക്കുന്നതായും വിലയിരുത്തുന്ന 23 പഠനങ്ങൾ ഗവേഷകർ പരിശോധിച്ചു. എന്നിരുന്നാലും, ഉയർന്ന തീവ്രതയുള്ള വ്യായാമം ചെയ്യുന്നവർ ഉറങ്ങുന്നതിന് കൂടുതൽ സമയമെടുക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം കുറയുകയും ചെയ്തു.”
രാത്രിയിൽ വ്യായാമം ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്താണ്?
മെച്ചപ്പെട്ട മസിലുകൾ : പ്രഭാതത്തെ അപേക്ഷിച്ച് ദിവസത്തിന്റെ അവസാന പകുതിയിൽ അതായത് വൈകുന്നേരങ്ങളിലും രാത്രിയിലുമുള്ള വ്യായമങ്ങൾ ആളുകളുടെ ആരോഗ്യത്തിൽ പ്രതിഫലിക്കുന്നതായി പല ഗവേഷണങ്ങളിലും തെളിഞ്ഞിട്ടുണ്ട്. ദിവസം കഴിയുന്തോറും പേശികളുടെ ശക്തിയും വർധിക്കുന്നു.
മാത്രമല്ല, വൈകുന്നേരങ്ങളിൽ ക്ഷീണിതരാകാൻ ആളുകൾക്ക് കുറഞ്ഞത് 20 ശതമാനം കൂടുതൽ സമയമെടുക്കും. പേശികളുടെ നിർമ്മിക്കുന്നതിന് ശരീരത്തിന് ടെസ്റ്റോസ്റ്റിറോൺ ആവശ്യമാണ്, വൈകുന്നേരമാണ് അത് കൂടുതൽ ഉത്പാദിപ്പിക്കുന്ന സമയം.
പിരിമുറുക്കം ഒഴിവാക്കുന്നു: സമ്മർദ്ദം ഒഴിവാക്കാനുള്ള ഏറ്റവും നല്ലതും ചെലവുകുറഞ്ഞതുമായ മാർഗമാണ് വ്യായാമം. രാത്രിയിൽ ഇവ ചെയ്യുന്നതോടെ ദിവസം മുഴുവൻ ഉണ്ടായ സമർദം ഇല്ലാതാക്കാൻ സാധിക്കുന്നു. വ്യായാമ വേളയിലും അതിനുശേഷവും ശരീരം എൻഡോർഫിനുകൾ പുറത്തുവിടുന്നു. ഇത് ആനന്ദകരമായ ഉറക്കം നൽകും.
ജീവിതശൈലികൾ മാറ്റാൻ സഹായിക്കുന്നു: അർത്ഥശൂന്യമായ ശീലങ്ങളായ പുകവലി, മദ്യപാനം, ടിവി സ്‌ക്രീനുകളിൽ സമയം ചെലവഴിക്കുക, ഉദാസീനമായ വിനോദങ്ങൾ എന്നിവ ദീർഘകാലാടിസ്ഥാനത്തിൽ ആരോഗ്യപരമായ നിരവധി സങ്കീർണതകൾക്ക് കാരണമാകും. രാത്രിസമയത്തുള്ള വ്യായാമം ചെയ്യുന്നത് ഇവ ഒഴിവാക്കാനുള്ള ഒരു വഴിയാണ്.
ഭാവിയിലെ ഹൃദയസംബന്ധമായ പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാം: ഉറക്കമില്ലായ്മ ഭാവിയിൽ ഹൃദയാഘാതത്തിന് സാധ്യതയുള്ള ഒരു അപകട ഘടകമാണ്. സമ്മർദ്ദവും ഉത്കണ്ഠയും ട്രിഗറുകൾ ആണെങ്കിലും, വൈകുന്നേരം വ്യായാമം ചെയ്യുന്നത് ശരീരത്തെ എൻഡോർഫിനുകൾ പുറത്തുവിടാൻ സഹായിക്കുന്നു. അത് ക്ഷേമത്തിന്റെയും സന്തോഷത്തിന്റെയും വികാരം പ്രോത്സാഹിപ്പിക്കുകയും കോർട്ടിസോളിന്റെ അളവ് കുറയുകയും വേഗത്തിൽ ഉറങ്ങാൻ സഹായിക്കുകയും ചെയ്യുന്നു.
സർക്കാഡിയൻ റിഥം കൃത്യമാകുന്നു: ഉറക്കസമയത്തിന് മുൻപുള്ള കഫീൻ ഉപഭോഗം, മദ്യം, ലഘുഭക്ഷണം എന്നിവ പോലുള്ള ജീവിതശൈലി ശീലങ്ങൾ ശരീരത്തിന്റെ സർക്കാഡിയൻ റിഥം തെറ്റിക്കുന്നു. വ്യായാമം ബോഡി ക്ലോക്ക് ക്രമീകരിക്കാനും ശരീരത്തിന് ആവശ്യമായ നല്ല ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നു.