/indian-express-malayalam/media/media_files/2024/11/27/1amZht3kb65UxzvkUFAb.jpg)
Source: Freepik
തിരക്കേറിയ ജീവിതത്തിൽ ഭക്ഷണം കൃത്യസമയത്ത് കഴിക്കുന്നവർ വിരളമാണ്. ക്രമം തെറ്റിയുള്ള ഭക്ഷണക്രമം ആരോഗ്യത്തിന് നല്ലതല്ല. അതുപോലെ തന്നെ ദിവസത്തിലെ അവസാനത്തെ ഭക്ഷണ സമയവും ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നുണ്ട്. രാത്രി വൈകി ഭക്ഷണം കഴിക്കുന്നത്, പ്രത്യേകിച്ച് വൈകുന്നേരം 5 മണിക്ക് ശേഷം, ഉപാപചയ പ്രവർത്തനത്തെയും ഹൃദയാരോഗ്യത്തെയും ബാധിക്കും. എന്ത് കഴിക്കുന്നുവെന്നത് മാത്രമല്ല, എപ്പോൾ കഴിക്കുന്നുവെന്നതും പ്രധാനമാണ്. ഈ ജീവിതശൈലി ശീലം പൊണ്ണത്തടി, ഹൃദയസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് കാരണമായേക്കാം.
ഭക്ഷണ സമയം ആരോഗ്യത്തെ ബാധിക്കുന്നത് എങ്ങനെ?
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് സർക്കാഡിയൻ താളത്തെ തടസപ്പെടുത്തുന്നു. ഇത് ദഹനപ്രക്രിയയെ ബാധിക്കുന്നു. പകൽ സമയത്ത് ഉയർന്ന കലോറി അല്ലെങ്കിൽ കൊഴുപ്പ് കൂടിയ ഭക്ഷണം കഴിക്കുന്നത് ഉപാപചയ പ്രവർത്തനങ്ങളെ ബാധിക്കുകയും വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നുവെന്ന് പഠനങ്ങൾ കാണിക്കുന്നു. വൈകുന്നേരം 5 മണിക്ക് ശേഷം ഭക്ഷണം കഴിക്കുന്നത് ഉപാപയപ്രവർത്തനത്തെയും ഹൃദയാരോഗ്യത്തെയും എങ്ങനെ ദോഷകരമായി ബാധിക്കുമെന്ന് നോക്കാം.
1. മന്ദഗതിയിലുള്ള ഉപാപയപ്രവർത്തനം
വൈകുന്നേരങ്ങളിൽ ഉപാപചയ പ്രവർത്തനങ്ങൾ സ്വാഭാവികമായും മന്ദഗതിയിലാകും. ഭക്ഷണം വൈകി കഴിക്കുമ്പോൾ അത് ഊർജത്തിനായി ഉപയോഗിക്കാനുള്ള സാധ്യത കുറവാണ്, കൊഴുപ്പായി സംഭരിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. ഇത് അമിതവണ്ണത്തിനും മെറ്റബോളിക് സിൻഡ്രോമിനുമുള്ള സാധ്യത വർധിപ്പിക്കുന്നു.
2. മോശം ഗ്ലൂക്കോസ് നിയന്ത്രണം
വൈകുന്നേരം 5 മണിക്ക് ശേഷം പഞ്ചസാരയോ ഉയർന്ന കാർബോഹൈഡ്രേറ്റുകളോ ഉള്ള ഭക്ഷണങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കും. ഇത് പ്രമേഹത്തിനും ഹൃദ്രോഗ സാധ്യതയ്ക്കുമുള്ള ഒരു പ്രധാന ഘടകമാണ്.
3. കൊഴുപ്പ് സംഭരണം
രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് കൊഴുപ്പുകളുടെ സംഭരണത്തിന് കാരണമാകുന്നു. പ്രത്യേകിച്ച്, വറുത്ത ഭക്ഷണമോ മധുരപലഹാരങ്ങളോ പോലുള്ള ഉയർന്ന കൊഴുപ്പുള്ള ലഘുഭക്ഷണം കഴിക്കുമ്പോൾ. ഇത് ശരീരഭാരം വർധിക്കുന്നതിനും ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും കാരണമാകുന്നു. ഇത് ഹൃദയസംബന്ധമായ അപകടസാധ്യതകൾ വർധിപ്പിക്കുന്നു.
4. ഉയർന്ന രക്തസമ്മർദം
ഉപ്പ് കലർന്നതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ വൈകുന്നേരം 5 മണിക്ക് ശേഷം കഴിക്കുന്നത് രക്തസമ്മർദം വർധിപ്പിക്കുന്നതിന് കാരണമാകും. വിട്ടുമാറാത്ത രക്തസമ്മർദമാണ് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള പ്രധാന കാരണം.
5. മോശം ഉറക്കവും ഹോർമോൺ തകരാറും
മോശം ഉറക്കവും ഹോർമോൺ തകരാറുകളും വിശപ്പ് നിയന്ത്രണത്തെ ബാധിക്കുന്നു, ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിന് കാരണമാകുന്നു.
ആരോഗ്യത്തെ ബാധിക്കുന്ന രാത്രിയിലെ ഭക്ഷണങ്ങൾ
- കേക്കുകൾ, മിഠായികൾ, മധുരമുള്ള പാനീയങ്ങൾ എന്നിവ പോലുള്ളവ ഗ്ലൂക്കോസിന്റെ അളവ് വർദ്ധിപ്പിക്കുകയും ഉപാപചയ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
- ട്രാൻസ് ഫാറ്റ് കൂടുതലുള്ള വറുത്ത ഭക്ഷണങ്ങൾ ഹൃദ്രോഗത്തിനും കൊളസ്ട്രോളിനും കാരണമാകുന്നു.
- അമിതമായ ഉപ്പും അനാരോഗ്യകരമായ കൊഴുപ്പും അടങ്ങിയ സംസ്കരിച്ച ഭക്ഷണങ്ങൾ രക്തസമ്മർദവും ഹൃദയസംബന്ധമായ അപകടങ്ങളും വർധിപ്പിക്കുന്നു.
- മദ്യം രാത്രി വൈകി കഴിക്കുന്നത് ഉപാപചയപ്രവർത്തനത്തെ മന്ദഗതിയിലാക്കുകയും കരളിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
- കഫീൻ അടങ്ങിയ പാനീയങ്ങൾ ഉറക്കത്തെ ബാധിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us