/indian-express-malayalam/media/media_files/2025/11/12/jeera-water-2025-11-12-11-55-20.jpg)
Source: Freepik
നമ്മുടെ അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ ജീരകം. ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല, ആരോഗ്യ കാര്യത്തിലും ജീരകം മുന്നിലാണ്. സാധാരണയായി ഭക്ഷണത്തിന് ശേഷം വായ് ശുദ്ധമാക്കാനും ദഹനത്തിനുമായാണ് പലരും ജീരകം ചവച്ചരച്ച് കഴിക്കാറുള്ളത്. എന്നാൽ, രാത്രി ഭക്ഷണത്തിന് ശേഷം ഒരു പിടി ജീരകം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്.
ഭക്ഷണത്തെ ഊർജമാക്കി മാറ്റാൻ ശരീരത്തെ സഹായിക്കുന്ന പോഷകങ്ങൾ ജീരകത്തിൽ അടങ്ങിയിട്ടുണ്ട് എന്നതിനാൽ ഒരു പരിധിവരെ ഇത് ശരിയാണ്. എന്നാൽ, രാത്രി ഭക്ഷണത്തിന് ശേഷം ജീരകം മാത്രം കഴിക്കുന്നത് കൊണ്ട് മാത്രം ശരീരഭാരം കുറയുമെന്ന് കരുതരുത്; അതിന് അതിന്റേതായ പരിമിതികളുണ്ട്. ഫലപ്രദമായ രീതിയിൽ ഭാരം കുറയ്ക്കുന്നതിന് ജീവിതശൈലിയിൽ മൊത്തത്തിലുള്ള മാറ്റങ്ങൾ ആവശ്യമാണ്.
ബയോളജി ഇൻസൈറ്റ്സ് (2026) പ്രകാരം, ജീരകവെള്ളം കുടിക്കുന്നത് ശരീരഭാരവും ബോഡി മാസ് ഇൻഡക്സും കുറയ്ക്കുന്നതുൾപ്പെടെയുള്ള ശാരീരിക മാറ്റങ്ങളുമായി നല്ല രീതിയിൽ ബന്ധപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. ജീരകവെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചാണ് ഈ പഠനങ്ങൾ പറയുന്നതെങ്കിലും, ഒരു കൈപ്പിടി ജീരകം കഴിക്കുന്നതും ആളുകൾക്ക് ഗുണകരമാകും.
Also Read: രാത്രി 11 മണിക്ക് പെട്ടെന്ന് ഉന്മേഷം തോന്നുന്നുണ്ടോ? ഇതാണ് രഹസ്യം
ഫ്രോണ്ടിയേഴ്സ് ഇൻ ന്യൂട്രീഷ്യൻ 2025 ൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം, ഒരുപിടി ജീരകം കഴിക്കുന്നത് ശരീരഭാരം, ബോഡി മാസ് ഇൻഡക്സ്, അരക്കെട്ടിന്റെ അളവ് എന്നിവ കുറയ്ക്കുന്നതിനും ലിപിഡ്, ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. ജീരകത്തിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകൾ, ഇരുമ്പ്, നാരുകൾ എന്നിവ ദഹനപ്രക്രിയയെ സുഗമമാക്കുന്നു. ദഹനം മെച്ചപ്പെടുമ്പോൾ ശരീരത്തിന് പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള ശേഷി വർധിക്കുകയും, ഇത് ശരീരത്തിലെ കൊഴുപ്പും രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു.
Also Read: പാലും പഴങ്ങളും ഒന്നിച്ച് കഴിക്കാമോ? സത്യാവസ്ഥ വെളിപ്പെടുത്തി ഫിറ്റ്‌നസ് കോച്ച്
ജീരകത്തിന് എങ്ങനെയാണ് ശരീരഭാരം കുറയ്ക്കാൻ സാധിക്കുന്നത്?
1. ദഹനം സുഗമമാക്കുന്നു: ജീരകം കഴിക്കുന്നത് ശരീരത്തിലെ ദഹന എൻസൈമുകളെ ഉത്തേജിപ്പിക്കുന്നു. ഇത് ആഹാരം വേഗത്തിൽ ദഹിക്കാൻ സഹായിക്കും. വയർ വീർക്കുന്ന അവസ്ഥ, ഭക്ഷണത്തിന് ശേഷമുള്ള അസ്വസ്ഥത എന്നിവ കുറയ്ക്കാനും ജീരകം ഉത്തമമാണ്.
2. ഉപാപചയ പ്രവർത്തനം വർധിപ്പിക്കുന്നു: ജീരകത്തിൽ അടങ്ങിയിരിക്കുന്ന ചില സംയുക്തങ്ങൾ ശരീരത്തിലെ കൊഴുപ്പ് വേഗത്തിൽ എരിച്ചുകളയാൻ സഹായിക്കുന്നു. പ്രത്യേകിച്ച് വയറിന് ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ ഇത് ഫലപ്രദമാണെന്ന് പറയപ്പെടുന്നു.
3. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: ഭക്ഷണത്തിന് ശേഷം രക്തത്തിലെ ഇൻസുലിൻ അളവിൽ പെട്ടെന്നുണ്ടാകുന്ന വർധനവ് തടയാൻ ജീരകത്തിന് സാധിക്കും. ഇൻസുലിൻ അളവ് നിയന്ത്രിക്കപ്പെടുന്നത് ശരീരത്തിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാൻ സഹായിക്കും.
4. അമിത വിശപ്പ് കുറയ്ക്കുന്നു: രാത്രി ഭക്ഷണത്തിന് ശേഷം ജീരകം കഴിക്കുന്നത് വയർ നിറഞ്ഞ സംതൃപ്തി നൽകുന്നു. ഇത് അനാവശ്യമായ കൊതിയോ അർധരാത്രിയിലുള്ള ഭക്ഷണശീലമോ ഒഴിവാക്കാൻ സഹായിക്കും.
/filters:format(webp)/indian-express-malayalam/media/media_files/2025/03/21/p4kJ5m4xLZYkDUjwNrmR.jpg)
Also Read: മൂത്രത്തിന് രൂക്ഷഗന്ധമുണ്ടോ? അത് ശരീരം നൽകുന്ന ഈ മുന്നറിയിപ്പുകളാകാം
എങ്ങനെ കഴിക്കണം?
അല്പം വറുത്ത ജീരകം രാത്രി ഭക്ഷണത്തിന് ശേഷം ചവച്ചരച്ച് കഴിക്കാം. ജീരകം വെള്ളത്തിലിട്ട് തിളപ്പിച്ചോ അല്ലെങ്കിൽ രാത്രി മുഴുവൻ കുതിർത്തുവെച്ചോ ആ വെള്ളം ഭക്ഷണത്തിന് ശേഷം കുടിക്കാവുന്നതാണ്.
ജീരകം കഴിക്കുന്നത് കൊണ്ടുമാത്രം ശരീരഭാരം കുറയുകയില്ല. ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും ഇതിനൊപ്പം അനിവാര്യമാണ്. കൂടാതെ, പ്രമേഹത്തിനോ രക്തസമ്മർദത്തിനോ മരുന്ന് കഴിക്കുന്നവരും ഗർഭിണികളും സ്ഥിരമായി ജീരകം ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിരിക്കും.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: ജിമ്മിൽ പോകാതെ 18 കിലോ കുറച്ച് ആമിർ ഖാൻ; 'മാജിക്' കാട്ടിയത് ആഹാരക്രമത്തിലെ ഈ മാറ്റം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us