scorecardresearch

ദിവസവും നാല് കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് പ്രമേഹ സാധ്യത കുറയ്ക്കുമോ?

നാല് കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ഒരു വ്യക്തിയുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അതിന്റെ ഫലമായി ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നു

green tea, health, ie malayalam

ലോകമെമ്പാടുമുള്ള നിരവധി ആളുകൾക്ക് ചായ ഒരു പ്രധാന പാനീയമാണ്. ചായ കുടിക്കുന്നത് പ്രഭാതത്തിൽ ഉത്തേജനം നൽകുമെന്നും ദിവസം മുഴുവൻ ഊർജസ്വലതയും ഉന്മേഷവും നിലനിർത്തുമെന്നും വിശ്വസിക്കപ്പെടുന്നു. എന്നാൽ, ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും ചായ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ?. എട്ട് രാജ്യങ്ങളിൽ നിന്നുള്ള 1 ദശലക്ഷത്തിലധികം ആളുകളിൽ നടത്തിയ ഗവേഷണത്തിൽ ബ്ലാക്ക്, ഗ്രീൻ ടീയുടെ ഉപഭോഗം ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് കണ്ടെത്തി.

യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഓഫ് ഡയബറ്റിസ് (ഇഎഎസ്ഡി) വാർഷിക യോഗത്തിൽ ഈ പഠനം അവതരിപ്പിച്ചു. പ്രതിദിനം നാല് കപ്പ് ചായ കുടിക്കുന്നവർക്ക് ശരാശരി 10 വർഷത്തിനിടയിൽ ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 17 കുറവാണെന്ന് പഠനം പറയുന്നു. ”പഠന ഫലങ്ങൾ ഞങ്ങൾക്ക് ആവേശം പകരുന്നതാണ്. ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതിന് ആളുകൾക്ക് ദിവസം നാല് കപ്പ് ചായ കുടിക്കുന്നത് പോലെ ലളിതമായ എന്തെങ്കിലും ചെയ്യാൻ കഴിയും,” ചൈനയിലെ വുഹാൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നിന്നുള്ള പ്രധാന എഴുത്തുകാരിയായ ചിയായിങ് ലി പറഞ്ഞു.

ചായയിൽ പാൽ ചേർക്കുമ്പോൾ അതിന്റെ സംരക്ഷണ ഫലം വർധിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു. പാൽ ചേർത്തുള്ള ചായ കൂടുതൽ ഫലപ്രദമാകുമെന്ന് വിശ്വസിക്കുന്നു. ചായയിലെ പോളിഫെനോൾ പോലുള്ള പ്രത്യേക ഘടകങ്ങൾ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് ലി അഭിപ്രായപ്പെട്ടു.

നാല് കപ്പ് ഗ്രീൻ ടീ കുടിക്കുന്നത് ഒരു വ്യക്തിയുടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. അതിന്റെ ഫലമായി ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കുന്നുവെന്ന് ബെംഗളൂരുവിലെ അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോ.രവി ശങ്കർജി കേസരി പറഞ്ഞു. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ ചായയിൽ പഞ്ചസാര ചേർക്കരുത്. 16 വയസ്സിന് താഴെയുള്ള കുട്ടികൾ ചായ കുടിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് ഡോക്ടർ കേസരി ആവശ്യപ്പെട്ടു.

”മൈദ, വെള്ള അരി, പഞ്ചസാര എന്നിവയുടെ ഉപയോഗം ഒഴിവാക്കണം. പകരം, മില്ലറ്റ്, ഗോതമ്പ് ബ്രെഡ്, ഗോതമ്പ്, ബ്രൗൺ റൈസ് എന്നിവയിലേക്ക് മാറുക,” പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള മറ്റ് ഭക്ഷണരീതിയെക്കുറിച്ച് ഡോ.കേസരി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോട് പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Can drinking four cups of green tea a day lower risk of diabetes

Best of Express