ശരീര ഭാരം കുറയ്ക്കാനുള്ള യാത്രയിൽ ഡയറ്റിൽനിന്നും ചില ഭക്ഷണങ്ങൾ ഒഴിവാക്കുകയും മറ്റു ചില ഭക്ഷണങ്ങൾ ഉൾക്കൊള്ളിക്കുകയും ചെയ്യാറുണ്ട്. ഇവ ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുമെങ്കിലും മുടിയെ ദോഷകരമായി ബാധിച്ചേക്കാം. ഡയറ്റിങ് മുടി കൊഴിച്ചിലിന് ഇടയാക്കുമോ എന്നതിനെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റും യൂട്യൂബ് താരവുമായ മോഹിത മസ്കാരൻഹസ് ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്.
ഡയറ്റിങ് മുടി കൊഴിച്ചിലിന് കാരണമാകുന്നത് എന്തുകൊണ്ട്?
- പെട്ടെന്ന് ശരീരഭാരം കുറയ്ക്കാൻ മിക്ക ആളുകളും വളരെ കുറച്ച് കഴിക്കാൻ ശ്രമിക്കുന്നു.
- ഡയറ്റീഷ്യനോട് ചോദിക്കാതെ അരി, ഉരുളക്കിഴങ്ങ്, നെയ്യ്, വാഴപ്പഴം പോലുള്ള പഴങ്ങൾ എന്നിവയൊക്കെ മിക്ക ആളുകളും ഭക്ഷണത്തിൽനിന്ന് ഒഴിവാക്കുന്നു.
- പല ആളുകളും ഇന്റർമിറ്റന്റ് ഫാസ്റ്റിങ്, കീറ്റോ, ഡിറ്റോക്സ് മുതലായ ഫാഡ് ഡയറ്റുകളിലേക്കും ഇരയാകുന്നു. ഇതിലൂടെ ശരീരത്തിന് ആവശ്യമായ മാക്രോ, മൈക്രോ ന്യൂട്രിയന്റുകൾ ലഭിക്കാതെ വരികയും മുടി കൊഴിയുകയും ചെയ്യുന്നു.
ഭക്ഷണശീലങ്ങൾ മുടികൊഴിച്ചിലിന് കാരണമാകുമെന്ന് ദി എസ്തറ്റിക് ക്ലിനിക്കിലെ ഡെർമറ്റോളജിസ്റ്റ് ഡോ.റിങ്കി കപൂർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു. ”ഭക്ഷണക്രമവും മുടികൊഴിച്ചിലും തമ്മിൽ ബന്ധമുണ്ടെന്നതാണ് അതിനു കാരണം. കലോറി നിയന്ത്രണ ഭക്ഷണക്രമം പിന്തുടരുകയാണെങ്കിൽ പ്രോട്ടീൻ, ഫാറ്റി ആസിഡുകൾ, സിങ്ക് തുടങ്ങിയ അവശ്യ പോഷകങ്ങൾ ലഭിക്കാതെ വരും. ഈ പോഷകങ്ങളുടെ കുറവ് മുടി കൊഴിച്ചിലിന് കാരണമാകും,” അവർ പറഞ്ഞു.
മുടി കൊഴിച്ചിൽ ഇല്ലാതെ ശരീരഭാരം കുറയ്ക്കാൻ ചെയ്യേണ്ടത്?
- വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കരുത്.
- ആവശ്യമായ അളവിൽ പ്രോട്ടീൻ കഴിക്കുക.
- വിവിധതരം ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, പാലുൽപ്പന്നങ്ങൾ, സീസണൽ പഴങ്ങൾ, പരിപ്പ്, വിത്തുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.