മുന്തിരിക്ക് ഉയർന്ന പോഷക ഗുണമുണ്ട്. ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞ മുന്തിരിക്ക് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി-കാൻസർ ഗുണങ്ങൾ ഉള്ളതായി അറിയപ്പെടുന്നു. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും തലച്ചോറിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കുന്നു. നിങ്ങളുടെ ഭക്ഷണത്തിൽ ആരോഗ്യകരമായ ഒരു കൂട്ടിച്ചേർക്കലാണ് മുന്തിരിയെന്ന കാര്യത്തിൽ യാതൊരുവിധ സംശയവും വേണ്ട.
”കാൻസർ, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടമാണ് മുന്തിരി. അവയിൽ പോളിഫെനോൾ ധാരാളമുണ്ട്, അവയ്ക്ക് ആന്റി-ഇൻഫ്ലമേറ്ററി, കാൻസർ വിരുദ്ധ ഗുണങ്ങളും ഉണ്ട്,” ഹൈദരാബാദിലെ ഹൈടെക് സിറ്റിയിലെ കെയർ ഹോസ്പിറ്റൽസിലെ സീനിയർ ഡയറ്റീഷ്യനും ന്യൂട്രീഷനിസ്റ്റുമായ സമീന അൻസാരി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.
പ്രമേഹ രോഗികൾ മുന്തിരി കഴിക്കുന്നത് പൂർണ്ണമായും ഉപേക്ഷിക്കേണ്ടതില്ല. പക്ഷേ അവർ അവയുടെ അളവിൽ ശ്രദ്ധാലുവായിരിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി നിരീക്ഷിക്കുകയും വേണം. “സമീകൃതാഹാരത്തിന്റെ ഭാഗമായി പ്രമേഹ രോഗികൾക്ക് മിതമായ അളവിൽ മുന്തിരി കഴിക്കാം. പ്രമേഹമുള്ളവർ ഒരേസമയം 15 ഗ്രാമിൽ കൂടുതൽ കാർബോഹൈഡ്രേറ്റ് കഴിക്കരുതെന്ന് അമേരിക്കൻ ഡയബറ്റിസ് അസോസിയേഷൻ ശുപാർശ ചെയ്യുന്നു. ഇതൊരു പഴത്തിന്റെ ചെറിയ ഭാഗം അല്ലെങ്കിൽ അര കപ്പ് മുന്തിരിക്ക് തുല്യമാണ്,” അൻസാരി അഭിപ്രായപ്പെട്ടു.
മുന്തിരി കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- മുന്തിരി മിക്ക ആളുകൾക്കും ആരോഗ്യകരമായ ലഘുഭക്ഷണ ഓപ്ഷനാണ്. പക്ഷേ അവയിൽ പഞ്ചസാരയും കലോറിയും താരതമ്യേന ഉയർന്നതാണ്. അതിനാൽ, അവ മിതമായി കഴിക്കണം.
- ബ്ലഡ് തിന്നേഴ്സ് കഴിക്കുന്ന ആളുകൾ വലിയ അളവിൽ മുന്തിരിയോ മുന്തിരി ജ്യൂസോ കഴിക്കുന്നത് ഒഴിവാക്കണം, കാരണം അവ രക്തം കട്ടപിടിക്കുന്നതിന് തടസമാകാം.
- ചില ആളുകൾക്ക് മുന്തിരിയോട് അലർജിയുണ്ടാകാം, അതിനാൽ അവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുമ്പോൾ ജാഗ്രത വേണം.
മുന്തിരി സമീകൃതാഹാരത്തിന് ആരോഗ്യകരമായ ഒരു കൂട്ടിച്ചേർക്കലാണ്, പക്ഷേ അവ മിതമായി കഴിക്കണം, പ്രത്യേകിച്ച് പ്രമേഹമുള്ളവർ. പഴങ്ങളും പച്ചക്കറികളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന ഭക്ഷണക്രമം മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും പ്രധാനമാണെന്ന് അൻസാരി പറഞ്ഞു.