scorecardresearch
Latest News

പ്രമേഹം ലൈംഗിക ജീവിതത്തെ ബാധിക്കുമോ? വിദഗ്ധരുടെ മറുപടി

അമേരിക്കൻ ഡയബറ്റിസ് അസോസിയേഷന്റെ അഭിപ്രായത്തിൽ, പ്രമേഹരോഗികൾക്ക് ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്

പ്രമേഹം ലൈംഗിക ജീവിതത്തെ ബാധിക്കുമോ? വിദഗ്ധരുടെ മറുപടി

രക്തത്തിലെ ഗ്ലൂക്കോസ് അഥവാ രക്തത്തിലെ പഞ്ചസാര സാധാരണയേക്കാൾ കൂടുതലാകുമ്പോൾ ഉണ്ടാകുന്ന ഒരു ഉപാപചയ രോഗമാണ് പ്രമേഹം. ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ, വൃക്ക തകരാർ, പക്ഷാഘാതം തുടങ്ങിയ നിരവധി രോഗങ്ങൾക്കുള്ള സാധ്യത ഇത് വർധിപ്പിക്കും. പ്രമേഹം പുരുഷന്മാരുടെയും സ്ത്രീകളുടെയും ലൈംഗിക ജീവിതത്തെയും ബാധിക്കുമെന്ന് നിങ്ങൾക്കറിയാമോ?.

അമേരിക്കൻ ഡയബറ്റിസ് അസോസിയേഷന്റെ അഭിപ്രായത്തിൽ, പ്രമേഹരോഗികൾക്ക് ലൈംഗിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ”ഞരമ്പുകൾ, രക്തചംക്രമണം, ഹോർമോണുകൾ എന്നിവയെ ബാധിക്കുന്നതിനാൽ പ്രമേഹം ലൈംഗിക ജീവിതത്തെ പ്രതികൂലമായി ബാധിക്കും. കൂടാതെ, ഒരു വിട്ടുമാറാത്ത രോഗത്തെ നേരിടുന്നതിന്റെ സമ്മർദ്ദം ലൈംഗിക ജീവിതത്തെ ബാധിക്കും,” ന്യൂഡൽഹിയിലെ ഫോർട്ടിസ് സിഡിഒസി ഹോസ്പിറ്റലിലെ ഡയബറ്റിസ് ആൻഡ് എൻഡോക്രൈനോളജി ഡയറക്ടർ ഡോ.റിതേഷ് ഗുപ്ത പറഞ്ഞു.

പുരുഷന്മാരിലെ സ്വാധീനം

പ്രമേഹം പുരുഷന്മാരിൽ ഉദ്ധാരണക്കുറവിനും ലൈംഗികാസക്തി കുറയ്ക്കുന്നതിനും കാരണമാകുമെന്ന് വിദഗ്ധർ പറഞ്ഞു. ഉയർന്ന രക്തത്തിലെ പഞ്ചസാര നാഡികളെയും രക്തചംക്രമണത്തെയും ബാധിക്കുകയും ഉദ്ധാരണത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. കൂടാതെ, അനിയന്ത്രിതമായ പ്രമേഹത്തിൽ ടെസ്റ്റോസ്റ്റിറോൺ അളവ് കുറവായിരിക്കാം. ഇത് ഉദ്ധാരണക്കുറവിലേക്കും ലിബിഡോ കുറയുന്നതിലേക്കും നയിക്കുന്നു.

സ്ത്രീകളിലെ സ്വാധീനം

സ്ത്രീകളിലും പ്രമേഹം ലൈംഗികാസക്തി കുറയ്ക്കാൻ ഇടയാക്കും. പ്രമേഹമുള്ള സ്ത്രീകൾക്ക് ലൈംഗികാസക്തിയിൽ കുറവുണ്ടാകും. അനിയന്ത്രിതമായ പഞ്ചസാര ലൈംഗിക പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്ന ജനനേന്ദ്രിയ അണുബാധയ്ക്ക് കാരണമായേക്കാമെന്ന് ഡോ.ഗുപ്ത പറഞ്ഞു.

പ്രതിരോധവും ചികിത്സയും

ഇവ തടയുന്നതിന്, പഞ്ചസാരയുടെ അളവ് നിയന്ത്രണം, സമീകൃതാഹാരം, വ്യായാമം എന്നിവ വിദഗ്ധർ നിർദേശിച്ചു. ”പ്രമേഹവും ലൈംഗിക പ്രശ്നങ്ങളും ഉള്ള വ്യക്തികൾക്ക് ശരിയായ ആരോഗ്യ അവബോധം ആവശ്യമാണ്. ഈ പ്രശ്നങ്ങൾക്ക് ഫലപ്രദമായ ചികിത്സകൾ ലഭ്യമാണ്. കുറഞ്ഞ ഹോർമോണുള്ള പുരുഷന്മാർക്ക് ചിലപ്പോൾ ടെസ്റ്റോസ്റ്റിറോൺ മാറ്റിസ്ഥാപിക്കേണ്ടതുണ്ട്, എന്നിരുന്നാലും, വിദഗ്ധോപദേശത്തിന് ശേഷം മാത്രമേ ഇവ എടുക്കേണ്ടതുള്ളൂ,” അദ്ദേഹം പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Can diabetes affect your sex life expert answers