scorecardresearch
Latest News

പ്രമേഹരോഗികൾക്ക് രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ഈന്തപ്പഴം സഹായിക്കുമോ? എത്ര അളവ്, ഏത് ഇനം കഴിക്കാം

നിയന്ത്രിതമായ അളവിൽ വൈവിധ്യമാർന്ന ഈന്തപ്പഴം കഴിക്കുകയാണെങ്കിൽ, രക്തത്തിലെ പഞ്ചസാരയുടെ വർധനവിനെ അവ തടയുമെന്ന് ചില പഠനങ്ങൾ കാണിക്കുന്നു

dates, health, ie malayalam

ടൈപ്പ് 2 പ്രമേഹമുള്ളവർ ഈന്തപ്പഴം ഒഴിവാക്കണമെന്ന പൊതുധാരണയുണ്ട്. ഈന്തപ്പഴം കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസ്, കൊളസ്ട്രോൾ, ശരീരഭാരം അല്ലെങ്കിൽ രക്തസമ്മർദ്ദം എന്നിവയിൽ കാര്യമായ സ്വാധീനം ചെലുത്തില്ലെന്ന് ഗവേഷണ കണ്ടെത്തലുകളുടെ സമീപകാല അവലോകനം കാണിക്കുന്നു. നിയന്ത്രിതമായ അളവിൽ വൈവിധ്യമാർന്ന ഈന്തപ്പഴം കഴിക്കുകയാണെങ്കിൽ, രക്തത്തിലെ പഞ്ചസാരയുടെ വർധനവിനെ അവ തടയുമെന്ന് ചില പഠനങ്ങൾ കാണിക്കുന്നു.

”2009 ജനുവരിക്കും 2022 നവംബറിനും ഇടയിൽ ഇസ്രായേലിലും സൗദി അറേബ്യയിലും മറ്റ് രാജ്യങ്ങളിലും വിവിധ ഡാറ്റാബേസുകൾ ഉപയോഗിച്ച് പഠനങ്ങൾ നടത്തി. അങ്ങനെയാണ് എല്ലാ ഈന്തപ്പഴവും നല്ലതാണെന്ന ഒരു അനുമാനം ഉണ്ടാകില്ലെന്ന് ഞങ്ങൾ മനസ്സിലാക്കിയത്. ഈന്തപ്പഴം ശരീരത്തിന് ഗുണകരമാകണമെങ്കിൽ, പ്രമേഹരോഗിക്ക് 17 ഇനം ഈന്തപ്പഴങ്ങളിൽ ഏതാണ് പ്രവർത്തിക്കുന്നത്, അതിന്റെ കലോറി ലോഡും കഴിക്കാവുന്ന അളവും എത്രയെന്നൊക്കെ അറിയേണ്ടത് അത്യാവശ്യമാണ്,” ഡോ.മീനാക്ഷി ബജാജ് പറഞ്ഞു.

ഈന്തപ്പഴ ഇനങ്ങളുടെ ഗ്ലൈസെമിക് സൂചിക (ജിഐ) 42.8 മുതൽ 74.6 വരെയും, ഗ്ലൈസെമിക് ലോഡ് (ജിഎൽ) 8.5-24 നും ഇടയിലാണ്. പ്രധനമായും 4 ഇനം ഈന്തപ്പഴമാണുള്ളത്- കിമ്രി, ഖലാൽ, റുതാബ്, ടാമർ. ഇനങ്ങളെ സംബന്ധിച്ചിടത്തോളം, ഏറ്റവും കുറഞ്ഞ ജിഐയും ഗ്ലൈസെമിക് ലോഡും ഉള്ള ഷഖ്റ സൗദി അറേബ്യയിൽ ലഭ്യമാണ്. ”ഇന്ത്യയിൽ സാധാരണയായി കാണപ്പെടുന്ന മെഡ്‌ജൂളിന് ഇടത്തരം ഗ്ലൈസെമിക് ലോഡുണ്ട്. ഇപ്പോൾ ഇന്ത്യൻ വിപണികളിൽ ടാമർ വ്യാപകമായി ലഭ്യമാണ്,” ഡോ.ബജാജ് പറഞ്ഞു.

2022-ൽ സൗദി അറേബ്യയിൽ നടത്തിയ ഒരു പഠനത്തിൽ, ഒരു വർഷത്തേക്ക് റുതാബ്, ടാമർ എന്നിവ കഴിച്ചവർക്ക്, രക്തത്തിലെ പഞ്ചസാരയുടെയും HbA1c യുടെയും അളവ് കുറഞ്ഞതായി കാണിച്ചു. 2018ൽ പാക്കിസ്ഥാനിൽ നടത്തിയ ഡേറ്റ് വിനാഗിരിയെക്കുറിച്ചുള്ള മറ്റൊരു പഠനത്തിൽ എച്ച്ബിഎ1സി ലെവലിൽ പുരോഗതി കണ്ടെത്തി. പ്രമേഹരോഗികൾ, ഈന്തപ്പഴത്തിന്റെ ഉപഭോഗം എപ്പോഴും മിതപ്പെടുത്തണം. പല ഗവേഷണങ്ങളും 25 മുതൽ 75 ഗ്രാമാണ് നിർദേശിക്കുന്നത്. ഞങ്ങൾക്ക് കൃത്യമായ അളവില്ലെന്നും അവർ അഭിപ്രായപ്പെട്ടു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Can dates help diabetics lower blood sugar