വൈറ്റമിൻ ഡി, ഫിഷ് ഓയിൽ ഗുളികകൾ എന്നിവയ്‌ക്കൊപ്പം കുർക്കുമിൻ പ്രീ ഡയബറ്റിസിൽ നിന്ന് പ്രമേഹത്തിലേക്കുള്ള സാധ്യത കുറയ്ക്കുന്നുവെന്ന് ഒരു പുതിയ പഠനം തെളിയിച്ചു. തായ്‌ലൻഡിലെ മഹിഡോൾ യൂണിവേഴ്‌സിറ്റിയിലെയും രാജാവിത്തി ഹോസ്പിറ്റലിലെയും ഗവേഷകർ 24 ആഴ്ച നീണ്ട പരീക്ഷണത്തിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയത്.
പരീക്ഷണത്തിന്റെ അവസാനം 75 ഗ്രാം ഓറൽ ഗ്ലൂക്കോസ് ടോളറൻസ് ടെസ്റ്റും മറ്റ് രക്തപരിശോധനകളും നടത്തി പങ്കെടുക്കുന്നവരുടെ ഗ്ലൈസെമിക് നിലയും പ്രമേഹത്തിലേക്കുള്ള സാധ്യതയും പരിശോധിച്ചു. ശരീരഭാരം, ബോഡി മാസ് ഇൻഡക്സ്, ലിപിഡ് പ്രൊഫൈലുകൾ എന്നിവയിലെ മാറ്റങ്ങളും പരീക്ഷണഘട്ടത്തിൽ പരിഗണിച്ചു. രക്തത്തിലെ ഗ്ലൂക്കോസ് നിയന്ത്രിക്കുന്നതിൽ മഞ്ഞളിന്റെയും വിറ്റാമിൻ ഡിയുടെയും ഗുണങ്ങളെക്കുറിച്ച് നേരത്തെയുള്ള പഠനങ്ങൾ തെളിയിച്ചിട്ടുള്ളതിനാൽ ഈ പഠനം പ്രാധാന്യമർഹിക്കുന്നു.
ചീത്ത കൊളസ്‌ട്രോൾ നിയന്ത്രിക്കുന്നു, പ്രമേഹരോഗികളിൽ ഹൃദയസംബന്ധമായ അപകടസാധ്യതകൾ കുറയ്ക്കുന്നു എന്നതൊഴിച്ചാൽ, മത്സ്യ എണ്ണയ്ക്ക് കാര്യമായ ഫലമൊന്നും ഉള്ളതായി കണ്ടെത്തിയിട്ടില്ല. ഓക്സിഡേറ്റീവ് സ്ട്രെസ്, ഇൻഫ്ലാമേറ്ററി പ്രക്രിയകൾ എന്നിവ അടിച്ചമർത്താനുള്ള കഴിവ് കൊണ്ടാകാം കുർക്കുമിന്റെ പ്രമേഹ വിരുദ്ധ പ്രവർത്തനമെന്ന് ഫലങ്ങൾ കാണിച്ചു. കൂടാതെ, ഇത് ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസ്, ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിൻ, ബോഡി മാസ് ഇൻഡക്സ് എന്നിവ ഗണ്യമായി കുറയ്ക്കുന്നു.
പ്രീ ഡയബറ്റിസ് ഉള്ളവരിൽ, ഒമ്പത് മാസം കുർക്കുമിൻ കഴിക്കുന്നവർക്ക്, പ്ലാസിബോ എടുക്കുന്നവരേക്കാൾ ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് നേരത്തെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു. അതേസമയം, പ്രതിദിനം 800 IU വിറ്റാമിൻ ഡിയും 1,000 മില്ലിഗ്രാം കാൽസ്യവും ഒരുമിച്ച് കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത 33 ശതമാനം കുറച്ചുവെന്ന് മറ്റൊരു ഗവേഷണത്തിൽ കണ്ടെത്തി. വിറ്റാമിൻ ഡിയുടെ സെറം അളവ് സാധാരണ നിലയിലേക്ക് വർധിപ്പിക്കുന്നത് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 55 ശതമാനം കുറയ്ക്കുന്നതിന് കാരണമായെന്ന് ഒരു പഠനം കാണിക്കുന്നു.
പ്രമേഹത്തിന്റെ പുരോഗതി തടയുന്നതിൽ വിവിധ മരുന്നുകളുടെ പങ്കിനെക്കുറിച്ച് ഒന്നിലധികം പഠനങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഫലങ്ങൾ പരസ്പരവിരുദ്ധമാണെന്ന് ഓഖ്‌ലയിലെ ഫോർട്ടിസ് എസ്‌കോർട്ട്‌സിലെ എൻഡോക്രൈനോളജിയിലെ അസോസിയേറ്റ് കൺസൾട്ടന്റ് ഡോ.ചാവി അഗർവാൾ പറഞ്ഞു. മരുന്നുകൾ പ്രീ ഡയബറ്റിസിൽ പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുമെന്ന് തറപ്പിച്ചു പറയാൻ കഴിയില്ല. കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് അവർ പറഞ്ഞു.
കുർക്കുമിൻ എങ്ങനെ സഹായിക്കുന്നു?
കുർക്കുമിൻ ആന്റി-ഇൻഫ്ലാമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങൾക്കും, ഇൻസുലിൻ പ്രതിരോധം മെച്ചപ്പെടുത്തുന്നതിനും, ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വൈകിപ്പിക്കുന്നതിനും പേരുകേട്ടതാണ്. ആന്റി-ഇൻഫ്ലാമേറ്ററി ഗുണങ്ങളുള്ള ഫിഷ് ഓയിൽ പ്രമേഹ സാധ്യത കുറയ്ക്കുന്നതിനുള്ള ഫലങ്ങളെക്കുറിച്ച് ഇപ്പോൾ വിപുലമായി പഠനം നടക്കുന്നുണ്ട്.
ഇതിനു പിന്നിലെ ശാസ്ത്രം എന്താണ്?
മഞ്ഞളിലെ കുർക്കുമിൻ, വിറ്റാമിൻ ഡി അല്ലെങ്കിൽ മത്സ്യ എണ്ണ എന്നിവ ശരീരത്തിലെ ആന്റിഓക്‌സിഡന്റിന്റെ അളവ് വർധിപ്പിക്കുന്നു. അവ പ്രമേഹരോഗികളിലെ എൻഡോതെലിയൽ അപര്യാപ്തത കുറയ്ക്കുകയും അനുബന്ധ സങ്കീർണതകൾ വൈകിപ്പിക്കുകയും ചെയ്യുന്നു. പ്രമേഹരോഗികൾക്കു പുറമേ, ഫിഷ് ഓയിൽ, കുർക്കുമിൻ, വിറ്റാമിൻ ഡി എന്നിവ സെറിബ്രോവാസ്കുലർ, കാർഡിയാക് പ്രശ്നങ്ങളുള്ള രോഗികൾക്ക് ഉപയോഗപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഒരാൾക്ക് എങ്ങനെ കുർക്കുമിൻ കഴിക്കാം?
ഇന്ത്യൻ ഉപഭൂഖണ്ഡത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കിൽ, നമ്മൾ ഭക്ഷണത്തിൽ ധാരാളം മഞ്ഞൾ ഉപയോഗിക്കുന്നു. അതിനാൽ, അധിക മരുന്നുകളുടെ ആവശ്യമില്ല. എന്നാൽ ശരാശരി 50 കിലോഗ്രാം ഭാരമുള്ള പ്രായപൂർത്തിയായ ഒരാൾക്ക് പ്രതിദിന ഡോസ് 50 മുതൽ 100 മില്ലിഗ്രാം വരെ ആയിരിക്കും. ഈ പഠനങ്ങൾ ഗുണകരമാണെങ്കിലും ഇത് അധികമായി ഉപയോഗിക്കരുത്. കൂടാതെ, ഒരാൾക്ക് ആവശ്യമായ വിറ്റാമിൻ ഡി മരുന്നുകളുടെ ശരിയായ അളവ് അറിയാൻ ഡോക്ടറെ സമീപിക്കുക.