ഒരു കപ്പ് ചായയിൽ കറുവപ്പട്ട ചേർക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുമോ?. പ്രമേഹമുള്ളവരിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ കറുവപ്പട്ട സഹായിക്കുമോ എന്നതിൽ വ്യക്തതയില്ല. ചില പഠനങ്ങൾ അവയുടെ ഗുണങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും മറ്റു ചിലത് പറയുന്നില്ല. കറുവപ്പട്ടയും മരുന്നുകളും പ്രമേഹത്തെ നിയന്ത്രിക്കുന്നുവെന്ന് സ്ഥാപിക്കാൻ കൂടുതൽ ഗവേഷണം ആവശ്യമാണ്.
ആയുർവേദത്തിൽ സന്ധിവാതം, വയറിളക്കം, ആർത്തവ ക്രമക്കേടുകൾ, ഇൻഫ്ലാമേറ്ററി രോഗങ്ങൾ എന്നിവ ചികിത്സിക്കാൻ കറുവപ്പട്ട ഉപയോഗിക്കുന്നു. സെറം ലിപിഡുകളും ബ്ലഡ് ഗ്ലൂക്കോസും കുറയ്ക്കാനുള്ള കഴിവുൾപ്പെടെ ഈ സുഗന്ധവ്യഞ്ജനത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. കറുവപ്പട്ടയുടെ ബയോ ആക്റ്റീവ് സംയുക്തം രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ സഹായിക്കുമെന്ന് സിദ്ധാന്തമുണ്ട്.
ബ്ലഡ് ഷുഗർ കുറയ്ക്കാൻ കറുവപ്പട്ട പ്രവർത്തിക്കുന്നതെങ്ങനെ?
2012 ലെ ഒരു പഠനം ചൈനയിലെ ടൈപ്പ് 2 പ്രമേഹമുള്ള 69 രോഗികളെ നിരീക്ഷിച്ചു. ഒരു ഗ്രൂപ്പിന് പ്രതിദിനം 120 മില്ലിഗ്രാം കറുവപ്പട്ടയും മറ്റൊരു ഗ്രൂപ്പിന് 360 മില്ലിഗ്രാമും മൂന്നാമത്തെ ഗ്രൂപ്പിന് പ്ലാസിബോയും നൽകി. മൂന്ന് മാസത്തിന് ശേഷം പ്ലാസിബോ ഗ്രൂപ്പിന് ഒരു മാറ്റവും സംഭവിച്ചില്ല. കറുവപ്പട്ട കഴിച്ച രണ്ട് ഗ്രൂപ്പുകളുടെയും A1C അളവ് കുറഞ്ഞു. കറുവപ്പട്ട കഴിക്കുന്നത് ഗ്ലൂക്കോസ്, മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ, ട്രൈഗ്ലിസറൈഡുകൾ എന്നിവയിൽ കുറവുണ്ടാക്കുന്നുവെന്ന് കണ്ടെത്തിയതായി 2013 ലെ 10 പഠനങ്ങളുടെ ഒരു മെറ്റാ അനാലിസിസ് കാണിക്കുന്നു. ഉയർന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീൻ (എച്ച്ഡിഎൽ അല്ലെങ്കിൽ നല്ല) കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്തു. പക്ഷേ, ഓരോ പഠനത്തിലും എടുത്ത കറുവപ്പട്ടയുടെ അളവ് വ്യത്യസ്തമായിരുന്നെന്ന് ഗവേഷകർ അഭിപ്രായപ്പെട്ടു. 3 മുതൽ 6 ഗ്രാം വരെ കറുവപ്പട്ട കഴിക്കുന്നത് ചില ബ്ലഡ് പാരാമീറ്ററുകളെ പോസിറ്റീവായി ബാധിക്കുന്നതായി 2019 ലെ ഒരു പഠനം പറയുന്നു.
12 ആഴ്ച 1 ഗ്രാം കറുവപ്പട്ട പൊടിച്ചത് കഴിച്ച ടൈപ്പ് 2 പ്രമേഹ രോഗികളിൽ ഫാസ്റ്റിങ് ബ്ലഡ് ഗ്ലൂക്കോസും ഗ്ലൈക്കോസൈലേറ്റഡ് എച്ച്ബിയും കുറച്ചതായി മറ്റൊരു പഠനത്തിൽ പറയുന്നു. ഹീമോഗ്ലോബിൻ A1c കുറയ്ക്കാനും കറുവപ്പട്ടയ്ക്ക് കഴിയുമെന്ന് ചില പഠനങ്ങൾ കണ്ടെത്തി. ടൈപ്പ് 2 പ്രമേഹമുള്ളവരിൽ ഹീമോഗ്ലോബിൻ A1c 0.27 ശതമാനം മുതൽ 0.83 ശതമാനം വരെ കുറയ്ക്കാൻ കറുവപ്പട്ടയ്ക്ക് കഴിയുമെന്ന് ഒരു അവലോകനം റിപ്പോർട്ട് ചെയ്തു. അതേസമയം, രക്തത്തിലെ പഞ്ചസാരയുടെ അളവ് ഡെസിലിറ്ററിന് 52.2 മില്ലിഗ്രാം വരെ കുറഞ്ഞു.
കറുവപ്പട്ടയുടെ പാർശ്വഫലങ്ങളെക്കുറിച്ചും വിവിധ പഠനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധിക്കേണ്ടതാണ്. ചിലർക്ക്, കറുവപ്പട്ട സപ്ലിമെന്റുകൾ സുരക്ഷിതമാണ്. കരൾ രോഗങ്ങളുള്ളവർക്ക് ഉയർന്ന ഡോസുകൾ പ്രശ്നങ്ങൾ ഉണ്ടാക്കാം. സപ്ലിമെന്റുകൾ എടുക്കുന്നതിന് മുമ്പ് ഡോക്ടറുമായി സംസാരിക്കുക. 1/2- 1 ടീസ്പൂൺ (പ്രതിദിനം 3-5 ഗ്രാം) കറുവപ്പട്ടയാണ് സുരക്ഷിതം.
അവസാനമായി, ഒരു പോഷകത്തിനും മാത്രം പ്രമേഹത്തെ ചികിത്സിക്കാൻ കഴിയില്ല. പ്രമേഹ നിയന്ത്രണത്തിന് ആരോഗ്യകരമായ ഭക്ഷണം, ചിട്ടയായ വ്യായാമം, രക്തത്തിലെ പഞ്ചസാരയുടെ നിരീക്ഷണം, പ്രമേഹ മരുന്ന് അല്ലെങ്കിൽ ഇൻസുലിൻ തെറാപ്പി എന്നിവ ആവശ്യമാണ്.
ലേഖനം എഴുതിയത് ഡോ.ചാരു ദുവ