വിരാട് കോഹ്‌ലിയും താനും അത്താഴം നേരത്തെ കഴിക്കുകയും നേരത്തെ ഉറങ്ങുകയും ചെയ്യുന്ന ജീവിതശൈലി പിന്തുടരുന്നവരാണെന്ന് നടി അനുഷ്ക ശർമ്മ മുൻപ് വെളിപ്പെടുത്തിയിരുന്നു. വൈകീട്ട് 6 മണിക്ക് അത്താഴം കഴിച്ച് 9.30 ന് ഉറങ്ങുന്ന ശീലക്കാരാണ് തങ്ങളെന്ന് അനുഷ്ക പറയുന്നു. അനുഷ്ക ശർമ്മയുടെ ഈ ശീലം ആരോഗ്യത്തിന് ഗുണകരമാണോ?.
നേരത്തെ അത്താഴം കഴിച്ചാലുള്ള ഗുണങ്ങൾ നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉറക്കമുണർന്ന് 10 മണിക്കൂറിനുള്ളിൽ ഒരു ദിവസത്തെ എല്ലാ ഭക്ഷണവും കഴിക്കുന്നത് ആരോഗ്യകരമായ ജീവിതം നൽകുമെന്നതിന് ഗവേഷകർ മതിയായ തെളിവുകൾ നൽകിയിട്ടുണ്ട്.
”ശരീരത്തിലെ ഉപാപചയപ്രവർത്തനം സാധാരണയായി അതിന്റെ ഉച്ചയ്ക്കു മുൻപുവരെ ഉച്ചസ്ഥായിയിലായിരിക്കും. വൈകുന്നേരമാകുമ്പോൾ സാവധത്തിലാകുന്നു. അതുകൊണ്ടാണ് ഉറക്കമുണർന്ന് 10 മണിക്കൂറിനുള്ളിൽ ഭക്ഷണം പൂർത്തിയാക്കണമെന്ന് പറയുന്നത്. മാത്രമല്ല, കനത്ത ഭക്ഷണം നേരത്തെ കഴിക്കുകയും വേണം. വൈകുന്നേരത്തിനുശേഷം ഭക്ഷണം കഴിച്ചാൽ, പൂർണത അനുഭവപ്പെടാൻ സഹായിക്കുന്ന ഹോർമോണായ ലെപ്റ്റിന് പൂർണ ശേഷിയിൽ പ്രവർത്തിക്കാൻ കഴിയില്ല,” മാക്‌സ് ഹെൽത്ത്‌കെയറിന്റെ എൻഡോക്രൈനോളജി ആൻഡ് ഡയബറ്റിസ് ചെയർമാനും മേധാവിയുമായ ഡോ.അംബ്രീഷ് മിത്തൽ പറഞ്ഞു.
സംതൃപ്തി നൽകുന്ന ഹോർമോൺ ഏറ്റവും താഴ്ന്ന നിലയിലായതിനാൽ, വൈകി ഭക്ഷണം കഴിക്കുന്നത് നിങ്ങൾക്ക് വിശപ്പ് തോന്നാനുള്ള സാധ്യത ഇരട്ടിയാക്കുന്നു. അതിനർത്ഥം കൂടുതൽ വറുത്തതും കൊഴുപ്പുള്ളതുമായ ഭക്ഷണങ്ങൾ കഴിക്കാൻ പ്രവണത തോന്നുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
”ഭക്ഷണം കഴിക്കുന്നതിന് എപ്പോഴും സമയം നിശ്ചയിക്കേണ്ടതുണ്ട്. ഉറക്കമുണർന്ന് രണ്ട് മണിക്കൂറിനുള്ളിൽ പ്രഭാതഭക്ഷണം കഴിക്കുക, ഉറങ്ങുന്നതിന് രണ്ട് മണിക്കൂർ മുമ്പെങ്കിലും അത്താഴം കഴിക്കുക. ശരീരത്തിലെ മറ്റെല്ലാ കാര്യങ്ങളെയും പോലെ, നിങ്ങളുടെ ഹോർമോണുകൾക്ക്, പ്രത്യേകിച്ച് ഇൻസുലിന് വിശ്രമം വേണം. നേരത്തെ അത്താഴം കഴിച്ച്, മതിയായ ഉറക്കം ലഭിക്കുന്നതിലൂടെ ഇൻസുലിൻ സംവേദനക്ഷമത വർധിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ഇത് കാര്യക്ഷമമായി പ്രവർത്തിക്കും,” ന്യൂട്രീഷ്യനിസ്റ്റ് റിതിക സമദാർ പറഞ്ഞു.