ഒരു സ്ത്രീ ജന്മനാ രണ്ട് ഗർഭപാത്രങ്ങളുമായി ജനിക്കുന്ന രോഗാവസ്ഥയെയാണ് ‘യൂട്രസ് ഡിഡെൽഫിസ്’ എന്നറിയപ്പെടുന്നത്. “ഇരട്ട ഗർഭപാത്രം എന്ന അവസ്ഥയുണ്ടാവുന്നത് അവയ്ക്ക് രണ്ടു വ്യത്യസ്ത അറകൾ ഉണ്ടാകുമ്പോഴാണ്. ഈ രോഗം വളരെ അപൂർവമാണെന്നും 3000 ത്തിൽ ഒരാൾക്ക് മാത്രമേ വരാറുള്ളൂവെന്നുമാണ് പബ്മെഡ് സെൻട്രലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ പറയുന്നത്,’ നോയിഡയിലെ ഫോർട്ടിസ് ആശുപത്രിയിലെ ഒബസ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി അഡീഷണൽ ഡയറക്ടർ ഡോ.ആരാധന സിങ് പറഞ്ഞു.
“ഗർഭാശയവും സ്ത്രീ ശരീരത്തിലെ ജനനേന്ദ്രിയവും രണ്ട് വ്യത്യസ്ത ട്യൂബുകളിൽ നിന്ന് വികസിക്കുന്നു. ഇവ പൂർണ്ണമായി വികസിക്കാതെ വരുമ്പോഴാണ് ഈ രോഗാവസ്ഥയുണ്ടാവുന്നത്. ചില സന്ദർഭങ്ങളിൽ, ട്യൂബുകളുടെ സംയോജനം ഗർഭാശയമുഖത്തിൽ (സെർവിക്സ് എന്ന് വിളിക്കപ്പെടുന്നു) സംഭവിക്കാം. സംയോജനം പരാജയപ്പെടുകയാണെങ്കിൽ, ഒരു സ്ത്രീക്ക് രണ്ട് സെർവിക്സുകളും ചില സന്ദർഭങ്ങളിൽ രണ്ട് ജനനേന്ദ്രിയങ്ങളും ഉണ്ടാകാം,” അവർ പറഞ്ഞു.
കാരണങ്ങൾ
രണ്ട് ട്യൂബുകളും തമ്മിൽ പൂർണ്ണമായി സംയോജിക്കാത്തതിന്റെ കാരണം ഇപ്പോഴും വ്യക്തമല്ലെങ്കിലും, ഈ അവസ്ഥയ്ക്കുള്ള പ്രധാന കാരണം ജനറ്റിക് പ്രീഡിസ്പോസിഷൻ തന്നെയാവണമെന്ന് ഡോ.സിങ് അഭിപ്രായപ്പെട്ടു. ജനതിക മാറ്റങ്ങൾക്ക് കാരണമായേക്കാവുന്ന പാരിസ്ഥിതിക ഘടകങ്ങളും ഇരട്ട ഗർഭപാത്രങ്ങൾ ഉണ്ടാവാനുള്ള സാധ്യതയുണ്ടാക്കുമെന്നും ഡോ.സിങ് വ്യക്തമാക്കി.
“ഈ രോഗാവസ്ഥമൂലം ആരോഗ്യപ്രശ്നങ്ങളും മറ്റു അപകട സാധ്യതകളും ഉണ്ടാകുവാനുള്ള സാധ്യത കുറവാണ്. എന്നാൽ ചില സാഹചര്യങ്ങളിൽ ചില സ്ത്രീകളിൽ അമിത രക്തസ്രാവം, ആർത്തവത്തിനിടെയുള്ള കടുത്ത വേദന, ഗർഭം അലസിപ്പോവുക, ഗർഭധാരണത്തിനുള്ള ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുന്നുണ്ട്. ഈ രോഗാവസ്ഥ സി-സെക്ഷൻ ഡെലിവറി സാധ്യത വർധിപ്പിക്കും,” അവർ പറഞ്ഞു.
“ഇരട്ട ഗർഭപാത്രങ്ങൾക്ക് സാധാരണ ഗർഭപാത്രത്തെ അപേക്ഷിച്ച് വലിപ്പം കുറവായിരിക്കും. അവസാന മാസങ്ങളിൽ കുഞ്ഞിന് വളരാൻ സ്ഥമില്ലാത്തതിനാൽ മാസം തികയാതെയുള്ള പ്രസവത്തിനു കാരണമാകും. മാത്രമല്ല, ഗർഭപാത്ര പാളിക്ക് കട്ടി ഇല്ലാത്തത് ഗർഭം അലസുന്നതിന് കാരണമാകും,” ഡോ.പ്രീതി രസ്തോഗി പറഞ്ഞു.
രണ്ട് ഗർഭപാത്രങ്ങളിലായി രണ്ട് കുഞ്ഞുങ്ങളെ ഗർഭം ധരിക്കുവാൻ ഒരു സ്ത്രീക്ക് കഴിയുമോ?
രണ്ട് ഗർഭപാത്രങ്ങളിൽ ഒന്നിൽ ഗർഭധാരണം നടക്കാം. ഏത് അണ്ഡാശയത്തിൽ അണ്ഡോത്പാദനം നടക്കുന്നു, ഏത് ഫാലോപ്യൻ ട്യൂബിലാണ് ഗർഭധാരണം സംഭവിക്കുന്നത് തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാവും ഗർഭധാരണമെന്ന് ഡോ.ചെന്നുരു നിശിത പറയുന്നു. ചില സാഹചര്യങ്ങളിൽ ഗർഭപാത്രത്തിന്റെ വലിപ്പ കുറവ് മാസം തികയാതെയുള്ള പ്രസവത്തിനു കാരണമായേക്കാമെന്നും അവർ വ്യക്തമാക്കി.
രോഗനിർണയവും ചികിത്സയും
“പെൽവിക് പരിശോധന, അൾട്രാസൗണ്ട്, എംആർഐ സ്കാനുകൾ ഇരട്ട ഗർഭപാത്രത്തിന്റെ സാന്നിധ്യം മനസിലാക്കാൻ സഹായിക്കും” ഡോ. രസ്തോഗി പറയുന്നു. മിക്ക സ്ത്രീകൾക്കും ഒരു തരത്തിലുള്ള ചികിത്സയും ആവശ്യമില്ലെന്ന് വിദഗ്ധർ പറഞ്ഞു. ആർക്കെങ്കിലും തുടർച്ചയായി ഗർഭം അലസൽ സംഭവിക്കുകയാണെങ്കിൽ, ശസ്ത്രക്രിയ പരിഗണിക്കാമെന്ന് അവർ വ്യക്തമാക്കി.