/indian-express-malayalam/media/media_files/uploads/2023/04/pregnancy.jpg)
പ്രതീകാത്മക ചിത്രം
ആർത്തവ സമയത്ത് ഒരു സ്ത്രീക്ക് ഗർഭിണിയാകാൻ കഴിയില്ലെന്ന തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട്. ഗർഭധാരണത്തിനുള്ള സാധ്യത കുറവാണ്. എന്നാൽ, അതിനർഥം ഗർഭിണിയാകാൻ കഴിയില്ല എന്നല്ല. അണ്ഡോത്പാദന സമയത്ത് ഒരു സ്ത്രീയുടെ ഫെർട്ടിലിറ്റി അതിന്റെ ഉച്ചസ്ഥായിയിലാണ്. സാധാരണയായി ഇത് ആർത്തവചക്രത്തിന്റെ മധ്യത്തിൽ സംഭവിക്കുന്നു, അണ്ഡോത്പാദനത്തിന്റെ സമയത്തെ സ്വാധീനിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അതിനാൽ ആർത്തവസമയത്ത് പോലും ഗർഭധാരണത്തിലേക്ക് നയിച്ചേക്കാം.
28 ദിവസം നീണ്ടുനിൽക്കുന്ന സാധാരണ ആർത്തവചക്രത്തിൽ, അണ്ഡോത്പാദനം സാധാരണയായി 14-ാം ദിവസത്തിലാണ് നടക്കുന്നത്. അതായത് ആർത്തവം ആരംഭിക്കുന്നതിന് ഏകദേശം രണ്ടാഴ്ച മുമ്പ് അണ്ഡം പുറത്തുവരുന്നു. ഇതിനർത്ഥം ഗർഭധാരണത്തിനുള്ള കൂടുതൽ സാധ്യത സാധാരണയായി സൈക്കിളിന്റെ 12-ാം ദിവസത്തിനും 16-ാം ദിവസത്തിനും ഇടയിലാണ്. ഈ സമയത്ത്, ഗർഭിണിയാകാനുള്ള സാധ്യത വളരെ കൂടുതലാണ്, ഫെർട്ടിലിറ്റി നിരക്ക് 20 ശതമാനം മുതൽ 58 ശതമാനം വരെയാണ്. എന്നിരുന്നാലും, ഓരോ സ്ത്രീയിലും ആർത്തവ സൈക്കിളുകൾ വ്യത്യാസപ്പെടാം, മാത്രമല്ല, എല്ലാ സ്ത്രീകൾക്കും 28 ദിവസം കൂടുതൽ ആർത്തവം ഉണ്ടാകണമെന്നില്ല.
പല സ്ത്രീകൾക്കും ക്രമരഹിതമായ ആർത്തവചക്രം അനുഭവപ്പെടുന്നു, ഇത് 20 മുതൽ 45 ദിവസമോ അതിൽ കൂടുതലോ ആയിരിക്കും. ഒരു സ്ത്രീക്ക് ഒരു മാസം 25 ദിവസമാകുമ്പോൾ ആർത്തവം സംഭവിക്കാം. അടുത്ത മാസം ഇത് ചിലപ്പോൾ 27 ദിവസവും, പിന്നത്തെ മാസം 26 ദിവസവുമാകാം. അത്തരം സന്ദർഭങ്ങളിൽ, അണ്ഡോത്പാദനത്തിന്റെ കൃത്യമായ ദിവസം നിർണയിക്കുന്നത് വെല്ലുവിളിയായി മാറുന്നു. പ്രായം, തൂക്കം, ജീവിതശൈലി തിരഞ്ഞെടുപ്പുകൾ, പുകവലി, സമ്മർം, ഹോർമോൺ മരുന്നുകൾ, അടിസ്ഥാന രോഗാവസ്ഥകൾ എന്നിവയെല്ലാം അണ്ഡോത്പാദനത്തിന്റെ ക്രമത്തെ ബാധിക്കും.
ക്രമരഹിതമായ ആർത്തവമുള്ള ഒരു സ്ത്രീക്ക് അവളുടെ ആർത്തവസമയത്ത് അല്ലെങ്കിൽ കുറച്ച് സമയത്തിന് ശേഷം അണ്ഡോത്പാദനം ഉണ്ടാകാം. ഇത് ആർത്തവസമയത്ത് ഗർഭധാരണത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. ബീജത്തിന് സ്ത്രീകളുടെ പ്രത്യുത്പാദന നാളത്തിൽ മൂന്ന് മുതൽ അഞ്ച് ദിവസം വരെ നിലനിൽക്കാൻ കഴിയും, അതായത് ആർത്തവ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ, തുടർന്നുള്ള ദിവസങ്ങൾക്കുള്ളിൽ അണ്ഡോത്പാദനം നടന്നാൽ ഗർഭധാരണത്തിന് സാധ്യതയുണ്ട്.
ചില സ്ത്രീകൾക്ക് അണ്ഡോത്പാദന സമയത്ത് നേരിയ രക്തസ്രാവമോ പാടുകളോ അനുഭവപ്പെടാം, ഇത് മിറ്റെൽഷ്മെർസ് എന്നറിയപ്പെടുന്നു. ഈ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് സുരക്ഷിതമാണെന്ന തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്നു. വാസ്തവത്തിൽ, അണ്ഡോത്പാദനം ഈ രക്തസ്രാവവുമായി യോജിക്കുന്നുവെങ്കിൽ, ഗർഭധാരണം ഇപ്പോഴും സംഭവിക്കാം.
ഇന്ത്യയെ പോലൊരു രാജ്യത്ത് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (പിസിഒഎസ്), ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവ സ്ത്രീകൾക്കിടയിൽ വ്യാപകമായ പ്രശ്നമാണ്. ഈ അവസ്ഥകൾ ക്രമരഹിതമായ രക്തസ്രാവത്തിന് കാരണമാകും, അണ്ഡോത്പാദനം പ്രവചനാതീതമാക്കുന്നു. ചില സന്ദർഭങ്ങളിൽ, ലൈംഗിക ബന്ധത്തിന് ശേഷവും രക്തസ്രാവം ആരംഭിക്കാം. അതിനാൽ, പിസിഒഎസ് ഉള്ള സ്ത്രീകൾ അവരുടെ ആർത്തവ സമയത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും ഗർഭിണിയാകാൻ സാധ്യതയുണ്ട്.
ആർത്തവ ചക്രങ്ങളുടെ വ്യതിയാനവും പ്രവചനാതീതതയും കണക്കിലെടുക്കുമ്പോൾ, ഗർഭധാരണം തടയാൻ ഒരു സ്ത്രീയുടെ ആർത്തവത്തെ മാത്രം ആശ്രയിക്കുന്നതുകൊണ്ട് കാര്യമില്ല. ഈ രീതിയെ മാത്രം ആശ്രയിക്കുന്ന ദമ്പതികളിൽ ഗർഭധാരണത്തിനുള്ള സാധ്യത 15-20 ശതമാനം ആണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഗർഭധാരണം തടയാൻ കോണ്ടം, ഹോർമോൺ ഗുളികകൾ, ഗർഭാശയ ഉപകരണങ്ങൾ (IUD) അല്ലെങ്കിൽ വന്ധ്യംകരണ ശസ്ത്രക്രിയ പോലുള്ള കൂടുതൽ വിശ്വസനീയവും തെളിയിക്കപ്പെട്ടതുമായ രീതികൾ ഉപയോഗിക്കുന്നത് നല്ലതാണ്. ഈ രീതികൾ ഗർഭധാരണം തടയുന്നതിൽ കൂടുതൽ ഉറപ്പ് നൽകുന്നു. ഗർഭധാരണം വൈകാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ശുപാർശ ചെയ്യുന്നു.
ആർത്തവ സമയത്ത് ഒരു സ്ത്രീക്ക് ഗർഭിണിയാകാൻ കഴിയില്ലെന്ന വിശ്വാസം ഒരു മിഥ്യയാണ്. ആർത്തവസമയത്ത് ഗർഭധാരണത്തിനുള്ള സാധ്യത പൊതുവെ കുറവാണെങ്കിലും സീറോയല്ല. ആർത്തവചക്രം വ്യത്യാസപ്പെടാം, അണ്ഡോത്പാദനം പ്രവചനാതീതമായി സംഭവിക്കാം, ഇത് ആർത്തവസമയത്ത് പോലും ഗർഭധാരണത്തിന് ഇടയാക്കാം. ആർത്തവ ചക്രത്തിൽ പോലും ഗർഭധാരണം തടയുന്നതിന് കൂടുതൽ ഫലപ്രദവും ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതുമായ ഗർഭനിരോധന മാർഗങ്ങളെ ആശ്രയിക്കേണ്ടത് അത്യാവശ്യമാണ്.
ലേഖനം എഴുതിയത് ഡോ.അഷ്ത ദയാൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.