/indian-express-malayalam/media/media_files/2026/02/16/fertility-diet-2026-02-16-14-17-18.jpg)
Image Source: Freepik
കുഞ്ഞുങ്ങൾ വേണമെന്ന ആഗ്രഹമുള്ള ദമ്പതികൾ ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് വന്ധ്യത. അടുത്ത കാലത്തായി, സോഷ്യൽ മീഡിയകളിലും വെൽനസ് ബ്ലോഗുകളിലും ക്ലിനിക്കൽ ചർച്ചകളിലും ഒരുപോലെ പ്രചാരം നേടിയ ഒന്നാണ് ഫെർട്ടിലിറ്റി ഡയറ്റ് അഥവാ പ്രജനന ശേഷി വർധിപ്പിക്കാനുള്ള ഭക്ഷണക്രമം. ഹോർമോൺ പ്രവർത്തനങ്ങൾക്കായി പ്രത്യേക സീഡ്സ് കഴിക്കുന്ന 'സീഡ് സൈക്ലിങ്' മുതൽ വിലകൂടിയ സപ്ലിമെന്റുകളും വിദേശയിനം സൂപ്പർഫുഡുകളും വരെ ഇതിൽ ഉൾപ്പെടുന്നുവെന്ന് ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റൽസിലെ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി സീനിയർ കൺസൾട്ടന്റ് ഡോ.നീലം സൂരി പറഞ്ഞു.
ഗർഭധാരണത്തിന് ശ്രമിക്കുന്ന ദമ്പതികളോട് ശരിയായ ഭക്ഷണരീതി തിരഞ്ഞെടുക്കുന്നത് ഗർഭിണിയാകാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പലപ്പോഴും പറഞ്ഞു കേൾക്കാറുണ്ട്. എന്നാൽ ഇതിൽ എത്രത്തോളം ശാസ്ത്രീയ സത്യമുണ്ടെന്നും എത്രത്തോളം കേവലം ഒരു ട്രെൻഡ് മാത്രമാണെന്നും ചിന്തിക്കേണ്ടതുണ്ട്.
യഥാർത്ഥ വസ്തുത ഇവ രണ്ടിനും ഇടയിലാണ്. ഭക്ഷണക്രമം കൊണ്ടുമാത്രം വന്ധ്യത പരിഹരിക്കാൻ കഴിയില്ലെങ്കിലും, സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രത്യുത്പാദന ആരോഗ്യത്തിൽ പോഷകാഹാരം വലിയൊരു പങ്ക് വഹിക്കുന്നുണ്ടെന്നും ഡോ.നീലം സൂരി പറഞ്ഞു.
Also Read: ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ഭക്ഷണം കഴിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും?
പോഷകാഹാരവും പ്രത്യുത്പാദന ശേഷിയും തമ്മിലുള്ള ബന്ധം
നമ്മുടെ ശരീരത്തിലെ ഹോർമോണുകളുടെ പ്രവർത്തനം, അണ്ഡോത്പാദനം, പുരുഷന്മാരിലെ ശുക്ലത്തിന്റെ ഗുണനിലവാരം എന്നിവയെല്ലാം നാം കഴിക്കുന്ന ഭക്ഷണവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. പോഷകാഹാരക്കുറവ്, അമിതവണ്ണം, മെറ്റബോളിക് ആരോഗ്യത്തിലെ തകരാറുകൾ എന്നിവ ഗർഭധാരണത്തിന് തടസമാകാറുണ്ട്. കൃത്യമായ ഭക്ഷണക്രമം പാലിക്കുന്ന സ്ത്രീകളിൽ അണ്ഡോത്പാദനം കൂടുതൽ ക്രമമായി നടക്കുന്നുണ്ടെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. നല്ല പോഷകാഹാര നിലവാരമുള്ള പുരുഷന്മാർക്ക് ബീജത്തിന്റെ എണ്ണവും ചലനശേഷിയും മെച്ചപ്പെട്ടതായി കാണപ്പെടുന്നു. എന്നിരുന്നാലും, ഒരു പ്രത്യേക ഭക്ഷണമോ സപ്ലിമെന്റോ മാത്രം ഗർഭധാരണം ഉറപ്പുനൽകുന്നില്ല.
ശാസ്ത്രീയമായ കണ്ടെത്തലുകൾ
ഹാർവാർഡ് സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിൽ നിന്നുള്ള പഠനങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ ഗവേഷണങ്ങൾ, ഭക്ഷണരീതിയും പ്രത്യുൽപാദന ശേഷിയും തമ്മിലുള്ള ബന്ധം കണ്ടെത്തിയിട്ടുണ്ട്. ഹാർവാർഡ് ആസ്ഥാനമായുള്ള 'നഴ്സസ് ഹെൽത്ത് സ്റ്റഡി' പോലെയുള്ള ദീർഘകാല പഠനങ്ങൾ, പ്രത്യേക ഭക്ഷണക്രമങ്ങൾ പ്രത്യുൽപാദന ആരോഗ്യത്തിൽ മികച്ച മാറ്റങ്ങൾ ഉണ്ടാക്കുന്നതായി സൂചിപ്പിക്കുന്നു.
ലളിതമായ ഒരു ഭക്ഷണക്രമം
അനാരോഗ്യകരമായ കൊഴുപ്പിന് പകരം ആരോഗ്യകരമായ കൊഴുപ്പ് തിരഞ്ഞെടുക്കുക. പാക്കറ്റ് ലഘുഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ, ബേക്കറി പലഹാരങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ട്രാൻസ് ഫാറ്റുകൾ അണ്ഡോത്പാദന സംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇവയ്ക്ക് പകരം അണ്ടിപ്പരിപ്പുകൾ, വിത്തുകൾ, നിലക്കടല എണ്ണ, കടുക് എണ്ണ, കൊഴുപ്പുള്ള മത്സ്യങ്ങൾ, അവോക്കാഡോ തുടങ്ങിയവ ഉൾപ്പെടുത്തുന്നത് ഹോർമോൺ ബാലൻസ് നിലനിർത്താൻ സഹായിക്കും.
ഗുണനിലവാരമുള്ള കാർബോഹൈഡ്രേറ്റുകളെ ആശ്രയിക്കുക. മൈദ, പഞ്ചസാരയടങ്ങിയ ഭക്ഷണങ്ങൾ, വെള്ള ബ്രെഡ് എന്നിവ ഇൻസുലിൻ അളവ് പെട്ടെന്ന് വർധിപ്പിക്കുന്നു. ഇത് അണ്ഡോത്പാദനത്തെ തടസപ്പെടുത്താൻ സാധ്യതയുണ്ട് (പ്രത്യേകിച്ച് പിസിഒഎസ് ഉള്ള സ്ത്രീകളിൽ). തവിടുള്ള ഗോതമ്പ് പൊടി കൊണ്ടുള്ള റോട്ടി, തവിടുള്ള അരി, മില്ലറ്റുകൾ, ഓട്‌സ്, പയർവർഗങ്ങൾ എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്താൻ സഹായിക്കുന്നു.
സപ്ലിമെന്റുകളെ അമിതമായി ആശ്രയിക്കാതെ വിവിധ സ്രോതസുകളിൽ നിന്ന് ആവശ്യത്തിന് പ്രോട്ടീൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. റെഡ് മീറ്റിന്റെ അമിതമായ ഉപയോഗത്തേക്കാൾ ഓവുലേഷൻ ആരോഗ്യത്തിന് പയർവർഗ്ഗങ്ങൾ, ചന, രാജ്മ, സോയ, പനീർ തുടങ്ങിയ സസ്യങ്ങളിൽ നിന്നുള്ള പ്രോട്ടീനുകളാണ് കൂടുതൽ അനുയോജ്യം. മുട്ടയും മത്സ്യവും മികച്ച ഓപ്ഷനുകളാണ്.
അണ്ഡത്തിന്റെയും ശുക്ലത്തിന്റെയും ആരോഗ്യത്തിനും ഭ്രൂണത്തിന്റെ ആദ്യകാല വികാസത്തിനും ഫോളേറ്റ്, ഇരുമ്പ്, വൈറ്റമിൻ ബി12, വൈറ്റമിൻ ഡി, സിങ്ക്, അയോഡിൻ, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവ അത്യാവശ്യമാണ്. പലരിലും ഇത്തരം പോഷകങ്ങളുടെ കുറവ് ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്.
പാൽ ഉൽപ്പന്നങ്ങൾ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക. ലോ-ഫാറ്റ് ഡയറിയെ അപേക്ഷിച്ച് മിതമായ അളവിൽ ഫുൾ-ഫാറ്റ് ഡയറി ഉപയോഗിക്കുന്നത് ഓവുലേഷനെ സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, ഓരോരുത്തരുടെയും ശാരീരിക അവസ്ഥകൾക്കനുസരിച്ച് ഇതിൽ മാറ്റം വരുത്തേണ്ടതാണെന്ന് ഡോ.നീലം സൂരി പറഞ്ഞു.
Also Read: പ്രമേഹമുള്ളവർ ഭക്ഷണം കൃത്യസമയത്ത് കഴിച്ചില്ലെങ്കിൽ ശരീരത്തിൽ എന്ത് സംഭവിക്കും?
ഫെർട്ടിലിറ്റി ഡയറ്റിനെക്കുറിച്ചുള്ള പൊതുവായ മിഥ്യാധാരണകൾ
ഓൺലൈനിൽ പ്രചരിക്കുന്ന പല ട്രെൻഡുകൾക്കും ശാസ്ത്രീയമായ തെളിവുകളുടെ പിൻബലമില്ല. വിത്തുകൾ മാറി മാറി കഴിക്കുന്നത് ഹോർമോണുകളിൽ സ്വാധീനം ചെലുത്തുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. വിലകൂടിയ ഫെർട്ടിലിറ്റി സൂപ്പർഫുഡുകൾ വീട്ടിലുണ്ടാക്കുന്ന സമീകൃതാഹാരത്തേക്കാൾ മികച്ചതല്ല. ഡിറ്റോക്സ് ഡയറ്റുകളും ജ്യൂസ് ക്ലെൻസിങ്ങും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ നഷ്ടപ്പെടുത്താൻ കാരണമായേക്കാം. ഡോക്ടറുടെ നിർദ്ദേശമില്ലാതെ അമിതമായി സപ്ലിമെന്റുകൾ ഉപയോഗിക്കുന്നത് ശരീരത്തിന് ഹാനികരമാണ്.
ഗർഭധാരണം ആസൂത്രണം ചെയ്യുന്ന ദമ്പതികൾ യഥാർത്ഥത്തിൽ എന്തുചെയ്യണം?
ഒരു പ്രത്യേക ഭക്ഷണക്രമം പിന്തുടരുന്നതിനുപകരം, എല്ലാ ദിവസവും പോഷകസമൃദ്ധമായ ഒരു പ്ലേറ്റിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അതിൽ ഇവയൊക്കെ ഉൾപ്പെടണം.
- ഒരു ഭാഗം തവിടുപൊടി ധാന്യങ്ങളോ തിനയോ
- ഒരു പാത്രം പരിപ്പ് അല്ലെങ്കിൽ മറ്റ് പ്രോട്ടീൻ സ്രോതസുകൾ
- ഒരു ഭാഗം പച്ച ഇലക്കറികൾ
- ഒരു സീസണൽ പഴം
- ഒരു പിടി നട്‌സും വിത്തുകളും
- ആവശ്യത്തിന് വെള്ളം കുടിക്കുക
- പരിമിതമായ പഞ്ചസാര, വറുത്ത ഭക്ഷണങ്ങൾ, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾ
ഗർഭിണിയാകാൻ ആഗ്രഹിക്കുന്ന സ്ത്രീകൾ ഗർഭധാരണത്തിന് കുറഞ്ഞത് മൂന്ന് മാസം മുമ്പെങ്കിലും ഫോളിക് ആസിഡ് ഗുളികകൾ കഴിച്ചു തുടങ്ങണം. വൈറ്റമിൻ ഡി, വൈറ്റമിൻ ബി12 എന്നിവയുടെ അളവ് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്; പ്രത്യേകിച്ച് സസ്യാഹാരം മാത്രം കഴിക്കുന്നവർ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.
വന്ധ്യതാ കേസുകളിൽ ഏകദേശം 40 ശതമാനത്തോളം പുരുഷന്മാരിലെ പ്രശ്നങ്ങൾ മൂലമായതുകൊണ്ട് തന്നെ പുരുഷന്മാരും ഭക്ഷണകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. പുകവലി, മദ്യപാനം, അമിതവണ്ണം, മോശം ഭക്ഷണരീതി എന്നിവ ശുക്ലത്തിന്റെ ഗുണനിലവാരത്തെ നേരിട്ട് ബാധിക്കുന്നു.
ഭാരവും പ്രത്യുത്പാദനക്ഷമതയും
ശരീരഭാരം കുറവായവർക്കും അതുപോലെ കൂടുതലായവർക്കും ഗർഭധാരണത്തിന് തടസങ്ങൾ നേരിടാം. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ഉള്ള അമിതഭാരമുള്ള സ്ത്രീകളിൽ, വെറും 5–7% ഭാരം കുറയ്ക്കുന്നത് പോലും പലരിലും അണ്ഡോത്പാദനം പുനഃസ്ഥാപിക്കാൻ സഹായിക്കും. എന്നാൽ, പെട്ടെന്ന് ഭാരം കുറയ്ക്കാനായുള്ള ക്രാഷ് ഡയറ്റിങ് ശരീരത്തിന് സമ്മർദ്ദം നൽകുകയും പ്രത്യുത്പാദനക്ഷമതയെ കൂടുതൽ മോശമാക്കുകയും ചെയ്യുന്നു.
പ്രത്യുത്പാദനക്ഷമതയ്ക്കായുള്ള ഭക്ഷണക്രമം എന്നത് ഒരു മാന്ത്രിക വിദ്യയല്ല, മറിച്ച് ശരിയായ പോഷകാഹാരം ഗർഭധാരണത്തിന് അനുയോജ്യമായ ഒരു സാഹചര്യം ശരീരത്തിൽ സൃഷ്ടിക്കുന്നു. ഒരു വിത്ത് പാകുന്നതിന് മുമ്പ് മണ്ണ് ഒരുക്കുന്നതുപോലെയാണിതിനെ കാണേണ്ടത്. ഇതിൽ നൂറ് ശതമാനം പൂർണതയല്ല ലക്ഷ്യം, മറിച്ച് സ്ഥിരതയാർന്ന ശീലങ്ങളാണ്.
(ഡോ. നീലം സൂരി സീനിയർ കൺസൾട്ടന്റ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി, റോബോട്ടിക് സർജറി, ഇന്ദ്രപ്രസ്ഥ അപ്പോളോ ഹോസ്പിറ്റൽസ്, ന്യൂഡൽഹി)
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: രാത്രി ഭക്ഷണം 6 മണിക്ക് കഴിക്കാം; വയർ കുറയ്ക്കാം, ആരോഗ്യം വീണ്ടെടുക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us