scorecardresearch
Latest News

ദിവസവും 6,000 മുതൽ 9,000 വരെ ചുവട് നടക്കുന്നത് പ്രായമായവരിൽ ഹൃദയാഘാതം തടയുമോ?

60 വയസിനു മുകളിലുള്ളവരിൽ പ്രതിദിനം 6,000 മുതൽ 9,000 വരെ ചുവടുകൾ നടക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ (CVD) സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് ഒരു പുതിയ പഠനം കാണിക്കുന്നു

ദിവസവും 6,000 മുതൽ 9,000 വരെ ചുവട് നടക്കുന്നത് പ്രായമായവരിൽ ഹൃദയാഘാതം തടയുമോ?

ഹൃദയാഘാതം തടയാൻ ഒരു ദിവസം എത്ര ചുവടുകൾ നടക്കണം. 10,000 ചുവടുകളെന്നാണ് പലപ്പോഴും ഫിറ്റ്നസ് ചർച്ചകളിൽ ഉയർന്നു വരാറുള്ളത്. എന്നാൽ, 60 വയസിനു മുകളിലുള്ളവരിൽ പ്രതിദിനം 6,000 മുതൽ 9,000 വരെ ചുവടുകൾ നടക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ (CVD) സാധ്യത ഗണ്യമായി കുറയ്ക്കുമെന്ന് ഒരു പുതിയ പഠനം കാണിക്കുന്നു. യുഎസിലെയും മറ്റ് 42 രാജ്യങ്ങളിലെയും 20,000-ലധികം ആളുകളിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്തുള്ള പഠനം ‘സർക്കുലേഷൻ’ ജേണലിൽ അടുത്തിടെയാണ് പ്രസിദ്ധീകരിച്ചത്.

ഓരോ 1000 ചുവടുകൾ ചേർക്കുമ്പോഴും CVD അപകടസാധ്യത കുറയുന്നതായി മസാച്യുസെറ്റ്‌സ് സർവകലാശാലയിൽ നിന്നുള്ള പ്രമുഖ ലേഖിക ഡോ.അമാൻഡ പലൂച്ച് പറഞ്ഞു. പഠനത്തിൽ പങ്കെടുത്തവരുടെ ശരാശരി പ്രായം 63 വയസായിരുന്നു, 52 ശതമാനവും സ്ത്രീകളായിരുന്നു. പ്രതിദിനം 2,000 ചുവടുകൾ നടക്കുന്നവരെ, പ്രതിദിനം 6,000 മുതൽ 9,000 വരെ ചുവടുകൾ നടക്കുന്നവരുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇവർക്ക് ഹൃദയാഘാതവും പക്ഷാഘാതവും ഉൾപ്പെടെയുള്ള ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത 40 ശതമാനം മുതൽ 50 ശതമാനം വരെ കുറയുന്നതായി ഗവേഷകർ കണ്ടെത്തി.

”ഈ പഠനം മറ്റ് നിരവധി വലിയ രീതിയിലുള്ള പഠനങ്ങളുടെ കണ്ടെത്തലുകളെ പ്രതിധ്വനിപ്പിക്കുന്നു. ദിവസവും 7,000-10,000 ചുവടുകൾ നടക്കുന്നത് ഹൃദയ സംബന്ധമായ ആരോഗ്യത്തിന് അനുയോജ്യമാണെന്ന് പഠനം കാണിക്കുന്നു. ഇത് ചെയ്യാൻ വലിയ പ്രയാസമില്ല. സ്‌റ്റെയർകേസ് കൂടുതൽ ഉപയോഗിക്കുക, കാർ അൽപം ദൂരെ പാർക്ക് ചെയ്തശേഷം നടക്കുക, ചെറിയ ജോലികൾ സ്വയം ചെയ്യുക തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങൾ വർധിപ്പിച്ചാൽ അനായാസമായി ഈ ലക്ഷ്യം നേടാനാകും. ഒരു ദിവസം കൊണ്ട് ഈ ലക്ഷ്യം നേടാൻ ശ്രമിക്കരുത്. പതിയെ പതിയെ ചുവടുകൾ കൂട്ടുക. ഒരാഴ്ചത്തേക്ക് ദിവസവും 500 ചുവടുകൾ നടക്കുക. അതിനുശേഷം, ലക്ഷ്യം കൈവരിക്കുന്നതുവരെ ഓരോ ആഴ്ചയും 500 ചുവടുകൾ കൂട്ടുക,” മുംബൈയിലെ സർ എച്ച്എൻ റിലയൻസ് ഫൗണ്ടേഷൻ ഹോസ്പിറ്റലിലെ റീഹാബിലിറ്റേഷൻ ആൻഡ് സ്പോർട്സ് മെഡിസിൻ ഡയറക്ടർ ഡോ.ആഷിഷ് കോൺട്രാക്ടർ അഭിപ്രായപ്പെട്ടു.

ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും ആരോഗ്യം നിലനിർത്തുന്നതിന് നടത്തം പ്രയോജനകരമാണെന്ന സന്ദേശം ഈ പഠനം ശക്തിപ്പെടുത്തുന്നതായി കരുതുന്നുവെന്ന് ഡോ. കെ.ശ്രീനാഥ് റെഡ്ഡി പറഞ്ഞു. പ്രായമായവരിലും നടത്തം നന്നായി പ്രവർത്തിക്കുന്നുവെന്നതിന് പഠനം തെളിവ് നൽകുന്നു. ”ഒരു വ്യക്തി ഒരു ദിവസം 3000 ചുവടുകളിൽ നിന്ന് 9000 ചുവടുകളിലേക്ക് മാറുമ്പോൾ, പ്രയോജനം കൂടുന്നു. ദിവസവും 6,000 ചുവടുകളിലധികം നടക്കുന്നത് പേശികളിലെ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുകയും ഹൃദയത്തിനും രക്തക്കുഴലുകൾക്കും ഗുണം ചെയ്യുകയും വീക്കം കുറയ്ക്കുകയും ചെയ്യും. രക്തസമ്മർദവും ശരീരഭാരവും നിയന്ത്രണത്തിലാക്കാനും സഹായിക്കും,” അദ്ദേഹം പറഞ്ഞു.

ശാരീരിക പ്രവർത്തനങ്ങൾ ഹൃദയാരോഗ്യത്തിൽ ഗുണം ചെയ്യുമെന്ന് കൺസൾട്ടന്റ് കാർഡിയോളജിസ്റ്റ് ഡോ.ഭൂഷൺ ബാരി പറയുന്നു. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും നടക്കാൻ സമയം കണ്ടെത്താത്തവർക്കും ഈ പഠനം പ്രാധാന്യമർഹിക്കുന്നു. 1,000 മുതൽ 2,000 വരെ ചുവടുകളുടെ ചെറിയ വർധനവ് പോലും വളരെയധികം ഗുണം ചെയ്യും. പ്രമേഹം, ഹൈപ്പർടെൻഷൻ, ഡിസ്ലിപിഡെമിയ തുടങ്ങിയ അപകടസാധ്യതയുള്ള വ്യക്തികളിൽ ഇതിന്റെ പ്രയോജനം കൂടുതൽ പ്രകടമാണെന്ന് അവർ അഭിപ്രായപ്പെട്ടു.

”നടത്തം, ഓട്ടം തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങൾ ആരോഗ്യപ്രശ്നങ്ങൾ തടയാൻ വളരെ സഹായകരമാണെന്ന് കാണിക്കുന്ന എണ്ണമറ്റ പഠനങ്ങളുണ്ട്. ഏതൊരു ശാരീരിക പ്രവർത്തനവും ഹൃദയമിടിപ്പ് വർധിപ്പിക്കും എന്നതാണ് ഇതിന് പിന്നിലെ ശാസ്ത്രീയ കാരണം. ഏതെങ്കിലും ശാരീരിക പ്രവർത്തനത്തിൽ ഏർപ്പെടുന്ന സമയത്ത് ഹൃദയമിടിപ്പ് 100-ൽ കൂടുതലാണെങ്കിൽ ഹൃദയത്തിന്റെ ഉൽപാദനവും രക്തചംക്രമണവും വർധിപ്പിക്കും,” ഹൃദയ ശ്വാസകോശ മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.സഞ്ജീവ് ജാദവ് പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Can 6000 to 9000 steps a day keep heart attacks at bay among older adults

Best of Express