രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ കാപ്പി കുടിക്കുന്ന ശീലമുളള നിരവധി പേരുണ്ട്. കാപ്പിയുടെ ഉപയോഗം അനുസരിച്ച് അവയ്ക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ചിലർക്ക് ഇത് ഊഷ്മളമായ അനുഭവം നൽകുന്നു. ശ്രദ്ധയും ജാഗ്രതയും വർധിപ്പിക്കാൻ കാപ്പി സഹായിക്കും. അതേസമയം, രാത്രിയിൽ കാപ്പി കുടിക്കുന്നത് ഉറക്കത്തെ തടസ്സപ്പെടുത്തും.
കഫീൻ പ്രാഥമികമായി നമ്മുടെ ശരീരത്തിലെ കേന്ദ്ര നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു, ഇത് തലച്ചോറിലെ ന്യൂറോ ട്രാൻസ്മിറ്ററുകളെ നേരിട്ട് ബാധിക്കുന്നു. കാപ്പി അമിതമായി കുടിക്കുന്നത് ഉറക്കമില്ലായ്മയ്ക്ക് കാരണമാകുമെന്ന് ന്യൂട്രീഷ്യണലിസ്റ്റ് മുഗ്ധ പ്രധാൻ പറയുന്നു.
കഫീൻ ഉറക്ക ചക്രത്തെ മാത്രമല്ല, നമ്മുടെ ശരീരത്തിലെ എൻഡോക്രൈൻ സിസ്റ്റത്തെയും സാരമായി ബാധിക്കുന്നു. രക്തത്തിൽ അഡ്രിനാലിൻ ഉത്പാദിപ്പിക്കുന്ന അഡ്രീനൽ ഗ്രന്ഥിയെ ഉത്തേജിപ്പിക്കുകയും ഗ്ലൂക്കോസ് റിസർവോയറുകൾ പുറത്തുവിടുകയും ഹൃദയമിടിപ്പ് വർധിപ്പിക്കുകയും കോർട്ടിസോളിന്റെ അളവ് ഉയർത്തുകയും ചെയ്യുന്നു.
കഫീൻ പഞ്ചസാരയുടെ അളവ് കൂട്ടുകയും ഇൻസുലിൻ വർധിപ്പിക്കുകയും ചെയ്യുന്നു. ഇൻസുലിൻ വർധിക്കുന്നത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന് കാരണമാകുമെന്ന് ന്യൂട്രീഷ്യണലിസ്റ്റ് പറഞ്ഞു. കഫീന്റെ ദിവസേനയുളള ഉപഭോഗം ഗുണങ്ങളേക്കാൾ ചിലപ്പോൾ കൂടുതൽ ദോഷങ്ങളുണ്ടാക്കും. കഫീൻ കാരണമുളള രക്തത്തിലെ പഞ്ചസാരയുടെ അളവിലെ മാറ്റങ്ങൾ ശരീരഭാരം, മറ്റ് ജീവിതശൈലി വൈകല്യങ്ങൾ എന്നിവയ്ക്കും കാരണമാകുമെന്ന് അവർ പറഞ്ഞു.
കാപ്പിക്ക് പകരമായി ആരോഗ്യകരമായ മറ്റെന്തെങ്കിലും തിരഞ്ഞെടുക്കാം. മറ്റെല്ലാ പദാർത്ഥങ്ങളെയും പോലെ കാപ്പിയോടുളള ആസക്തി പ്രശ്നമാണ്. ഇടയ്ക്ക് എപ്പോഴെങ്കിലും ഒരു കപ്പ് കാപ്പി കുടിക്കുന്നത് ദോഷകരമല്ലെങ്കിലും, ദൈനംദിന ജീവിതത്തിൽ ഇത് പൂർണ്ണമായും ആശ്രയിക്കുന്നത് ശരീരത്തിന് ദോഷകരമാണെന്ന് അവർ അഭിപ്രായപ്പെട്ടു.