ശീതളപാനീയങ്ങൾ മുതൽ മധുരപലഹാരങ്ങൾ വരെ നമ്മൾ സ്ഥിരമായി കഴിക്കുന്ന ഒട്ടുമിക്ക ഭക്ഷണവിഭവങ്ങളുടേയും പ്രധാന ചേരുവയാണ് പഞ്ചസാര. എന്നാൽ, അധികമായാൽ പഞ്ചസാരയെപ്പോലെയൊരു വില്ലൻ വേറെയില്ല. പ്രമേഹം, ഹൃദ്രോഗം, അമിതവണ്ണം തുടങ്ങിയ മിക്ക ആരോഗ്യപ്രശ്നങ്ങളുടെയും പ്രധാനകാരണവും പഞ്ചസാര തന്നെ.
മേല്പറഞ്ഞ ആരോഗ്യപ്രശ്നങ്ങൾകൊണ്ടുതന്നെ, പഞ്ചസാര പൂർണമായും ഒഴിവാക്കാനോ ആരോഗ്യകരമായ മറ്റ് ബദലുകൾ പരിഗണിയ്ക്കാനോ നമ്മളിൽ പലരും ശ്രമിക്കാറുണ്ട്. ഈ ഒരു സാഹചര്യത്തിൽ ഉയർന്നുവരുന്ന ഒരു വാദമാണ് ‘സാധാരണ പഞ്ചസാരയേക്കാൾ നല്ലത് ബ്രൗൺ ഷുഗർ, അല്ലെങ്കിൽ തവിട്ട് നിറത്തിലുള്ള പഞ്ചസാരയാണെന്നുള്ളത്’. എന്നാലിത് എത്രത്തോളം ശരിയാണ്?
“ബ്രൗൺ ഷുഗർ, ഗുണനിലവാരമുള്ളതെങ്കിൽ, സാധാരണ പഞ്ചസാരയേക്കാൾ ചില അധിക ധാതുക്കൾ (കാൽസ്യം പോലെയുള്ളവ) അവയിൽ ഉണ്ടാവും. എന്നാൽ ആരോഗ്യപരമായി നോക്കിയാൽ ഇത് കഴിക്കുന്നതുകൊണ്ട് പ്രത്യേകഗുണങ്ങളൊന്നുമില്ല,” ബാംഗ്ലൂരിലെ അപ്പോളോ സ്പെക്ട്ര ഹോസ്പിറ്റലിലെ ചീഫ് ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റായ ശരണ്യ ശാസ്ത്രി പറയുന്നു.
ഏതാണ്ട് സമാനമായ അഭിപ്രായമാണ് ജയ്പൂർ നാരായണ മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ കൺസൾട്ടന്റ് ഡോക്ടർ അജയ് നായർക്കും പറയാനുള്ളത്. “ബ്രൗൺ ഷുഗറാണോ സാധാരണ പഞ്ചസാരയാണോ ഉപയോഗിക്കുന്നതെന്നത് തീർത്തും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളിലധിഷ്ടിതമാണ്. ഇവ രണ്ടും തമ്മിലുള്ള വ്യത്യാസം വെറും രുചിയിലും നിറത്തിലും മാത്രമാണ്. സാധാരണ പഞ്ചസാരയേക്കാൾ കൂടുതൽ ധാതുക്കൾ ബ്രൗൺ ഷുഗറിൽ അടങ്ങിയിട്ടുണ്ടെങ്കിലും, ഈ മൂലകങ്ങളുടെ അളവ് വളരെ ചെറുതായിരിക്കും. ഇത് കാര്യമായ ആരോഗ്യ ഗുണങ്ങളൊന്നും നൽകുന്നില്ലതാനും,” അദ്ദേഹം പറഞ്ഞു.
അതുകൊണ്ടുതന്നെ ബ്രൗൺ ഷുഗറിലെ ഈ ധാതുക്കളുടെ സാന്നിധ്യമാണ് അവയെ സാധാരണ പഞ്ചസാരയെക്കാൾ ആരോഗ്യകരമാക്കുന്നതെന്നാണ് നിങ്ങൾ വിശ്വസിക്കുന്നതെങ്കിൽ അത് തെറ്റാണ്. “ബ്രൗൺ ഷുഗറിൽ സാധാരണ പഞ്ചസാരയേക്കാൾ കൂടുതൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. 100 ഗ്രാമിൽ 83 മില്ലിഗ്രാമാണ് ബ്രൗൺ ഷുഗറിൽ കാൽസ്യത്തിന്റെ അളവെങ്കിൽ 100 ഗ്രാം സാധാരണ പഞ്ചസാരയിൽ 1 മില്ലിഗ്രാം മാത്രമാണ് ഇതിന്റെ അളവ്. അതുപോലെതന്നെ ഇരുമ്പ് പോലുള്ള മറ്റ് ധാതുക്കളുടെ സാന്നിധ്യവും താരതമ്യേന ബ്രൗൺ ഷുഗറിൽ അല്പം കൂടുതലാണ്. എന്നിരുന്നാലും, ഒരു ടീസ്പൂൺ വീതം പഞ്ചസാര എടുക്കുമ്പോൾ ഈ വ്യത്യാസങ്ങൾ വളരെ ചെറുതാണ്. കാരണം പഞ്ചസാര ഒരിക്കലുമൊരു പോഷകസമ്പന്നമായ ആഹാരമല്ല. ‘ശൂന്യമായ കലോറി’ എന്നാണ് ആളുകൾ ഇത്തരം ഭക്ഷണങ്ങളെ പരാമർശിക്കുന്നതുപോലും,” ബാംഗ്ലൂരിലെ അപ്പോളോ ഹോസ്പിറ്റൽസിലെ ചീഫ് ക്ലിനിക്കൽ ഡയറ്റീഷ്യനായ ഡോ. പ്രിയങ്ക റോത്തഗി വിശദീകരിച്ചു.
പിന്നെ, ബ്രൗൺ ഷുഗർ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു? “ശര്ക്കരപ്പാനിയടങ്ങിയ പഞ്ചസാരയുടെ ഒരു രൂപമാണ് തവിട്ട് നിറമുള്ള ബ്രൗൺ ഷുഗർ. ഇത് വാണിജ്യപരമായും നാച്ചുറലായും ഉത്പാദിപ്പിക്കാം. കൂടുതൽ സ്വാദും മാര്ദ്ദവവും വേണ്ടിവരുന്ന ബേക്കിംഗ് പാചകങ്ങൾക്ക് ബ്രൗൺ ഷുഗർ പഞ്ചസാരയെക്കാൾ ഉത്തമമായിരിക്കും.” ഡോക്ടർ അജയ് വിശദീകരിച്ചു.
എത്രമാത്രം കഴിക്കാം?
“സ്ത്രീകളെ സംബന്ധിച്ചിടത്തോളം പ്രതിദിനം 6 ടീസ്പൂൺ പഞ്ചസാര ഉപയോഗിക്കാം. മധുരപലഹാരങ്ങൾ സിറപ്പുകൾ പോലുള്ളവയിലടങ്ങിയത് 100 കലോറിയുമാകാം. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം ഈ പരിധി 9 ടീസ്പൂണും 150 കലോറിയുമാണ്.” ഡോക്ടർ നായർ പറഞ്ഞു.
എന്നാൽ ഒരു ദിവസത്തിൽ, 2 ടീസ്പൂൺ (10 ഗ്രാം) പഞ്ചസാര (ജ്യൂസ്/പാചകം/മധുരം/പാനീയം എന്നിവയുടെ രൂപത്തിൽ) മാത്രമാണ് ഡോക്ടർ ശാസ്ത്രി ശുപാർശ ചെയ്യുന്നത്.
പാർശ്വഫലങ്ങൾ
മിതമായ അളവിലാണ് കഴിക്കുന്നതെങ്കിൽ ബ്രൗൺ ഷുഗർ സുരക്ഷിതവും ആരോഗ്യകരവുമാണ്. എന്നാൽ സാധാരണ പഞ്ചസാര പോലെ, അമിതമായി ഉപയോഗിച്ചാൽ ബ്രൗൺ ഷുഗറും നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. “ബ്രൗൺ ഷുഗറിന്റെ അമിതമായ ഉപയോഗം ഇൻസുലിൻ പ്രതിരോധം, ശരീരഭാരവർദ്ധന, യീസ്റ്റ് അണുബാധ എന്നിവയ്ക്ക് കാരണമാകാം. ” ഡോക്ടർ ശാസ്ത്രി പറഞ്ഞു.