സ്ത്രീകൾക്കിടയിലെ സ്തനാർബുദ സാധ്യത വിലയിരുത്താൻ കഴിയുന്ന പുതിയ മാർഗം വികസിപ്പിപ്പിച്ച് മലയാളി ഡോക്ടർ ദമ്പതിമാർ. കൃത്യമായി എപ്പോഴാണ് പരിശോധനയ്ക്ക് വിധേയയാവേണ്ടതെന്ന് കണ്ടെത്താവുന്നതിന് സഹായകരമായ തരത്തിലാണ് ഈ റിസ്ക് കാൽക്കുലേറ്ററിന്റെ പ്രവർത്തനം.
ഏഴ് ചോദ്യങ്ങൾ ചോദിക്കുകയും അവയുടെ ഉത്തരം പരിശോധിച്ച് സ്കോർ നിർണയിക്കുകയും ചെയ്യുന്ന തരത്തിലാണ് ഇതിന്റെ പ്രവർത്തനം. നേരത്തേ രോഗസാധ്യത കണ്ടെത്തിയാൽ സ്തനാർബുദത്തെ അതിജീവിക്കാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കാനാവും എന്നതിനാൽ ഈ കണ്ടെത്തൽ കൂടുതൽ പ്രസക്തമാവുകയാണ്.
തിരുവനന്തപുരത്തെ ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ പ്രൊഫസർ ഡോ റെജി ജോസ്, റീജിയണൽ കാൻസർ സെന്ററിലെ (ആർസിസി) സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ പോൾ അഗസ്റ്റിൻ എന്നിവരാൻണ് പുതിയ റിസ്ക് കാൽക്കുലേറ്റർ ആവിഷ്കരിച്ചിരിക്കുന്നത്. കേരളത്തിലെ സ്ത്രീകളിൽ സ്തനാർബുദം വരാനുള്ള സാധ്യത കണക്കാക്കുന്നതിൽ ഗെയിൽ മോഡലിന്റെ ഉപയോഗത്തെക്കുറിച്ച് വിപുലമായ പഠനം നടത്തിയതിന് ശേഷമാണ് ഈ കണ്ടെത്തിലിലേക്ക് എത്തിച്ചേർന്നത്.
ഡോ. ജോസിന്റെ പ്രബന്ധത്തിന്റെ ഭാഗമായ ഈ പഠനം 2003 ജൂൺ മുതൽ 2005 മാർച്ച് വരെ ആർസിസിയിലും തലസ്ഥാനത്ത് കോർപ്പറേഷൻ പരിധിയിലുള്ള പ്രദേശങ്ങളിലും നിന്നും ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു നടത്തിയത്. 1580 പേരുടെ വിവരങ്ങളാണ് ശേഖരിച്ചത്. അതിൽ സ്തനാർബുദം കണ്ടെത്തിയ സ്ത്രീകളും അല്ലാത്തവരും ഉൾപ്പെട്ടിരുന്നു.
ഗെയിൽ മോഡൽ കുറഞ്ഞ ‘സംവേദകക്ഷമത’ ഉള്ളതാണെന്നും പഠനത്തിനായി തിരഞ്ഞെടുത്ത ജനസംഖ്യയിലെ പ്രധാന അപകടസാധ്യതയുയർത്തുന്ന ഘടകങ്ങൾ പ്രായം, മുമ്പത്തെ ബ്രീസ്റ്റ് ബയോപ്സി, സ്തനാർബുദമുള്ള ഫസ്റ്റ് ഡിഗ്രി ബന്ധുക്കൾ, ആദ്യ പ്രസവ സമയം വൈകൽ (എഫ്എൽബി), മുലയൂട്ടൽ ഇല്ലാതിരിക്കൽ എന്നിവയാണെന്നും കണ്ടെത്തി. ഗെയിലിന്റെ ഉപകരണം യുഎസിൽ ഉപയോഗപ്രദമായിരിക്കാം, പക്ഷേ നമ്മുടെ നാട്ടിൽ ഉയർന്ന അപകടസാധ്യതയുള്ള സ്ത്രീകളുടെ കാര്യത്തിൽ അത് അത്ര ഉപയോഗപ്രദമല്ല എന്നാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
“ഇവിടെ സ്ത്രീകൾക്കിടയിൽ ഗെയിൽ മോഡലിന്റെ സംവേദനക്ഷമത 14.2 ശതമാനം മാത്രമാണെന്ന് കണ്ടെത്തി, അതിനാൽ ഇത് ഇവിടെ ഉപയോഗപ്രദമാകില്ല. അതിനാൽ ഇവിടെയുള്ള സ്ത്രീകൾക്കിടയിലെ അപകടസാധ്യത മനസിലാക്കുന്നതിനും സ്കോർ തയ്യാറാക്കാൻ സഹായിക്കുന്നതിനും ഞാൻ സ്റ്റാറ്റിസ്റ്റിക്കൽ മോഡലിംഗ് നടത്തി ഒരു ലോജിസ്റ്റിക് റിഗ്രഷൻ സമവാക്യം സൃഷ്ടിച്ചു. ഏഴ് വേരിയബിളുകളുടെ സഹായത്തോടെ, ഞങ്ങൾ ആവിഷ്കരിച്ച കാൽക്കുലേറ്ററിന് അപകടസാധ്യത 0 നും 1 നും ഇടയിലെന്ന തരത്തിൽ പ്രവചിക്കാൻ കഴിയും, ” ഡോ റെജി ജോസ് പറഞ്ഞു. സ്‌ത്രീകൾക്കിടയിൽ സ്തനാർബുദം നേരത്തേ കണ്ടെത്തുന്നതിനായി പ്രവർത്തിക്കുന്ന എൻജിഒ ആയ സ്‌നേഹിതയുടെ മെഡിക്കൽ ഡയറക്ടർ കൂടിയാണ് ഡോ റെജി ജോസ്.
വാസ്തവത്തിൽ, ഡോക്ടർമാരുടെ സൂത്രവാക്യം ഒരു ഓൺലൈൻ കാൽക്കുലേറ്ററായി പരിവർത്തനം ചെയ്തത് സ്നേഹിതയിലെ സാങ്കേതിക സംഘമാണ്, അതിന്റെ വെബ്‌സൈറ്റിൽ (snehita.in/risk) എളുപ്പത്തിൽ ആക്സസ് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. സംവേദനക്ഷമത 76 ശതമാനമാണ് ഇതിനെന്നും അവർ പറഞ്ഞു.
“|നിങ്ങൾ എത്ര തവണ സ്‌ക്രീനിംഗിന് വിധേയരാകണമെന്ന് ഇത് നിങ്ങളോട് പറയുന്നു. നിങ്ങളുടെ സ്കോർ 0.5 ൽ താഴെയാണെങ്കിൽ, നിങ്ങൾ അപകടസാധ്യത കുറവാണ്. 0.5 നും 0.75 നും ഇടയിലുള്ള സ്കോർ മിതമായ അപകടസാധ്യതയെ സൂചിപ്പിക്കുന്നു. 0.75നേക്കാൾ ഉയർന്ന സ്കോർ നിങ്ങൾ ഉയർന്ന അപകടസാധ്യതയിലാണെന്ന് കാണിക്കുന്നു, ”ഡോ. റെജി ജോസ് പറഞ്ഞു.
നിലവിലെ പ്രായം, ആർത്തവവിരാമം, ആദ്യത്തെ ആദ്യ പ്രസവം നടന്ന പ്രായം, പ്രസവങ്ങളുടെ എണ്ണം, മുലയൂട്ടൽ, സ്തനാർബുദമുള്ള ഫസ്റ്റ് ഡിഗ്രി ബന്ധുക്കളുടെ എണ്ണം, ആകെ ബ്രീസ്റ്റ് ബയോപ്സികൾ എന്നിവയാണ് കാൽക്കുലേറ്റർ കണക്കിലെടുക്കുന്ന ഏഴ് മാനദണ്ഡങ്ങൾ. 30 വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് ഈ ഉപകരണം വളരെ കൃത്യമാണെന്ന് ഡോക്ടർ പറഞ്ഞു. ഉയർന്ന സ്കോർ അർത്ഥമാക്കുന്നത് സ്ത്രീ പതിവായി സ്ക്രീനിംഗിനും ചെക്ക്-അപ്പുകൾക്കും വിധേയമാകണം എന്നാണ്. അതേസമയം, കുറഞ്ഞ സ്കോർ അപകടസാധ്യതയുണ്ടാവില്ലെന്ന് ഉറപ്പുനൽകുന്നില്ലെന്നും പതിവ് സ്ക്രീനിംഗ് പ്രധാനമാണെന്നും അവർ പറഞ്ഞു .
“അപകടസാധ്യത കുറവുള്ളവർ പോലും 30 വയസ് മുതൽ ക്ലിനിക്കൽ സ്തനപരിശോധനയും 50ാം വയസിൽ അടിസ്ഥാന മാമോഗ്രാമും നടത്താൻ ഞങ്ങൾ ഉപദേശിക്കുന്നു. മിതമായ അപകടസാധ്യതയുള്ളവർക്ക്, ക്ലിനിക്കൽ സ്തനപരിശോധനകൾക്കിടയിലെ സമയപരിധി ആറ് മുതൽ പന്ത്രണ്ട് മാസം വരെ ആവാം. നമ്മുടെ ആളുകളുടെ പ്രശ്നം അവർ ഒരുതവണ മാമോഗ്രാം അല്ലെങ്കിൽ ക്ലിനിക്കൽ സ്തനപരിശോധനയ്ക്ക് വിധേയരാകുന്നു, കാൻസർ നിർണയിക്കുന്ന തരത്തിൽ ഒന്നുമില്ലെങ്കിൽ, അവർ ജീവിതത്തിൽ സുരക്ഷിതരാണെന്ന് കരുതുന്നു, പിന്നീട് പരിശോധന തുടരില്ല. അങ്ങനെയല്ല ഇത് പോവേണ്ടത്. പതിവായി പരിശോധന നടത്താൻ തയ്യാറായിരിക്കണം, ”അവർ പറഞ്ഞു.
കേരളത്തിലെ സ്തനാർബുദ രോഗികളിൽ 50 ശതമാനവും 50 വയസ്സിന് താഴെയുള്ളവരാണ് എന്ന് ഡോ റെജി ജോസ് പറഞ്ഞു. നേരത്തേ കണ്ടുപിടിച്ചാൽ ശസ്ത്രക്രിയയിലൂടെ ഉചിതമായ ചികിത്സയിലൂടെ 90 ശതമാനത്തിലധികം രോഗം ഭേദമാകുമെന്ന് ഉറപ്പാക്കാമെന്നും അവർ പറഞ്ഞു.
ഇന്ത്യയിൽ, സ്തനാർബുദം ഇന്ന് സ്ത്രീകളിൽ ഏറ്റവും സാധാരണമായ ക്യാൻസറാണ്, ഗർഭാശയ കാൻസറിനേക്കാൾ കൂടുതൽ ഓരോ നാല് മിനിറ്റിലും ഒരു സ്ത്രീക്ക് ഈ രോഗം നിർണയിക്കുന്നു.
Read More: Kerala doctor couple devises online risk calculator for breast cancer
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook