മസ്തിഷ്‌കാര്‍ബുദം നേരത്തേ കണ്ടുപിടിക്കാന്‍ മൂത്രപരിശോധന ഉപകരണം വികസിപ്പിച്ചെടുത്ത് ജപ്പാനിലെ ശാസ്ത്രജ്ഞര്‍. നഗോയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണു നിര്‍ണായക കണ്ടുപിടിത്തം നടത്തിയത്. ഒരാള്‍ക്കു ബ്രെയിന്‍ ട്യൂമറുണ്ടെങ്കില്‍ അതു സൂചിപ്പിക്കുന്ന മൂത്രത്തിലെ പ്രധാന മെംബ്രന്‍ പ്രോട്ടീന്‍ തിരിച്ചറിയാന്‍ കഴിയുന്നതാണ് ഈ ഉപകരണം.
മെംബ്രന്‍ പ്രോട്ടീന്‍ നിര്‍ണയിക്കപ്പെടുന്നതിലൂടെ ശസ്ത്രക്രിയ ആവശ്യമായ മുഴകള്‍ നേരത്തേ കണ്ടെത്താനും സങ്കീര്‍ണമായ പരിശോധനകളുടെ ആവശ്യമില്ലാതെ മസ്തിഷ്‌കാര്‍ബുദം തിരിച്ചറിയാനും സാധിക്കും.
ബ്രെയിന്‍ ട്യൂമര്‍ അതിജീവന നിരക്ക് 30 വര്‍ഷത്തിലേറെയായി ഫലത്തില്‍ മാറ്റമില്ലാതെ തുടരുകയാണെന്നും ഇതു രോഗം വൈകി കണ്ടെത്തുന്നതു മൂലമാണെന്നും നഗോയ സര്‍വകലാശാല അഭിപ്രായപ്പെടുന്നു. സംസാരശേഷി നഷ്ടപ്പെടുന്നതു പോലെയുള്ള ന്യൂറോളജിക്കല്‍ ലക്ഷണങ്ങള്‍ പ്രകടമായശേഷം മാത്രമാണു ഡോക്ടര്‍മാര്‍ പലപ്പോഴും ബ്രെയിന്‍ ട്യൂമറുകള്‍ കണ്ടെത്തുന്നത്. അപ്പോഴേക്കും ട്യൂമര്‍ ഗണ്യമായ വലുപ്പത്തിലെത്തിയിട്ടുണ്ടാവും.
ട്യൂമറുമായി ബന്ധപ്പെട്ട എക്‌സ്ട്രാ സെല്ലുലാര്‍ വെസിക്കിളുകളുടെ (ഇവി) സാന്നിധ്യം മൂത്രത്തില്‍ കാണുന്നതാണു ബ്രെയിന്‍ ട്യൂമര്‍ ഉണ്ടെന്നുള്ളതിന്റെ ഒരു സൂചന. ഈ ഇ വികള്‍ സെല്‍-ടു-സെല്‍ ആശയവിനിമയം ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്ന ദ്രാവകം നിറഞ്ഞ നാനോ വലിപ്പത്തിലുള്ള മെംബ്രനുകളാണ്.
”നിലവില്‍, ഇവി ഐസൊലേഷനും കണ്ടെത്തല്‍ രീതികള്‍ക്കും രണ്ടില്‍ കൂടുതല്‍ ഉപകരണങ്ങളും ഇ വികളെ വേര്‍തിരിച്ച് കണ്ടെത്താന്‍ ഒരു പരിശോധനയും ആവശ്യമാണ്,” പഠനസംഘത്തെ നയിച്ച അസോസിയേറ്റ് പ്രൊഫസര്‍ തകാവോ യാസുയി പറഞ്ഞു.
”ഓള്‍-ഇന്‍-വണ്‍ നാനോവയര്‍ പരിശോധനയില്‍ ലളിതമായ നടപടിക്രമം ഉപയോഗിച്ച് ഇവികളെ വേര്‍തിരിക്കാനും കണ്ടെത്താനും കഴിയും. ഭാവിയില്‍, ഉപയോക്താക്കള്‍ക്കു ഞങ്ങളുടെ പരിശോധനയിലൂടെ സാമ്പിളുകള്‍ വിശകലനം ചെയ്യാനും മറ്റു തരത്തിലുള്ള കാന്‍സറുകള്‍ കണ്ടെത്തുന്നതിനു നിര്‍ദിഷ്ട മെംബ്രന്‍ പ്രോട്ടീനുകളോ ഇവികള്‍ക്കുള്ളിലെ എംഐആര്‍എന്‍എകെളോ കണ്ടെത്തുന്നതിന് അതു തിരഞ്ഞെടുത്ത് പരിഷ്‌കരിച്ചുകൊണ്ട് കണ്ടെത്തല്‍ ഭാഗത്തില്‍ മാറ്റം വരുത്താനും കഴിയും,”കാവോ യാസുയി പ്രസ്താവനയില്‍ പറഞ്ഞു. എ സി എസ് നാനോയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
ഈ ഇ വികള്‍ മസ്തിഷ്‌കം പുറന്തള്ളുന്നുണ്ടെങ്കിലും, അവയില്‍ പലതും അര്‍ബുദ കോശങ്ങളില്‍നിന്ന് സ്ഥിരമായി നിലനില്‍ക്കുകയും വിഘടിക്കാതെ മൂത്രത്തോടൊപ്പം പുറത്തുപോകുകയും ചെയ്യുന്നു. ഇവ കണ്ടെത്തുന്നതിന്, വെല്‍ പ്ലേറ്റിന്റെ അടിഭാഗത്ത് നാനോ വയറുകള്‍ ഉപയോഗിക്കുന്ന ഒരു വിശകലന പ്ലാറ്റ്‌ഫോം ഗവേഷകര്‍ നിര്‍മിച്ചു. ഈ ഉപകരണം ഉപയോഗിച്ച്, ബ്രെയിന്‍ ട്യൂമര്‍ രോഗികളുടെ മൂത്ര സാമ്പിളുകളില്‍ രണ്ടു പ്രത്യേക തരം ഇവി മെംബ്രണുകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞു.
മസ്തിഷ്‌കാര്‍ബുദം കണ്ടെത്തുന്നതിനുള്ള ഫലപ്രദവും ലളിതവും സങ്കീര്‍ണവുമല്ലാത്ത രീതിയാണു മൂത്രപരിശോധനയെന്നാണു യാസുയി പറയുന്നത്. കാരണം മൂത്രത്തില്‍ ധാരാളം ജീവതന്മാത്രകള്‍ അടങ്ങിയിരിക്കുന്നു. അതു രോഗം തിരിച്ചറിയാന്‍ സഹായിക്കുന്നു.