ദൃഢമായ ശാരീരിക ശേഷി അസ്ഥി ആരോഗ്യത്തിന്റെ ഫലമാണ്. ദുർബലമായ അസ്ഥികൾ ശരീരത്തിൽ പരുക്കുകൾ ഉണ്ടാക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. ഓസ്റ്റിയോപൊറോസിസ് (അസ്ഥി ക്ഷയം) എന്നത് മുതിർന്നവരുടെ ഒരു പ്രശ്നമാണ്.

നട്ടെല്ല് വേദന, കൈത്തണ്ട ഒടിവുകൾ പ്രായമായവരിൽ (40- 65 വയസ് പ്രായമുള്ളവർ) കാണപ്പെടാൻ സാധ്യതയുണ്ടെന്നത് ശരിയാണെങ്കിലും, നിങ്ങൾക്ക് വളരെ നേരത്തെ ഒടിവുണ്ടാവുകയോ, ഓസ്റ്റിയോപൊറോസിസിന്റെ ലക്ഷണങ്ങൾ കാണിക്കുകയോ ചെയ്താൽ വളരെ വൈകിപ്പോയെന്ന് മനസിലാക്കുക. അതിനാൽ അസ്ഥികളുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്, പ്രത്യേകിച്ചും നിങ്ങൾക്ക് ഓസ്റ്റിയോപൊറോസിസ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെങ്കിൽ.

Read Also: പുസ്തകം വായിക്കൂ, ഉറക്കം നിങ്ങളെ തേടിയെത്തും

അസ്ഥികളുടെ അനാരോഗ്യത്തെ സൂചിപ്പിക്കുന്ന ചില അടയാളങ്ങളെക്കുറിച്ച് പറയുകയാണ് കല്യാണിലെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ജോയിന്റ് റീപ്ലെയ്സ്മെന്റ് ആൻഡ് സ്പൈൻ സർജൻ കൺസൾട്ടന്റ് ഡോ.കെ.എസ്.രാഘവേന്ദ്ര.

നഖങ്ങളിലെ പൊട്ടൽ

നഖങ്ങൾ പൊട്ടുന്നത് ആശ്ചര്യകരമല്ല, പക്ഷേ തുടർച്ചായി നഖം പിളരുന്നതും പൊട്ടുന്നതും ശ്രദ്ധയിൽപ്പെട്ടാൽ, അതൊരു സിഗ്നൽ ആകാം. നഖങ്ങൾ പൊട്ടുന്നതിനു പിന്നിൽ പല കാരണങ്ങളുണ്ടാകാം. പക്ഷേ ഏറ്റവും പ്രധാനപ്പെട്ട രണ്ട് കാരണങ്ങൾ കാൽസ്യം, പ്രോട്ടീനായ കൊളാജൻ എന്നിവയുടെ അപര്യാപ്ത മൂലമാകാം. പാൽ ഉൽപന്നങ്ങൾ, ഇലക്കറികൾ, സോയ, മത്തി, ബ്രൊക്കോളി എന്നിവ കഴിക്കുന്നതിലൂടെ കാൽസ്യത്തിന്റെ കുറവ് പരിഹരിക്കാനാകും. ചിക്കൻ, മത്സ്യം, ബീൻസ്, മുട്ട, പാലുൽപ്പന്നങ്ങൾ എന്നിവയാണ് കൊളാജൻ അടങ്ങിയ ഉറവിടങ്ങൾ. നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടിയ ശേഷം ഇവ ഉപയോഗിക്കാം.

മോണകൾ അകലുക

ഒരു നിശ്ചിത കാലയളവിനുശേഷമായിരിക്കും ഇത് ശ്രദ്ധയിൽപ്പെടുക. ചില രോഗികളിൽ അവരുടെ മോണകൾ താടിയെല്ലിൽ നിന്ന് പിന്മാറുന്നു, ഇത് ക്രമേണ താടിയെല്ലുകളെ സാരമായി ബാധിക്കുന്നു. ഓസ്റ്റിയോപൊറോസിസ് ബാധിച്ച സ്ത്രീകൾക്ക് ചെറുപ്പത്തിൽ തന്നെ പല്ലുകൾ നഷ്ടപ്പെടാനുള്ള സാധ്യത മൂന്നിരട്ടിയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. നിങ്ങളുടെ ദന്തരോഗവിദഗ്‌ധനെ സന്ദർശിച്ച് കൃത്യസമയത്ത് ചികിത്സ തേടുന്നത് നല്ലതാണ്.

നിരന്തരമായ മലബന്ധം, വേദന

ഇടയ്ക്കിടെയുള്ള പേശികളിലെ വേദനയും ധാതുക്കളുടെയോ വിറ്റാമിൻ കുറവുകളുടെയോ സൂചനയാണ്. ഉടനടി ഡോക്ടറെ കാണുക.

നിങ്ങളുടെ ഹൃദയമിടിപ്പ് പതിവിലും വേഗതയിലാകുന്നു

നിങ്ങളുടെ ശരീരം ഏതെങ്കിലും ശാരീരിക ജോലി ഏറ്റെടുക്കുമ്പോൾ മിനിറ്റിൽ എത്ര തവണ ഹൃദയമിടിക്കുന്നു എന്നതിനെ ഇത് സൂചിപ്പിക്കുന്നു. ഒരു വ്യക്തിയുടെ ഹൃദയമിടിപ്പ് അവന്റെ ശാരീരികക്ഷമതയുടെയും ശാരീരിക ശേഷിയുടെയും പ്രതിഫലനമാണ്. ഹൃദയമിടിപ്പ് മിനിറ്റിൽ 80 ൽ കൂടുതലാണെങ്കിൽ പെൽവിസ്, ഹിപ് അല്ലെങ്കിൽ നട്ടെല്ല് ഒടിവുണ്ടാകാനുള്ള സാധ്യത വർധിപ്പിക്കും. പതിവായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. 30 മിനിറ്റ് വേഗതയുള്ള നടത്തം, ടെന്നീസ്, ഓട്ടം, നൃത്തം എന്നിവ പരിശീലിക്കാം. സുംബ അല്ലെങ്കിൽ എയ്റോബിക് ക്ലാസുകളും പരിഗണിക്കാം.

മദ്യപാനം

liquor, ie malayalam
ചെറുപ്പക്കാരായ യുവതി യുവാക്കളിൽ പോലും 2-3 ഔൺസ് മദ്യം ദിവസവും കഴിക്കുന്നത് എല്ലുകൾക്ക് ദോഷകരമാണ്. അമിതമായി മദ്യപിക്കുന്നവർ അസ്ഥി ക്ഷതത്തിനും ഒടിവുകൾക്കും ഇരയാകും. മോശം ഭക്ഷണക്രമവും ഇതിനുളള സാധ്യത കൂട്ടും.

പുകവലി

ഒരു ദിവസം നാലിൽ കൂടുതൽ സിഗരറ്റുകൾ ഉപയോഗിക്കുന്നത് എല്ലുകളെ ബാധിക്കും. ഇത് ധാതുക്കളുടെ നഷ്ടം, ഒടുവിൽ ഓസ്റ്റിയോപൊറോസിസ്, ഒടിവ് എന്നിവയിലേക്ക് നയിക്കുന്നു.

തൈറോയ്ഡ്, ആസ്മ, ആർത്തവവിരാമത്തിനു ശേഷമുള്ള മരുന്നുകൾ കഴിക്കുന്ന രോഗികൾ എന്നിവരിലും സന്ധി വേദന, ഓസ്റ്റിയോപൊറോസിസ് എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook