/indian-express-malayalam/media/media_files/2025/12/22/blood-sugar-2025-12-22-15-03-25.jpg)
Source: Freepik
പ്രമേഹ രോഗികൾ നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഭക്ഷണത്തിന് ശേഷമോ മറ്റോ രക്തത്തിലെ പഞ്ചസാരയുടെ അളവ് അനിയന്ത്രിതമായി ഉയരുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ഉടൻ തന്നെ മരുന്നുകളെ ആശ്രയിക്കുന്നതാണ് സാധാരണ രീതി. എന്നാൽ ഇതിനേക്കാൾ ഫലപ്രദമായി പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ വേഗത്തിലുള്ള നടത്തം സഹായിക്കുമെന്ന് എൻഡോക്രൈനോളജിസ്റ്റ് ഡോ.ഫ്ലോറൻസ് കോമൈറ്റ് പറഞ്ഞു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ കയ്യിലുള്ള ഏറ്റവും ലളിതവും ഫലപ്രദവുമായ ആയുധമാണ് നടത്തം. ഇനി മുതൽ ഷുഗർ കൂടുമ്പോൾ ടെൻഷൻ അടിക്കാതെ ഒരു 15-20 മിനിറ്റ് നടന്നു നോക്കൂ, മാറ്റം അനുഭവിച്ചറിയാം.
Also Read: രാവിലെ അവൽ, പാൽ ഉത്പന്നങ്ങൾ തൊടാറില്ല; 36-ാം വയസിലും 'അഴകിൻ റാണി' തമന്നയുടെ ഫിറ്റ്‌നസ് രഹസ്യം
നടത്തം എങ്ങനെയാണ് ഗുണകരമാകുന്നത്?
വ്യായാമം ചെയ്യുമ്പോൾ ശരീരത്തിലെ പേശികൾക്ക് കൂടുതൽ ഊർജം ആവശ്യമായി വരുന്നു. പേശികളിലും കരളിലും സംഭരിച്ചിരിക്കുന്ന പഞ്ചസാരയാണ് ഊർജത്തിനായി ശരീരം ആദ്യം ഉപയോഗിക്കുന്നത്. നടത്തത്തിനിടയിൽ പേശികൾ സങ്കോചിക്കുമ്പോൾ അവ രക്തത്തിൽ നിന്നുള്ള ഗ്ലൂക്കോസിനെ വലിച്ചെടുക്കാൻ കൂടുതൽ സജ്ജമാകുന്നു. ഇത് ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് താഴാനും സഹായിക്കുന്നു. ശരീരത്തിലെ കാർബോഹൈഡ്രേറ്റ് സംഭരണശാലകളായി പ്രവർത്തിക്കുന്നത് പേശികളാണ്. അതിനാൽ പേശികൾ എത്രത്തോളം ചലിക്കുന്നുവോ അത്രത്തോളം വേഗത്തിൽ അധിക പഞ്ചസാര ശരീരത്തിൽ നിന്നും നീക്കം ചെയ്യപ്പെടും.
സമയം വളരെ പ്രധാനം
നടക്കുന്ന സമയം പഞ്ചസാര നിയന്ത്രണത്തിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ഭക്ഷണം കഴിച്ചയുടനെ ഇരിക്കുന്നതിനേക്കാൾ, 30 മുതൽ 45 മിനിറ്റിന് ശേഷം ലഘുവായി നടക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. 2018-ൽ 'ന്യൂട്രിയന്റ്‌സ്' മാസികയിൽ പ്രസിദ്ധീകരിച്ച പഠനവും ഇതേ കാര്യം ശരിവയ്ക്കുന്നുണ്ട്. എന്നാൽ ഭക്ഷണം കഴിച്ച ഉടനെ കഠിനമായ വ്യായാമം ചെയ്യുന്നത് ദഹനത്തെ ബാധിച്ചേക്കാം എന്നതിനാൽ മിതമായ നടത്തമാണ് ഉചിതം.
Also Read: കൊളസ്ട്രോൾ പരിശോധന ഏത് പ്രായത്തിൽ തുടങ്ങണം?
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
നടത്തം എല്ലാവർക്കും ഗുണകരമാണെങ്കിലും ചില പ്രത്യേക സാഹചര്യങ്ങളിൽ ശ്രദ്ധിക്കേണ്ടതുണ്ട്. പഞ്ചസാരയുടെ അളവ് അപകടകരമായ രീതിയിൽ ഉയർന്നവർ (പ്രത്യേകിച്ച് ടൈപ്പ് 1 പ്രമേഹമുള്ളവർ) കഠിനമായി വ്യായാമം ചെയ്യുന്നത് ഒഴിവാക്കണം. ഇത് കീറ്റോ ആസിഡോസിസ് പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം. ഞ്ചസാരയുടെ അളവ് വളരെ കുറഞ്ഞവർ വ്യായാമം ചെയ്യുന്നത് ഒഴിവാക്കണം. ഇത് ബോധക്ഷയത്തിന് കാരണമായേക്കാം.
Also Read: ഒരു മാസം ദിവസവും 2 സിഗരറ്റ് വലിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും?
പ്രമേഹമില്ലാത്തവർക്കും ഗുണകരം
പ്രമേഹ രോഗികൾക്ക് മാത്രമല്ല, ആരോഗ്യവാനായ ഏതൊരാൾക്കും ഭക്ഷണത്തിന് ശേഷമുള്ള നടത്തം ഗുണം ചെയ്യും. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പേശികളുടെ ബലം വർധിപ്പിക്കാനും മാനസികോല്ലാസത്തിനും ഈ ശീലം സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മാതളനാരങ്ങയോ ബീറ്റ്റൂട്ടോ? ബിപി കുറയ്ക്കാൻ ഏത് ജ്യൂസാണ് നല്ലത്?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us