നമ്മളിൽ ഒട്ടുമിക്കപേരും ചില സമയത്തെങ്കിലും അസിഡിറ്റി അനുഭവിച്ചിട്ടുണ്ടാകും. വയറിൽ കഠിനമായ വേദന, വയർ, വീർക്കൽ, ആസിഡ് റിഫ്ലക്സ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. അസിഡിറ്റിയും നെഞ്ചെരിച്ചിലും ഇടയ്ക്കിടെ അനുഭവപ്പെടുന്നവർക്ക് ചില വീട്ടുവൈദ്യങ്ങൾ പരീക്ഷിക്കാം.
അമിതമായി ഭക്ഷണം കഴിക്കുക, അമിത മദ്യപാനം എന്നിവയൊക്കെ അസിഡിറ്റിക്ക് കാരണമാകാറുണ്ട്. എന്നാൽ അടുക്കളയിൽ ലഭ്യമായ ചില ചേരുവകൾ ഉപയോഗിച്ച് അസിഡിറ്റി നിയന്ത്രിക്കാനും മൊത്തത്തിലുള്ള വയറിന്റെ ആരോഗ്യം വർധിപ്പിക്കാനും കഴിയും.
പെപ്പർമിന്റ് ടീ: പെപ്പർമിന്റ് ടീ ദഹനത്തിനും വയറുവേദനയ്ക്കും സഹായിക്കും. ആസിഡ് റിഫ്ലക്സ് അല്ലെങ്കിൽ GERD ഉണ്ടെങ്കിൽ, പെപ്പർമിന്റ് ടീ കുടിക്കുന്നത് ഒഴിവാക്കുക, കാരണം ഇത് പ്രശ്നം കൂടുതൽ വഷളാക്കും.
ചമോമൈൽ ടീ: നാഡീവ്യവസ്ഥയെ ശാന്തമാക്കാൻ ഇതിന് കഴിയുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവയ്ക്കുള്ള മികച്ച വീട്ടുവൈദ്യങ്ങളിൽ ഒന്നായിരിക്കുമിത്.
ഇഞ്ചി: അസിഡിറ്റി മാറ്റാനും ഓക്കാനം കുറയ്ക്കുകയും വയറിലെ പേശികളെ ശാന്തമാക്കുകയും കഴിയുന്ന ഗുണങ്ങൾ ഇഞ്ചിയിലുണ്ട്. അസിഡിറ്റിക്കുള്ള ആയുർവേദ ഔഷധങ്ങളിൽ ഇഞ്ചിയുണ്ട്. പച്ചയായോ ചായയിലോ ഭക്ഷണം പാചകം ചെയ്യുമ്പോഴോ ചേർത്ത് കഴിക്കാം. കഠിനമായ ദഹനക്കേടും അസിഡിറ്റിയും ഉള്ളപ്പോൾ, ചെറുചൂടു വെളളത്തിൽ തേനിനൊപ്പം 1 ടീസ്പൂൺ ഇഞ്ചി നീരും 2 ടീസ്പൂൺ നാരങ്ങ നീരും യോജിപ്പിച്ച് കുടിക്കുക.
പെരും ജീരകം: നല്ല ദഹനപ്രക്രിയയെ സഹായിക്കുന്ന വിറ്റാമിനുകൾ, ധാതുക്കൾ, ഡയറ്ററി ഫൈബർ എന്നിവ പെരും ജീരകത്തിൽ അടങ്ങിയിട്ടുണ്ട്. അൾസർ വിരുദ്ധ ഗുണങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം ഒഴിവാക്കാൻ സഹായിക്കുന്നു. അസിഡിറ്റി, നെഞ്ചെരിച്ചിൽ എന്നിവയ്ക്കുള്ള വീട്ടുവൈദ്യങ്ങളിൽ ഒന്നാണ് പെരുംജീരകം. അവ വെള്ളത്തിൽ കുതിർത്ത ശേഷം ആ വെള്ളം കുടിക്കുകയും പെരും ജീരകം ചവയ്ക്കുകയും ചെയ്യാം.
നാരങ്ങാ വെള്ളം: നാരങ്ങാനീര് അസിഡിറ്റി ഉള്ളതാണെങ്കിലും, ചെറിയ അളവിൽ വെള്ളത്തിൽ കലർത്തി കുടിക്കുന്നത് അസിഡിറ്റി മാറ്റാൻ സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.