രാത്രി കിടക്കുന്നതിനു മുൻപ് പാൽ കുടിക്കുന്നത് നല്ലതാണോ? എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യഗുണങ്ങൾ? പൊതുവെ പലർക്കുമുള്ള സംശയമാണിത്. ഈ ചോദ്യത്തിന് ഉത്തരം നൽകുകയാണ് ഡോക്ടർ നിരഞ്ജൻ സമാനി.
ദിവസവും രാത്രിയിൽ കിടക്കുന്നതിന് മുമ്പ് ചെറുചൂടുള്ള പാൽ കുടിക്കുന്നത് ആരോഗ്യത്തിന് വളരെ മികച്ചതാണെന്നാണ് ഡോക്ടർ നിരഞ്ജൻ പറയുന്നത്. ദഹനം ശരിയായി നടക്കാൻ സഹായിക്കുന്നതിനൊപ്പം തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങളിൽ നിന്നും ഇതു മോചനം നൽകും.
പാലിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന്റെ വളർച്ചയേയും വികാസത്തേയും സഹായിക്കും. മാത്രമല്ല, പാലിൽ ട്രൈപ്റ്റോഫാന് (Tryptophan) എന്നൊരു അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ മെലാടോണിൻ, സെറോടോണിൻ എന്നീ ഹോർമോണുകളുടെ ഉത്പാദനത്തിന് സഹായിക്കുന്നത് ട്രൈപ്റ്റോഫാൻ ആണ്.
സെറാടോണിൻ മനസ്സിനെ റിലാക്സ് ചെയ്യാൻ സഹായിക്കുമ്പോൾ മെലാടോണിൻ നല്ല ഉറക്കത്തിനു സഹായിക്കുന്ന ഹോർമോൺ ആണ്. അതിനാൽ തന്നെ, ഉറങ്ങാൻ പോവും മുൻപ് പാൽ കുടിക്കുന്നത് ഉറക്കപ്രശ്നങ്ങള്‍ പരിഹരിക്കാൻ സഹായകരമാണ്.
ഉറങ്ങുന്നതിന് അരമണിക്കൂർ മുമ്പ് ഒരു ഗ്ലാസ് ചെറു ചൂട് പാൽ കുടിക്കുന്നത് ശീലമാക്കൂ, ഉറക്കപ്രശ്നങ്ങൾ പമ്പ കടക്കുന്നത് കാണാം.