നാരങ്ങ വെള്ളം ജനപ്രിയ പാനീയങ്ങളിൽ ഒന്നാണ്. നാരങ്ങയിൽ വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഉയർന്ന വൈറ്റമിൻ സി അളവ്, ഫ്ലേവനോയിഡ് എന്നിവ കാരണം നാരങ്ങ വെള്ളം കുടിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകും. എന്നാൽ ഒരു ഗ്ലാസ് നാരങ്ങ വെള്ളത്തിന്റെ പോഷക മൂല്യം അതിൽ എത്ര നാരങ്ങ നീര് അടങ്ങിയിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.
ഒരു ഔൺസ് നാരങ്ങ നീര് ചേർത്ത് വെള്ളം കുടിക്കുന്നത് ദൈനംദിന വിറ്റാമിൻ സിയുടെ 13% നൽകും. ചെറിയ അളവിൽ പൊട്ടാസ്യം, തയാമിൻ, വിറ്റാമിൻ ബി6, ഫോളേറ്റ് എന്നിവയും ഇതിലുണ്ട്. ദിവസവും നാരങ്ങാ വെള്ളം കുടിക്കുന്നത് തികച്ചും ആരോഗ്യകരമാണ്.
ശരീരത്തിൽ ജലാംശം വർധിപ്പിക്കുന്നു
എല്ലാ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് മൊത്തത്തിലുള്ള ആരോഗ്യത്തിന് ആവശ്യമാണ്. എന്നാൽ എല്ലാവർക്കും തിളപ്പിച്ചാറിയ വെള്ളത്തിന്റെ രുചി ഇഷ്ടമല്ല. അങ്ങനെയുള്ളവർക്ക് നാരങ്ങ വെള്ളം കുടിക്കാം.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കാം
നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിൽ ജലാംശം വർധിപ്പിക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. നാരങ്ങയിൽ പെക്റ്റിൻ എന്ന ഒരു തരം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് വിശപ്പും കലോറിയും കുറയ്ക്കാൻ സഹായിക്കും. ശരീരഭാരം കുറയ്ക്കാൻ നാരങ്ങാ വെള്ളത്തിന് കൂടുതൽ ഗുണങ്ങളുണ്ടെന്നതിന് തെളിവുകളൊന്നുമില്ല.
വൃക്കയിലെ കല്ലുകൾ തടയുന്നു
കിഡ്‌നിയിൽ അടിഞ്ഞുകൂടുന്ന ധാതുക്കളാണ് വൃക്കയിലെ കല്ലുകൾ. കാൽസ്യം, ഓക്സലേറ്റ് എന്നിവയാണ് കല്ല് ഉണ്ടാക്കുന്ന പ്രധാന വസ്തുക്കൾ. സിട്രേറ്റ് എന്ന സംയുക്തം അവ ഇല്ലാതാക്കാൻ സഹായിക്കും. ശരീരത്തിലെ സിട്രേറ്റിന്റെ അളവ് വർധിക്കുന്നതിലൂടെ മറ്റ് സംയുക്തങ്ങളുമായി കാൽസ്യം ചേരുന്നത് തടയുന്നതിലൂടെ വൃക്കയിലെ കല്ലുകൾ ഉണ്ടാകുന്നത് തടയുന്നു.
നാരങ്ങ നീരിൽ സിട്രിക് ആസിഡ് അടങ്ങിയിട്ടുണ്ട്. സിട്രിക് ആസിഡിന്റെ ഒരു ഘടകമായ സിട്രേറ്റ് ചെറിയ കല്ലുകൾ പോലും തകർക്കുകയും ചെയ്യും. നാരങ്ങ വെള്ളത്തിൽ ഉയർന്ന അളവിൽ സിട്രേറ്റ് അടങ്ങിയിട്ടുണ്ട്. നാരങ്ങ ഉൾപ്പെടെയുള്ള സിട്രസ് പഴങ്ങൾക്ക് സിട്രേറ്റിന്റെ അളവ് വർധിപ്പിക്കാൻ കഴിയുമെന്ന് നിരവധി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇത് വൃക്കയിലെ കല്ലുകൾ ചികിത്സിക്കാൻ സഹായിക്കും.
ദഹനത്തെ സഹായിക്കും
ഭക്ഷണത്തിന് മുമ്പ് നാരങ്ങാ വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കും. നാരങ്ങ നീരിൽ കാണപ്പെടുന്ന സിട്രിക് ആസിഡ് ആമാശയത്തിൽ ഉൽപ്പാദിപ്പിക്കുന്ന ദഹന ദ്രാവകമായ ഗ്യാസ്ട്രിക് ആസിഡ് സ്രവണം വർധിപ്പിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്, ഇത് ശരീരത്തെ ഭക്ഷണം വിഘടിപ്പിക്കാനും ദഹിപ്പിക്കാനും സഹായിക്കുന്നു.
ശരീരം ശുദ്ധീകരിക്കുകയും വിഷാംശം ഇല്ലാതാക്കുകയും ചെയ്യുന്നു
മൂത്രത്തിലൂടെയും ആരോഗ്യകരമായ മലവിസർജ്ജനത്തിലൂടെയും ശരീരത്തിൽ നിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യാൻ നാരങ്ങ വെള്ളം സഹായിക്കുന്നു. എന്നിരുന്നാലും, ഇതിന് തിളപ്പിച്ചാറിയ വെള്ളത്തേക്കാൾ നല്ലത് നാരങ്ങ വെള്ളമാണെന്ന് ഉറപ്പിക്കുന്നതിന് തെളിവുകളൊന്നുമില്ല.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.