മുലയൂട്ടലിന്റെ ആരോഗ്യ ഗുണങ്ങൾ എത്രയെന്ന് എണ്ണി പറയാനാവില്ല. നവജാത ശിശുക്കൾക്ക് ഏറ്റവും പോഷകസമൃദ്ധമായ ആഹാരമാണ് മുലപ്പാൽ. നവജാതശിശുവിന്റെ ആരോഗ്യവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കുന്ന നിരവധി ഘടകങ്ങൾ മുലപ്പാലിൽ അടങ്ങിയിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. എത്രനാൾ അമ്മ കുഞ്ഞിനെ മുലയൂട്ടണം? അക്കാര്യത്തിൽ പലർക്കും സംശയങ്ങളേറെയാണ്. കുഞ്ഞിനും, അമ്മക്കും മുലയൂട്ടല്‍ എങ്ങനെ ഗുണം ചെയ്യുന്നുവെന്നും ശൈശവാവസ്ഥയുടെ വിവിധ ഘട്ടങ്ങളിൽ മുലയൂട്ടലിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും നോക്കാം.
കുഞ്ഞു ജനിച്ച ഉടൻതന്നെ അമ്മ ചുരത്തുന്ന മുലപ്പാലിനെ ‘കൊളസ്ട്രം’ എന്നു വിളിക്കുന്നു. ഇത് കുട്ടികളുടെ ആദ്യത്തെ മലവിസർജ്ജനം (sticky meconium) നീക്കം ചെയ്യാനും കുഞ്ഞിന്റെ സെൻസിറ്റീവായ കുടലിനെ സംരക്ഷിക്കാനും സഹായിക്കും. കൊളസ്ട്രത്തിന് കുഞ്ഞുങ്ങളിൽ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള കഴിവുമുണ്ട് .
മുലയൂട്ടൽ പ്രകിയ ഓക്സിടോസിൻ എന്ന ഹോർമോണുകളെ പുറത്തുവിടുന്നു. കുഞ്ഞിന് ഒരു മാസം പ്രായമാകുമ്പോഴേക്കും അമ്മയ്ക്കും കുഞ്ഞിനുമിടയിലെ ആത്മബന്ധം ശക്തിപ്പെടുത്താൻ ഇത് കാരണമാവും. ഒപ്പം പ്രസവാനന്തരം അമ്മയുടെ ഗർഭപാത്രം അതിന്റെ പഴയ അവസ്ഥയിലേക്ക് വേഗത്തില്‍ ചുരുങ്ങുന്നതിനും ഇത് സഹായിക്കും.
കുഞ്ഞിന് നാല് മാസം പ്രായമാകുമ്പോൾ ലഭിക്കുന്ന മുലപ്പാൽ സഡൻ ഇൻഫന്റ് ഡെത്ത് സിൻഡ്രോം (SIDS) അഥവാ ക്രിബ് ഡെത്തിനുള്ള സാധ്യത കുറയ്ക്കും. ആസ്തമയുടെ ദീർഘകാല അപകടസാധ്യതയും ഇത് കുറയ്ക്കും.
സ്ത്രീകളിൽ പ്രസവശേഷമുണ്ടാകുന്ന ശരീരഭാരം കുറയ്ക്കാൻ മുലയൂട്ടൽ സഹായിക്കും. കാരണം ഒരമ്മ തന്റെ കുഞ്ഞിനെ മുലയൂട്ടുന്നതിനായി മുലപ്പാൽ ഉത്പാദിപ്പിക്കുമ്പോഴെല്ലാം ശരീരത്തിൽ നിന്നും കലോറി എരിഞ്ഞുതീരുന്നുണ്ട്. മാനസികസമ്മർദം, പ്രസവാനന്തര വിഷാദം (പോസ്റ്റ്പാർട്ടം ഡിപ്രഷൻ) എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും മുലയൂട്ടൽ സഹായിക്കും. ഒപ്പം സ്തനാർബുദം, അണ്ഡാശയ അർബുദം, പ്രമേഹ രോഗം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഓസ്റ്റിയോപൊറോസിസ് എന്നിവയുടെ അപകടസാധ്യതകൾ കുറയ്ക്കാനും മുലയൂട്ടൽ പ്രക്രിയ സഹായിക്കുന്നുണ്ടെന്ന് ചില ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ആറുമാസം പ്രായമാകുമ്പോൾ, കുഞ്ഞുകൾക്ക് ഖരഭക്ഷണം കൊടുത്തു തുടങ്ങാം. എന്നാൽ അപ്പോഴും മുലയൂട്ടൽ തുടരുകയാണെങ്കിൽ കുട്ടികളിൽ ഭാവിയിൽ വന്നേക്കാവുന്ന ചില കാൻസർ സാധ്യതകൾ കുറയുമെന്നും പഠനങ്ങളുണ്ട്. കുഞ്ഞിന് ഒമ്പത് മാസം പ്രായമാകുമ്പോൾ, ഖരഭക്ഷണത്തിനൊപ്പം തന്നെ മുലപ്പാൽ കൂടി നൽകുമ്പോൾ സമ്പൂർണ്ണ പോഷകം ഉറപ്പുവരുത്തുകയാണ്.
12 മാസത്തിലും മുലയൂട്ടൽ തുടരുന്നുവെങ്കിൽ കുഞ്ഞിന് ഹൃദ്രോഗം, നിരവധി അർബുദങ്ങൾ, ഉയർന്ന രക്തസമ്മർദ്ദം, മറ്റ് വിട്ടുമാറാത്ത രോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയും. 18 മാസത്തിലും നിങ്ങൾ മുലയൂട്ടൽ തുടരുകയാണെങ്കിൽ, അത് നിങ്ങളുടെ കുട്ടിക്ക് പോഷകാഹാരം ഉറപ്പുവരുത്തുകയും ശരീരത്തിന് ജലാംശം നൽകുകയും ചെയ്യും. മുലപ്പാലിലെ ആന്റിബോഡികൾ പ്രതിരോധ സംവിധാനത്തെ പിന്തുണയ്ക്കുന്നത് തുടരും.