ഉച്ച ഉറക്കത്തെക്കുറിച്ചുളള പല അഭിപ്രായങ്ങൾ പലരിൽ നിന്നായി നിങ്ങൾ കേട്ടിട്ടുണ്ടാകും. തടിവയ്ക്കും, വയറു കൂടും എന്നീ ദോഷവശങ്ങൾക്കൊപ്പം ഉച്ചയ്ക്ക് ഉറങ്ങിയാൽ ജോലിയിൽ ശ്രദ്ധിക്കാനാകും, ഊർജം ലഭിക്കും തുടങ്ങിയ നല്ല വശങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ ശരിക്കും ഉച്ചയ്ക്ക് കിടന്നുറങ്ങിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ? ഇല്ല, മറിച്ച് ഗുണങ്ങളാണ് കൂടുതലുമെന്ന് പറയുകയാണ് ഫിറ്റ്നസ് ട്രെയിനറും ഡോക്ടറുമായ ബിലാൽ.
“ഉച്ചയ്ക്ക് ഉറങ്ങുന്നത് നിങ്ങളുടെ തലച്ചോറിനെ നല്ല രീതിയിൽ പ്രവർത്തിക്കാൻ സഹായിക്കും.ഉറക്കത്തിന്റെ അളവ് കൂട്ടുന്നത് ശരീരത്തിൽ കാണപ്പെടുന്ന അഡിനോസിൻ എന്ന പദാർത്ഥമാണ്. നല്ല ഉറക്കം ലഭിച്ചാൽ അഡിനോസിന്റെ അളവ് നല്ലവണ്ണം കുറയും. ഒരാൾ ചെയ്യുന്ന പ്രവർത്തികളിൽ കൂടുതൽ ശ്രദ്ധ നൽകാനും , ഓർമ ശക്തി വർധിപ്പിക്കാനും നല്ല ഉറക്കം സഹായിക്കും.എന്നാൽ കൃത്യമായി ഉറക്കം ലഭിച്ചില്ലെങ്കിൽ അതു നിങ്ങളുടെ രോഗപ്രതിരോധശേഷിയെ വരെ ബാധിച്ചേക്കാം” ബിലാൽ പറയുന്നു.
ഉച്ചയുറക്കം എങ്ങനെയാണ് എടുക്കേണ്ടത്?
ഉറക്കത്തിന്റെ സൈക്കിൾ എന്ന് പറയുന്നത് 90 മിനിറ്റുകളാണ്. ഒരോ രാത്രിയും 5 മുതൽ 6 സൈക്കിളുകളാണ് ഒരു വ്യക്തി ഉറങ്ങുന്നത്. അതുകൊണ്ട് ഉച്ചയുറക്കം എപ്പോഴും 20 മുതൽ 90 മിനിറ്റുകൾക്കുളളിലായിരിക്കണം. 20 മുതൽ 30 മിനിറ്റുകളാണ് ഉച്ചയുറക്കത്തിന് ഏറ്റവും അനുയോജ്യം. ഉച്ചയ്ക്ക് ഒന്നിനും മൂന്നിനും ഇടയ്ക്കായിരിക്കണം ഉച്ചയുറക്കത്തിനായി തിരഞ്ഞെടുക്കുന്ന സമയം. മൂന്നു മണി കഴിഞ്ഞാൽ നിങ്ങളുടെ രാത്രി ഉറക്കത്തെ ഇതു ബാധിക്കാൻ സാധ്യതയുണ്ട്. ഉറങ്ങുമ്പോൾ ഇരുട്ട് നിറഞ്ഞ മുറിയും, ശാന്തമായി അന്തരീക്ഷവും ഉറപ്പു വരുത്താൻ ശ്രദ്ധിക്കണം.
നിങ്ങൾ ഉറക്കമില്ലായ്മ, സ്ളീപ്പിങ്ങ് ഡിസോഡർ, ഉറക്കത്തിനിടയിൽ ഞെട്ടി ഉണരുക എന്നിങ്ങനെയുളള പ്രശ്നങ്ങൾ നേരിടുന്നവരാണെങ്കിൽ അതിന് പരിഹാരം ഉച്ചയുറക്കമല്ല മറിച്ച് വിദഗ്ധരെ സമീപിക്കുന്നതാകും നല്ലത്.