ബെൽസ് പാൾസി രോഗാവസ്ഥയെ തുടർന്ന് ചികിത്സയിലാണ് താനെന്ന് വ്യാഴാഴ്ചയാണ് നടനും അവതാരകനുമായ മിഥുൻ രമേശ് വെളിപ്പെടുത്തിയത്. മുൻപ് നടനും ബീന ആന്റണിയുടെ ഭർത്താവുമായ മനോജ് നായർക്കും സമാനമായ അവസ്ഥയുണ്ടായിരുന്നു.
പലരെ സംബന്ധിച്ചും അത്ര പരിചിതമല്ലാത്തൊര പേരാണ് ബെൽസ് പാൾസി എന്നത്. എന്താണ് ബെൽസ് പാൾസി എന്ന രോഗാവസ്ഥ, എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്?
മുഖത്തിന്റെ ഒരു വശത്തെ പേശികളിൽ പെട്ടെന്ന് ബലഹീനത അനുഭവപ്പെടുന്ന അവസ്ഥയാണ് ബെൽസ് പാൾസി. മുഖത്തെ പേശികൾക്ക് സംഭവിക്കുന്ന ഈ തളർച്ച, മുഖത്തിന്റെ ഒരു വശം കോടിയതുപോലെ തോന്നിപ്പിക്കും. ഏതു പ്രായത്തിലുള്ള ആളുകൾക്കും വരാമെന്നതാണ് ഈ അസുഖത്തിന്റെ മറ്റൊരു പ്രത്യേകത.
പ്രത്യേക കാരണങ്ങളൊന്നും കൂടാതെ തന്നെ ചിലപ്പോൾ ഈ അവസ്ഥയിലേക്ക് എത്തിച്ചേരാം. തലച്ചോറിൽ നിന്നും പുറപ്പെടുന്ന ഏഴാം നമ്പർ ക്രേനിയൻ ഞരമ്പുമായി ബന്ധപ്പെട്ടാണ് പൊതുവെ ബൾസ് പാൾസി കാണപ്പെടുന്നത് എന്നും പഠനങ്ങൾ പറയുന്നുണ്ട്. വളരെ ഇടുങ്ങിയതും വളവുകളും തിരിവുകളും നിറഞ്ഞതുമായ പാതയിലൂടെയാണ് ഈ ഞരമ്പ് കടന്നു പോവുന്നത്. ഈ പാതയിലെ ഞെരുക്കമാണ് ബെൽസ് പാൾസി പോലുള്ള അവസ്ഥകളിലേക്ക് നയിക്കുന്നത്. അണുബാധയോ നീർക്കെട്ടോ വന്ന് ഈ ഭാഗത്തെ ഞരമ്പിന്റെ പ്രവര്‍ത്തനം കുറയുന്നതാണ് പ്രധാന കാരണം.
വായ ഒരു വശത്തേക്ക് കോടിയിരിക്കുക, കോടിപ്പോയ ഭാഗത്തെ കണ്ണ് അടയ്ക്കാൻ ബുദ്ധിമുട്ടു തോന്നുക, ചവക്കാനോ ചിരിക്കാനോ കഴിയാതെ വരിക, തലവേദന, രുചിയില്ലായ്മ, കണ്ണുകൾ എപ്പോഴും തുറന്നിരിക്കുന്ന അവസ്ഥ ഇതൊക്കെ ബെൽസ് പാൾസിയുടെ ലക്ഷണമായി പറയാം. ബെൽസ് പാൾസിയിൽ മുഖത്ത് നാഡിവീക്കം അനുഭവപ്പെടും. ഇത് തലച്ചോറിലേക്കും മുഖത്തെ പേശികളിലേക്കും ശരിയായ സിഗ്നലുകൾ അയയ്ക്കുന്നതിൽ നിന്ന് നാഡിയെ തടയുന്നു.
മുഖത്തിനു സംഭവിക്കുന്ന പക്ഷാഘാതവും ബെല്‍സ് പാള്‍സിയും ഒന്നാണെന്ന് കരുതുന്നവർ ഏറെയാണ്. എന്നാൽ ഇതു രണ്ടും രണ്ട് അവസ്ഥയാണ്. മുഖത്തിന്റെ പേശികൾ ഒരു വശത്തേക്കോ അല്ലെങ്കിൽ ഇരുവശത്തേക്കും ചലിപ്പിക്കാൻ കഴിയാതെ വരുമ്പോഴാണ് മുഖ പക്ഷാഘാതം സംഭവിക്കുന്നത്. ജനിക്കുമ്പോൾ തന്നെയുള്ള ചില അവസ്ഥകൾ, ആഘാതം, സ്ട്രോക്ക്, ബ്രെയിൻ ട്യൂമർ എന്നിവ മൂലം കാണപ്പെടുന്ന നാഡി ക്ഷതം മൂലമാണ് ഇത് സംഭവിക്കുന്നത്. ഇത് മുഖത്തിന്റെ ഘടനയെ തന്നെ ബാധിക്കും. സംസാരിക്കുന്നതിനും ഉമിനീർ ഇറക്കാനും ഭക്ഷണം കഴിക്കാനും സ്വാഭാവികമായ മുഖഭാവങ്ങളിലൂടെ ആശയവിനിമയം നടത്താനുമൊക്കെ പ്രശ്നങ്ങൾ സൃഷ്ടിക്കും.
മുഴകൾ, നാഡി ക്ഷതം എന്നിവയൊക്കെ പക്ഷാഘാതത്തിനു കാരണമായി മാറാറുണ്ട്. എന്നാൽ ബെൽസ് പാൾസിയ്ക്ക് അങ്ങനെ പ്രത്യേക കാരണങ്ങൾ എടുത്തു പറയാനാവില്ല. ബെൽസ് പാൾസി വളരെ പെട്ടെന്ന് സംഭവിക്കുന്ന രോഗാവസ്ഥയാണ്. മുഖ പക്ഷാഘാതം ഏറെ നാൾ നിലനിൽക്കുമ്പോൾ ബെൽസ് പാൾസി താൽക്കാലികമാണ്. ബെൽസ് പാൾസി ബാധിച്ച ആളുകൾ താരതമ്യേന സുഖം പ്രാപിക്കാനുള്ള സാധ്യതയും കൂടുതലാണ്. ലക്ഷണങ്ങൾ കണ്ടാൽ ഉടനടി ഡോക്ടറെ കാണുക. തുടക്കത്തിലേ ചികിത്സിച്ചാൽ ശസ്ത്രക്രിയ ചികിത്സകളൊന്നും കൂടാതെ തന്നെ വളരെ വേഗത്തിൽ പൂർണമായും മുഖത്തിന്റെ പ്രവർത്തനം വീണ്ടെടുക്കാൻ കഴിയും.
പക്ഷാഘാതം, ബെൽസ് പാൾസി തുടങ്ങിയവ രോഗാവസ്ഥകളിൽ രോഗലക്ഷണങ്ങളുടെ മൂലകാരണം തിരിച്ചറിയാൻ സിടി സ്കാനും എംആർഐയും ഒക്കെയാണ് ഡോക്ടർമാർ പൊതുവെ നിർദേശിക്കുന്നത്. ഒപ്പം സ്റ്റിറോയ്ഡ് തെറാപ്പി , ആന്റിവൈറൽ മരുന്നുകൾ, കണ്ണുകളുടെ സുരക്ഷക്കായി ഐ ഡ്രോപ്സ് എന്നിവയെല്ലാം ബെൽസ് പാൾസി ചികിത്സയിൽ ഉൾപ്പെടുത്താറുണ്ട്.കൂടാതെ മുഖപേശികൾക്കായി പ്രത്യേക വ്യായാമവും നിർദ്ദേശിക്കാറുണ്ട്.