ദന്ത ശുചിത്വം നിലനിർത്തുന്നതിന് പല്ല് തേക്കേണ്ടത് വളരെ അത്യാവശ്യമാണ്. ബാക്ടീരിയകളിൽനിന്നും പല്ലിനെ സംരക്ഷിക്കുന്നതിന് ശരിയായ രീതിയിൽ പല്ല് തേക്കുകയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും വേണം. ഒരു ദിവസം എത്ര തവണ പല്ല് തേക്കാമെന്നതിൽ പല അഭിപ്രായങ്ങൾ ഉയരാറുണ്ട്. ഒട്ടുമിക്ക പേരും രാവിലെയും രാത്രിയും പല്ല് തേക്കണമെന്നാണ് പറയാറുള്ളത്. എന്നാൽ, രാവിലെ ഭക്ഷണത്തിനു മുൻപാണോ അതോ ശേഷമാണോ പല്ല് തേക്കേണ്ടത്?.
ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററായ കോറി റോഡ്രിഗസ് സാധാരണയായി ചോദിക്കുന്ന ഈ ചോദ്യത്തിനുള്ള ഉത്തരം ഇൻസ്റ്റഗ്രാം വീഡിയോയിൽ നൽകിയിട്ടുണ്ട്. ”നമ്മളിൽ പലരും രാവിലത്തെ ചായയോ കാപ്പിയോ കുടിച്ചശേഷമാണ് പല്ല് തേക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് തെറ്റാണ്. കാരണം ഭക്ഷണം കഴിച്ചതിന് ശേഷം, നിങ്ങളുടെ വായ 30 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന അസിഡിറ്റി അവസ്ഥയിലാണ്. ആ സമയത്ത് പല്ല് തേച്ചാൽ ഇനാമലിൽ നിന്ന് ആസിഡുകൾ നീക്കം ചെയ്യപ്പെടും,” അദ്ദേഹം പറഞ്ഞു.
”നേരെമറിച്ച്, രാവിലെ ആദ്യം ബ്രഷ് ചെയ്യുന്നത് ഏതെങ്കിലും ബയോഫിലിമിനെയും രാത്രി മുഴുവൻ വായിൽ തങ്ങിനിൽക്കുന്ന മോശം ബാക്ടീരിയകളെയും നീക്കം ചെയ്യാൻ സഹായിക്കുന്നു. അതിനാൽ, ഒന്നുകിൽ രാവിലെ ആദ്യം തന്നെ പല്ലു തേക്കുക. അതല്ലെങ്കിൽ കാപ്പിയോ ചായയോ പ്രഭാതഭക്ഷണമോ തുടങ്ങി എല്ലാം കഴിച്ചതിനുശേഷം 30 മിനിറ്റിനുശേഷം പല്ല് വൃത്തിയാക്കുക. അതുപോലെ ഉറങ്ങുന്നതിനു തൊട്ടുമുൻപായി പല്ല് തേക്കുക” അദ്ദേഹം വ്യക്തമാക്കി.
ഒരു ദിവസം എത്ര തവണ പല്ല് തേക്കണം
ദിവസത്തിൽ രണ്ടു തവണ പല്ല് തേക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. രാവിലെയും രാത്രി കിടക്കുന്നതിനു മുൻപായും.