/indian-express-malayalam/media/media_files/2025/12/20/beetroot-juice-2025-12-20-11-03-03.jpg)
Source: Freepik
ഇന്നത്തെ കാലത്ത് പ്രായഭേദമന്യേ എല്ലാവരിലും കണ്ടുവരുന്ന ഒരു ജീവിതശൈലി രോഗമാണ് അമിത രക്തസമ്മർദം അഥവാ ഹൈപ്പർടെൻഷൻ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ലോകമെമ്പാടുമായി 30 നും 79 നും ഇടയിൽ പ്രായമുള്ള ഏകദേശം 1.3 ബില്യൺ മുതിർന്നവർ ഉയർന്ന രക്തസമ്മർദവുമായി ജീവിക്കുന്നു, അവരിൽ ഏകദേശം 46 ശതമാനം പേർക്കും അത് അറിയില്ല. അറിയുന്നവർക്ക്, രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ സാധാരണയായി മരുന്നുകളും ദീർഘകാല ജീവിതശൈലി മാറ്റങ്ങളും ഉൾപ്പെടുന്നു.
ഇത് നിയന്ത്രിക്കാൻ ഭക്ഷണക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾക്ക് വലിയ പങ്കുണ്ട്. ശ്രദ്ധാപൂർവ്വം ഭക്ഷണം കഴിക്കുന്നതും പോഷകസമൃദ്ധമായ ചില ഭക്ഷണങ്ങൾ ഭക്ഷണത്തിൽ ചേർക്കുന്നതും കാലക്രമേണ മാറ്റമുണ്ടാക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനുള്ള ഒരു സ്വാഭാവിക മാർഗമായി ബീറ്റ്റൂട്ട് ജ്യൂസ് ശ്രദ്ധ നേടിയിട്ടുണ്ട്.
Also Read: ബിപി ഇടയ്ക്കിടെ പരിശോധിക്കുന്നത് കൊണ്ട് പ്രശ്നമുണ്ടോ? എപ്പോഴൊക്കെ നോക്കണം?
ബീറ്റ്റൂട്ടിൽ ഉയർന്ന അളവിൽ 'നൈട്രേറ്റുകൾ' അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുമ്പോൾ ശരീരത്തിലെ ബാക്ടീരിയകളും എൻസൈമുകളും ഈ നൈട്രേറ്റിനെ 'നൈട്രിക് ഓക്സൈഡ്' ആയി മാറ്റുന്നു. ഈ നൈട്രിക് ഓക്സൈഡ് രക്തക്കുഴലുകളെ വികസിപ്പിക്കാനും രക്തയോട്ടം സുഗമമാക്കാനും സഹായിക്കുന്നു, ഇത് സ്വാഭാവികമായും രക്തസമ്മർദം കുറയ്ക്കുന്നു.
3 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കുമോ?
ബീറ്റ്റൂട്ട് ജ്യൂസ് കുടിച്ച് ഏകദേശം 3 മുതൽ 6 മണിക്കൂറിനുള്ളിൽ തന്നെ രക്തസമ്മർദത്തിൽ കുറവ് രേഖപ്പെടുത്താറുണ്ട്. ഇതിലെ നൈട്രേറ്റുകൾ രക്തത്തിൽ കലരുന്നതോടെയാണ് ഈ മാറ്റം പ്രകടമാകുന്നത്. ദിവസവും ഏകദേശം 200 മില്ലി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഡയറ്റീഷ്യൻ നേഹ ഷിർകെ പറയുന്നു.
Also Read: ഭക്ഷണശേഷം 10 മിനിറ്റ് മാറ്റിവയ്ക്കാമോ? പ്രമേഹത്തെ വരുതിയിലാക്കാം
ജ്യൂസ് അരിച്ചെടുക്കാതെ കുടിക്കുന്നതാണ് നല്ലത്. ഇതിൽ അല്പം നാരങ്ങാനീരോ ഇഞ്ചിയോ ചേർക്കുന്നത് രുചി വർധിപ്പിക്കാനും പോഷകങ്ങൾ ആഗിരണം ചെയ്യാനും സഹായിക്കും. വേവിച്ച ബീറ്റ്റൂട്ടിനേക്കാൾ പച്ചയായ ബീറ്റ്റൂട്ട് ജ്യൂസായി കുടിക്കുന്നതാണ് കൂടുതൽ ഫലപ്രദമെന്ന് അവർ അഭിപ്രായപ്പെട്ടു.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
വൃക്കരോഗമുള്ളവർ: ബീറ്റ്റൂട്ടിൽ ഓക്സലേറ്റുകൾ കൂടുതലായതിനാൽ വൃക്കയിൽ കല്ലുള്ളവർ അല്ലെങ്കിൽ വൃക്കരോഗമുള്ളവർ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കുടിക്കുക.
രക്തസമ്മർദം കുറവുള്ളവർ: ബിപി കുറഞ്ഞവർ ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കുടിക്കരുത്. ഇത് രക്തസമ്മർദം ഇനിയും കുറയാൻ കാരണമായേക്കാം.
ബീറ്റൂറിയ: ബീറ്റ്റൂട്ട് കഴിക്കുമ്പോൾ മൂത്രത്തിനോ മലത്തിനോ ചുവപ്പ് നിറം വരുന്നത് സ്വാഭാവികമാണ്, ഇതിൽ ഭയപ്പെടാനില്ല.
Also Read: രാവിലെ മുട്ടയും പഴങ്ങളും, ചോക്ലേറ്റ് വല്ലപ്പോഴും മാത്രം; 53 ലും ഫിറ്റ്‌നസ് വിടാതെ ജോൺ എബ്രഹാം
മരുന്നുകൾക്കൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ ഭാഗമായി ബീറ്റ്റൂട്ട് ജ്യൂസ് ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യത്തിന് വളരെ നല്ലതാണ്. എങ്കിലും, നിലവിൽ ബിപിക്ക് മരുന്ന് കഴിക്കുന്നവർ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതിന് മുൻപ് ഡോക്ടറുടെ ഉപദേശം തേടുന്നത് ഉചിതമായിരിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: റെഡ് മീറ്റ് അല്ല വില്ലൻ; ഹൃദയാഘാതം ഒഴിവാക്കാൻ ഈ രണ്ട് ഭക്ഷണങ്ങൾ ഉപേക്ഷിക്കൂ; ഡോക്ടറുടെ മുന്നറിയിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us