അനാരോഗ്യകരമായ ഭക്ഷണങ്ങൾ ശരീരത്തിന് ദീഘകാലാടിസ്ഥാനത്തിൽ ദോഷം ചെയ്യും. ഇത്തരം ഭക്ഷണങ്ങളിൽനിന്നും വിട്ടുനിൽക്കാൻ ശ്രമിക്കുമ്പോഴും, പലർക്കും അതിന് കഴിയുന്നില്ലെന്നതാണ് സത്യം. ഇഷ്ടമുള്ള ഭക്ഷണം മുന്നിലെത്തുമ്പോൾ മറ്റെല്ലാം മറന്ന് അവ കഴിക്കുന്നു. എന്നാൽ, കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കേണ്ടത് എപ്പോഴും പ്രധാനമാണ്.
അമിതമായി ഭക്ഷണം കഴിക്കുന്നത് കാലക്രമേണ ശരീര ഭാരം വർധിക്കുന്നതിനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ, പ്രമേഹം തുടങ്ങിയ മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. ചില സിംപിൾ ടിപ്സുകൾ അമിതമായി കഴിക്കുന്നത് ഒഴിവാക്കാനും ദീർഘനേരം വയർ നിറഞ്ഞിരിക്കാൻ സഹായിക്കുകയും ചെയ്യും. ന്യൂട്രീഷ്യനിസ്റ്റ് ഗരിമ മിഷ്റ ഇൻസ്റ്റഗ്രാമിൽ നാലു ടിപ്സുകൾ പങ്കുവച്ചിട്ടുണ്ട്.
സാവധാനം കഴിക്കുക
ഭക്ഷണം നന്നായി ചവച്ചരച്ച് സാവധാനം കഴിക്കുക. ഇത് കലോറി കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഹെൽത്ത്ലൈൻ പറയുന്നതനുസരിച്ച്, സാവധാനത്തിൽ ഭക്ഷണം കഴിക്കുന്നത് വയർ നിറഞ്ഞ പ്രതീതി വർധിപ്പിക്കുന്നതും വിശപ്പ് കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.
ശ്രദ്ധ വ്യതിചലിക്കുന്നത് ഒഴിവാക്കുക
കഴിക്കുന്ന ഭക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, ഇത് ആവശ്യത്തിനുള്ളത് കഴിച്ചുകഴിഞ്ഞാൽ തിരിച്ചറിയാൻ സഹായിക്കുകയും വീണ്ടും കഴിക്കുന്നത് തടയുകയും ചെയ്യും. ടിവിയോ അല്ലെങ്കിൽ കംപ്യൂട്ടർ സ്ക്രീനോ നിങ്ങൾ എത്രമാത്രം കഴിച്ചുവെന്നതിന്റെ ട്രാക്ക് നഷ്ടപ്പെടുത്തിയേക്കാം.
നാരുകൾ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക
നാരുകൾ ദഹനത്തിന്റെ വേഗത കുറയ്ക്കുന്നു. ദീർഘനേരം വയർ നിറഞ്ഞ പ്രതീതി നൽകുകയും കുറച്ച് ഭക്ഷണം കഴിക്കാനും കൂടുതൽ നേരം സംതൃപ്തരായിരിക്കാനും സഹായിക്കും. ഹെൽത്ത്ലൈൻ അനുസരിച്ച്, ബീൻസ്, പച്ചക്കറികൾ, ഓട്സ്, പഴങ്ങൾ തുടങ്ങിയ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ ദീർഘനേരം വയർ നിറഞ്ഞിരിക്കാനും അമിതമായി ഭക്ഷണം കഴിക്കാനുള്ള പ്രവണത കുറയ്ക്കാനും സഹായിക്കും. പ്രഭാതഭക്ഷണത്തിന് നാരുകൾ അടങ്ങിയ ഓട്സ് കഴിക്കുന്ന ആളുകൾക്ക് പ്രഭാതഭക്ഷണത്തിന് കോൺഫ്ലേക്സ് കഴിക്കുന്നവരെ അപേക്ഷിച്ച് ഉച്ചഭക്ഷണം വളരെ കുറച്ച് മതിയെന്ന് ഒരു പഠനം പറയുന്നു.
പോഷകഗുണങ്ങളുള്ള ഭക്ഷണം കഴിക്കുക
സലാഡുകൾ അമിതമായി കഴിക്കുന്നതിനു പകരം പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുക. ധാരാളം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, മിതമായ അളവിൽ അപൂരിത കൊഴുപ്പുകൾ, മാംസം, പാലുൽപ്പന്നങ്ങൾ എന്നിവ കഴിക്കാൻ ശ്രമിക്കുക.
അടുത്ത തവണ അമിതമായി ഭക്ഷണം കഴിക്കാൻ തോന്നുമ്പോൾ ഫലപ്രദമായ ഈ ടിപ്സുകൾ ഓർക്കുക. നിങ്ങൾക്ക് ഇഷ്ടമുള്ള ഭക്ഷണം ശരിയായ അളവിൽ കഴിക്കാൻ ഇതിലൂടെ സാധിക്കും.