മധുരമെന്ന് കേൾക്കുമ്പോഴെ കൊതി തോന്നുന്നവരുണ്ട്, അമിതമായ മധുരാസക്തിയുള്ളവർ. ഉച്ചഭക്ഷണത്തിന് ശേഷം അൽപ്പം മധുരം കഴിക്കുന്ന ശീലമുള്ളവർ. ഇവർക്ക് പലപ്പോഴും മധുരത്തോടുള്ള താൽപ്പര്യം ചെറുക്കാൻ പ്രയാസമാണ്. ഈ ആസക്തി പലപ്പോഴും പലവിധ അസുഖങ്ങളിലേക്കാണ് ആളുകളെ നയിക്കുന്നത്. എന്നാൽ, അമിതമായ മധുരപ്രിയം കുറയ്ക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികൾ പരിചയപ്പെടുത്തുകയാണ് പോഷകാഹാര വിദഗ്ധനായ നിധി എസ്.
“മധുരത്തോടുള്ള കൊതി സ്വാഭാവികമാണ്. എന്നാൽ, ദിവസേന കൊതിയ്ക്ക് അനുസരിച്ച് മധുരം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. അത്തരം ആസക്തികളെ മറികടക്കാനുള്ള മാർഗ്ഗം നിങ്ങളുടെ ഭക്ഷണക്രമം വിശകലനം ചെയ്ത് ചില മാറ്റങ്ങൾ കൊണ്ടുവരിക എന്നതാണ്. നിങ്ങൾ എന്താണ് കഴിക്കുന്നതെന്നതിനെ കുറിച്ച് കൃത്യമായ ബോധ്യം വേണം. ഫലപ്രദമായ ഭക്ഷണക്രമവും നുറുങ്ങുവിദ്യകളും ഉപയോഗിച്ച് പഞ്ചസാരയുടെ ആസക്തിയെ മറികടക്കാൻ കഴിയും,” നിധി പറയുന്നു.
- നിങ്ങൾ അമിതമായ അളവിൽ അന്നജം കഴിക്കുകയും ആവശ്യത്തിന് കൊഴുപ്പ്/ പ്രോട്ടീനും ശരീരത്തിലെത്തുകയും ചെയ്യുന്നില്ലെങ്കിൽ തീർച്ചയായും കൂടുതൽ പയറുവർഗ്ഗങ്ങളും പനീറുമൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
- സിങ്ക്, ക്രോമിയം, അയൺ, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ചില ധാതുക്കളുടെ കുറവ് മധുരാസക്തിയിലേക്ക് നയിച്ചേക്കാം.
- മഗ്നീഷ്യത്തിന്റെ കുറവ് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് എള്ള്, പിസ്ത, പഴങ്ങൾ എന്നിവ ചേർക്കുന്നത് മഗ്നീഷ്യത്തിന്റെ കുറവ് പരിഹരിക്കും.അതുപോലെ, മതിയായ അളവിൽ പൊട്ടാസ്യം ലഭിക്കാൻ കൂടുതൽ വാഴപ്പഴം കഴിക്കുക.
- വിറ്റാമിൻ ഡി അല്ലെങ്കിൽ ബി 12 ന്റെ കുറവ് ശരീരത്തിലെ പോഷകങ്ങളുടെ ആഗിരണത്തെ ബാധിക്കുന്നു. അതിനാൽ നിങ്ങൾക്ക് വിറ്റാമിൻ ഡിയുടെ അപര്യാപ്തത ഇല്ലയെന്ന് പരിശോധിച്ചു ഉറപ്പിക്കണം. പോഷകങ്ങൾ ശരിയായ രീതിയിൽ ആഗിരണം ചെയ്യപ്പെടുന്നില്ലെങ്കിൽ, നിങ്ങൾ എപ്പോഴും ഭക്ഷണത്തിനായി കൊതിക്കും. ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികളും ഇലക്കറികളും ചേർക്കുക.
- വിട്ടുമാറാത്ത സമ്മർദ്ദം, ടെൻഷൻ എന്നിവയൊക്കെ കോർട്ടിസോളിന്റെ അളവ് വർദ്ധിക്കാൻ കാരണമാവും. ഇത് വിശപ്പിനെയും മധുരാസക്തിയേയും ഉത്തേജിപ്പിക്കുന്നു. ശരീരഭാരം കൂടാനും ഇത് കാരണമാവും.
- ശരിയായ രീതിയിൽ ഉറക്കം ലഭിച്ചില്ലെങ്കിൽ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാവുകയും വിശപ്പ് വർദ്ധിക്കുകയും ചെയ്യും, ഒപ്പം മധുരമുള്ള ഭക്ഷണങ്ങൾ കഴിക്കാനുള്ള ത്വരയും വർദ്ധിക്കും.
- നിങ്ങൾ മധുരം കുറയ്ക്കാൻ ശ്രമിക്കുന്നതിനൊപ്പം തന്നെ ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണം. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുമ്പോൾ നിങ്ങൾക്കു വിശപ്പ് വർധിക്കും. മാത്രമല്ല, ധാരാളം വെള്ളം കുടിക്കുന്നതു വഴി ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു, അങ്ങനെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ കൂടുതൽ കാര്യക്ഷമമായി പുറന്തള്ളാനും സാധിക്കും.
“മുകളിൽ പറഞ്ഞ കാര്യങ്ങൾ മനസ്സിൽ വച്ച് ഭക്ഷണശീലങ്ങളിൽ മാറ്റം വരുത്തൂ, മധുരത്തോടുള്ള ആസക്തി കുറയ്ക്കാൻ ഇവ സഹായിക്കും,” നിധി കൂട്ടിച്ചേർത്തു.
Read more: മലബന്ധം, ഉറക്കമില്ലായ്മ എന്നിവ മാറ്റാൻ 4 എളുപ്പ വഴികൾ