ജലദോഷം, ചുമ, തൊണ്ടവേദനയൊക്കെ കാലാവസ്ഥ മാറ്റത്തിന് അനുസരിച്ച് പലർക്കും വരാറുണ്ട്. ഇവയ്ക്കൊക്കെ മരുന്നുകളെ ആശ്രയിക്കുന്നതിനു പകരം വീട്ടിൽ തന്നെയുള്ള പ്രതിവിധികൾ പരീക്ഷിക്കുന്നതാണ് നല്ലത്. ഇവയെ എളുപ്പത്തിൽ അകറ്റാനുള്ള ആയുർവേദ പ്രതിവിധി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് ഡോ.ദിക്സ ഭാവ്സർ.
വീട്ടിൽ തന്നെ ലഭ്യമായ ചേരുവകൾ ഉപയോഗിച്ച് ഈ ആയുർവേദ മിശ്രിതം തയ്യാറാക്കാം. മഞ്ഞളും, ഇഞ്ചി ഉണക്കി പൊടിച്ചതും, കുരുമുളകും, തേനും മാത്രമാണ് ഈ മിശ്രിതം തയ്യാറാക്കാൻ വേണ്ടത്.
തയ്യാറാക്കുന്ന വിധം
അര ടീസ്പൂൺ മഞ്ഞളും, അര ടീസ്പൂൺ ഇഞ്ചി ഉണക്കി പൊടിച്ചതും. ഒരു കുരുമുളക് ചതച്ചതും, ഒരു ടീസ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ദിവസത്തിൽ രണ്ടു മൂന്നു തവണ ഭക്ഷണത്തിന് ഒരു മണിക്കൂർ മുൻപോ അല്ലെങ്കിൽ ഭക്ഷണത്തിന് ഒരു മണിക്കൂർ ശേഷമോ കഴിക്കുക.
മറ്റു ചില ആയുർവേദ പ്രതിവിധികൾ
- 7-8 തുളസി ഇലകൾ, ഒരു ചെറിയ കഷണം ഇഞ്ചി, കുറച്ച് ഗ്രാമ്പൂ, വെളുത്തുള്ളി (ലാസൻ), 1 ടീസ്പൂൺ പെരുംജീരകം, 1 ടീസ്പൂൺ ഉലുവ, മഞ്ഞൾ, 4-5 കുരുമുളക് എന്നിവ ഒരു ലിറ്റർ വെള്ളത്തിൽ തിളപ്പിക്കുക. വെള്ളം പകുതിയാകുമ്പോൾ മാറ്റിയശേഷം രാവിലെ ആദ്യം തന്നെ കുടിക്കുക.
- കുടിക്കാനും കുളിക്കാനും തണുത്ത വെള്ളം ഉപയോഗിക്കരുത്
- ദഹനം മെച്ചപ്പെടുത്തുന്നതിന് ഇളം ചൂടുവെള്ളം കുടിക്കുക
- തൊണ്ടവേദന ശമിപ്പിക്കാൻ തേൻ സഹായിക്കും
- ഇഞ്ചിയും മഞ്ഞളും നാരങ്ങ നീരും ചേർത്ത ചായ കുടിക്കുക
- പെരുംജീരകം, യൂക്കാലിപ്റ്റ്സ് ഓയിൽ, മഞ്ഞൾ എന്നിവ ചേർത്ത് വെള്ളം ചൂടാക്കി ആവി പിടിക്കുക
- മഞ്ഞൾ ചേർത്ത് ചെറുചൂടുള്ള പാൽ കുടിക്കുക
- മഞ്ഞളും കല്ലുപ്പും ഇട്ട് തിളപ്പിച്ച വെള്ളം കൊണ്ട് കവിൾ കൊള്ളുക
- ഇരട്ടിമധുരം ചവയ്ക്കുക
- സിതോപ്ലാഡി ചൂർണം, ത്രികടു ചൂർണം, താലിസാദി ചൂർണം പോലെയുള്ള ആയുർവേദ മിശ്രിതങ്ങൾ തേൻ ചേർത്ത് കഴിക്കുക
ഇതിനൊപ്പം കൊഴുപ്പുള്ള, ഫ്രൈ ചെയ്ത ഭക്ഷണങ്ങളും തെരുവോര കടകളിൽനിന്നുള്ള ഭക്ഷണങ്ങളും കഴിക്കുന്നത് ഒഴിവാക്കുക. വീട്ടിൽ പാചകം ചെയ്ത ഭക്ഷണം കഴിക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.