ആരോഗ്യപൂർണമായ ശരീരത്തിനുള്ള അമൃതം എന്നറിയപ്പെടുന്ന തേൻ നിരവധി ഗുണങ്ങളാൽ സമ്പന്നമാണ്. ആഹാരമായി കഴിക്കുന്നതിനൊപ്പം ബാഹ്യമായും പ്രയോഗികാവുന്ന ഒന്നാണ് തേൻ. ആയുർവേദവും തേനിന്റെ ഔഷധഗുണങ്ങളെ കുറിച്ച് പറയുന്നുണ്ട്. “തേനീച്ച കൂട്ടിൽ നിന്ന് പുതുതായി ശേഖരിക്കുന്ന തേൻ ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുമ്പോൾ, സംഭരിച്ചുവച്ചതോ പഴയതോ ആയ തേൻ കൊഴുപ്പ് കുറയ്ക്കാനും കഫം ഇല്ലാതാക്കാനും സഹായിക്കുന്നു,” ആയുർവേദ ഡോക്ടറായ ഡിക്സ ഭാവസർ പറയുന്നു.
ശരീരത്തിന്റെ ആഴത്തിലുള്ള കോശങ്ങളിലേക്ക് തുളച്ചുകയറുന്ന തേനിനെ ആയുർവേദത്തിൽ ‘യോഗവാഹി’ എന്ന് വിളിക്കുന്നു. “മറ്റ് ഔഷധ കൂട്ടുകളോടൊപ്പം തേൻ ഉപയോഗിക്കുമ്പോൾ അത് ആ കൂട്ടുകളുടെ ഔഷധ ഗുണങ്ങൾ വർദ്ധിപ്പിക്കുകയും ആഴത്തിലുള്ള കോശങ്ങളിലേക്ക് എത്താൻ സഹായിക്കുകയും ചെയ്യുന്നു,” അവർ കൂട്ടിച്ചേർത്തു.
“കൃത്യമല്ലാത്ത അളവിൽ തേൻ കഴിക്കുന്നത് മൂലമുണ്ടാകുന്ന ടോക്സിനേക്കാൾ (അമ) ദോഷകരമായി മറ്റൊന്നുമില്ല എന്നാണ് ആയുർവേദ ഋഷിയായ ചരകൻ 500 വർഷങ്ങൾക്ക് മുമ്പ് എഴുതിയത്. ആയുർവേദ ചികിത്സയിൽ, ശരീരത്തിലെ അമ (ടോക്സിൻ) അല്ലെങ്കിൽ ദഹിക്കാത്ത പദാർത്ഥങ്ങൾ മിക്കവാറും എല്ലാ രോഗങ്ങൾക്കും മൂലകാരണമായി കണക്കാക്കപ്പെടുന്നു. ചൂടാക്കിയ തേൻ ആയുർവേദത്തിൽ വിഷമായി കണക്കാക്കപ്പെടുന്നു. തേൻ ചൂടാക്കുന്നത് ദഹനപ്രക്രിയയെ സഹായിക്കുന്ന എൻസൈമുകളെ നശിപ്പിക്കുന്നു, അതിനാൽ കഴിക്കുമ്പോൾ ശരീരത്തിൽ ടോക്സിൻ ഉത്പാദിപ്പിക്കപ്പെടുന്നു,” ഡിക്സ ഭാവസർ പറഞ്ഞു.
തേൻ ഒരു മികച്ച “അനുപാന അല്ലെങ്കിൽ കാറ്റലറ്റിക് ഏജന്റാണ്, അത് ഔഷധസസ്യങ്ങളുടെ ഗുണങ്ങൾ വർദ്ധിപ്പിക്കുകയും അവയുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു, അതിനാലാണ് തേൻ സാധാരണയായി പല ആയുർവേദ കൂട്ടുകളോടൊപ്പവും ചേർത്ത് കുടിക്കുന്നത്,” ആയുർവേദ ഡോക്ടറായ അർച്ചന സുകുമാരൻ പറയുന്നതിങ്ങനെ.
പൊതുവേ, മധുര പദാർത്ഥങ്ങൾ കഫ ദോഷങ്ങൾ വർദ്ധിപ്പിക്കും, പക്ഷേ തേൻ ഇതിൽ നിന്നും വ്യത്യസ്തമാണ്. ഇത് മധുരമുള്ളതാണ്, പക്ഷേ പരുഷവും വരണ്ടതുമാണ്, അതിനാൽ കഫത്തെ സന്തുലിതമാക്കുകയും ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. ഭാരം കുറഞ്ഞതിനാൽ മറ്റ് മധുര പദാർത്ഥങ്ങളെക്കാൾ ദഹനം എളുപ്പമാക്കുന്നു.
ആയുർവേദ പ്രകാരം തേനിന്റെ ചില ചികിത്സാ ഉപയോഗങ്ങൾ
- കണ്ണിനും കാഴ്ചയ്ക്കും തേൻ വളരെ നല്ലതാണ്.
- ഇത് ദാഹം ശമിപ്പിക്കുന്നു.
- കഫത്തെ അലിയിക്കുന്നു.
- മൂത്രനാളിയിലെ തകരാറുകൾ, ബ്രോങ്കയ്‌ല്‍ ആസ്മ, ചുമ, വയറിളക്കം, ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് എതിരെ പ്രവർത്തിക്കാൻ വളരെ ഫലപ്രദമാണ്.
- പ്രകൃതിദത്തമായി വിഷാംശം ഇല്ലാതാക്കുന്ന ഒന്നാണ് തേൻ.
- ഇത് ഹൃദയത്തിന് നല്ലതാണ്, ചർമ്മം മെച്ചപ്പെടുത്തുന്നു.
- ആഴത്തിലുള്ള മുറിവുകൾ വേഗത്തിൽ ഉണക്കാൻ സഹായിക്കുന്നു.
- ആരോഗ്യമുള്ള ഗ്രാനുലേഷൻ ടിഷ്യുവിന്റെ വളർച്ചയ്ക്ക് സഹായിക്കുന്നു.
എന്നിരുന്നാലും, തേൻ ഉപയോഗിക്കുമ്പോൾ താഴെപ്പറയുന്ന മുൻകരുതലുകൾ എടുക്കണമെന്നും ഡോക്ടർ ഡിക്സ പറയുന്നു.
- ചൂടുള്ള ഭക്ഷണത്തിലോ വെള്ളത്തിലോ തേൻ കലർത്താൻ പാടില്ല.
- ചൂടുള്ള അന്തരീക്ഷത്തിൽ ജോലി ചെയ്യുമ്പോൾ തേൻ കഴിക്കാൻ പാടില്ല.
- തേൻ ഒരിക്കലും നെയ്യുമായി സംയോജിപ്പിക്കരുത്.
- ചൂടുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ, കടുകോ അല്ലെങ്കിൽ പുളിപ്പിച്ച പാനീയങ്ങൾ (ഉദാ. വിസ്കി, റം, ബ്രാണ്ടി) എന്നിവയുമായി കലർത്തരുത്.
“തേൻ നെയ്യുമായി സംയോജിപ്പിച്ച് കഴിക്കുമ്പോൾ ദഹനപ്രക്രിയ സമയത്ത് വിഷവസ്തുവായി മാറുന്നു. അതുപോലെ, തേൻ പിത്തം വർദ്ധിപ്പിക്കുന്നതിനാൽ എരിവുള്ള ഭക്ഷണത്തോടൊപ്പം കഴിക്കുന്നത് സ്ഥിതികൂടുതൽ വഷളാക്കും, ” ആയുർവേദ ഡോക്ടറായ സുകുമാരൻ പറയുന്നു.
“തേൻ കണ്ണിന് നല്ലതാണ്, ശബ്ദം മെച്ചപ്പെടുത്തുന്നു , തടി കുറയ്ക്കുകയും ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യുന്നു,” തേനിന്റെ മറ്റു ഗുണങ്ങളെ കുറിച്ച് ഡോക്ടർ സുകുമാരൻ.
തേൻ ഉപയോഗിക്കുന്നതിനുള്ള ഏറ്റവും നല്ല മാർഗം
ഒരു ഗ്ലാസ് വെള്ളത്തിൽ ഒരു ടീസ്പൂൺ തേൻ കഴിച്ചാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.
1 ടീസ്പൂൺ തേനും ഒരു ടീസ്പൂൺ മഞ്ഞളും 1 കുരുമുളകും ചേർത്തു കഴിക്കുന്നത് ചുമ, ജലദോഷം, സൈനസൈറ്റിസ്, പ്രതിരോധശേഷി എന്നിവയ്ക്ക് നല്ലതാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.