ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും ഭക്ഷണ തിരഞ്ഞെടുപ്പുകളിലൂടെയും പ്രമേഹത്തെ നിയന്ത്രിക്കാനാകും. പക്ഷേ, നമ്മളിൽ പലരുടെയും ഭക്ഷണ തിരഞ്ഞെടുപ്പുകളിലെ ചില തെറ്റുകളാണ് പ്രമേഹം ക്ഷണിച്ചുവരുത്തുന്നത്. ജീവിതശൈലിയിൽ ലളിതമായ മാറ്റങ്ങൾ വരുത്തുന്നത് പ്രമേഹത്തിന്റെ കാര്യത്തിൽ വലിയ മാറ്റമുണ്ടാക്കും. അനാവശ്യമായി ഭക്ഷണം കഴിക്കുക, വിശപ്പില്ലാതെ ഭക്ഷണം കഴിക്കുക, അമിതമായി ഭക്ഷണം കഴിക്കുക, കനത്ത അത്താഴം എന്നിവയെല്ലാം പ്രമേഹത്തിന് കാരണമായേക്കും.
പ്രമേഹ സാധ്യത വർധിപ്പിക്കുന്നതിന് കാരണമാകുന്ന ചില ഭക്ഷണത്തിലെ തെറ്റുകളെക്കുറിച്ച് ആയുർവേദ ഡോ.ദിക്സ ഭാവ്‌സർ സാവാലിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്.
ദിവസവും തൈര് കഴിക്കുക
തൈര് ആരോഗ്യകരമായ പ്രോബയോട്ടിക് ഭക്ഷണമായി കണക്കാക്കുന്നു. എങ്കിലും, എല്ലാ ദിവസവും തൈര് കഴിക്കുന്നത് ആയുർവേദം ശുപാർശ ചെയ്യുന്നില്ല. ദിവസവും തൈര് കഴിക്കുന്നത് ശരീരഭാരം കൂടുക, വീക്കം, മോശം ഉപാപചയപ്രവർത്തനം എന്നിവയ്ക്ക് കാരണമാകുമെന്ന് ഡോ.സാവാലിയ പറഞ്ഞു.
രാത്രിയിൽ വലിയ അളവിലുള്ള അത്താഴം
രാത്രി വളരെ വൈകി ഭക്ഷണം കഴിക്കുന്ന ഒരുപാട് പേരുണ്ട്. ഇങ്ങനെ ചെയ്യുമ്പൾ ദഹനവ്യവസ്ഥയ്ക്ക് അതിന്റെ ജോലി ചെയ്യാൻ സമയം ലഭിക്കുന്നില്ല. കനത്ത അത്താഴം കരളിൽ കൂടുതൽ ഭാരം ചെലുത്തുകയും ഉപാപചയപ്രവർത്തനങ്ങളെ മന്ദഗതിയിലാക്കുകയും അത് പോഷകാഹാരക്കുറവിലേക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കുമെന്നും ഡോ.സാവാലിയ പറയുന്നു.
അമിതമായി ഭക്ഷണം കഴിക്കുക
വയർ നിറഞ്ഞിട്ടും പാത്രത്തിലെ ബാക്കി വന്ന ഭക്ഷണം കളയാതിരിക്കാനായി കഴിക്കേണ്ടി വരുന്ന നിരവധി സന്ദർഭങ്ങളുണ്ടാകാം. വിശപ്പ് മാറിയതിനുശേഷവും കൂടുതൽ ഭക്ഷണം കഴിക്കുന്നത് പൊണ്ണത്തടി, കൊളസ്‌ട്രോൾ, ദഹനപ്രശ്‌നങ്ങൾ എന്നിവയിലേക്ക് നയിക്കും.
വിശക്കാതെ ഭക്ഷണം കഴിക്കുക
വിശപ്പില്ലാതെ ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കിൽ, അത് കുഴപ്പമുണ്ടാക്കും. ഓരോ മണിക്കൂറിലും ഭക്ഷണം കഴിക്കുന്നത് ദീർഘകാലത്തേക്ക് ദോഷം ചെയ്യും. വിശപ്പില്ലാതെ ഭക്ഷണം കഴിക്കുന്നത് അല്ലെങ്കിൽ ഓരോ മണിക്കൂറിലും രണ്ട് തവണ കഴിക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കുകയും പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യുമെന്ന് ഡോ.സാവാലിയ അഭിപ്രായപ്പെട്ടു.
പ്രീ-ഡയബറ്റിസും പ്രമേഹവും കഴിയുന്നത്ര നിങ്ങളിൽനിന്ന് അകറ്റി നിർത്താൻ ഈ ശീലങ്ങൾ ഒഴിവാക്കുക. ഈ ശീലങ്ങൾ ഇൻസുലിൻ സംവേദനക്ഷമത കുറയ്ക്കുകയും, ഉപാപചയപ്രവർത്തനം, പോഷകാഹാരവും ആഗിരണം ചെയ്യൽ പ്രക്രിയയെ തടസപ്പെടുത്തുകയും, കുടലിൽ വീക്കം വർധിപ്പിക്കുകയും ചെയ്യുമെന്ന് അവർ വ്യക്തമാക്കി.
ഇതെല്ലാം ദഹനപ്രശ്‌നങ്ങൾ, അനാവശ്യമായ ഭക്ഷണാസക്തി, ക്ഷീണം, ഉറക്ക പ്രശ്‌നങ്ങൾ തുടങ്ങിയവയ്‌ക്ക് കാരണമാകും. ചുരുക്കത്തിൽ, ശരീരത്തിൽ കഫം അടിഞ്ഞുകൂടുന്നതിന് കാരണമാകും. പിന്നീട് ഇത് നിങ്ങളെ പ്രമേഹരോഗിയോ പ്രീ-ഡയബറ്റിയോ ആക്കുകയും ഉയർന്ന രക്തസമ്മർദ്ദത്തിനും കൊളസ്ട്രോൾ പ്രശ്നങ്ങൾക്കും കാരണവുകയും ചെയ്തേക്കാമെന്ന് ഡോ.സാവാലിയ പറഞ്ഞു.