scorecardresearch
Latest News

മലബന്ധത്താൽ ബുദ്ധിമുട്ടുന്നുണ്ടോ? അടുക്കളയിലെ ഈ 5 ഭക്ഷണങ്ങൾ പരീക്ഷിക്കൂ

എരിവും, വറുത്തതും, ഫാസ്റ്റ് ഫുഡും അമിതമായി കഴിക്കുന്നതും, ആവശ്യത്തിന് വെള്ളം കുടിക്കാത്തതും, ഭക്ഷണത്തിലെ നാരുകളുടെ കുറവ്, മോശം ഉപാപചയ പ്രവർത്തനം, ഉറക്ക കുറവ്, വൈകിയുള്ള അത്താഴം, ഉദാസീനമായ ജീവിതശൈലി എന്നിവ മലബന്ധത്തിന് കാരണമാകാം

മലബന്ധത്താൽ ബുദ്ധിമുട്ടുന്നുണ്ടോ? അടുക്കളയിലെ ഈ 5 ഭക്ഷണങ്ങൾ പരീക്ഷിക്കൂ

ക്രമരഹിതമോ വേദനാജനകമോ ആയ മലവിസർജ്ജനം മൂലം ബുദ്ധിമുട്ടുന്നവർ നിരവധിയാണ്. മലബന്ധം പലരുടെയും മനസ്സമാധാനം ഇല്ലാതാക്കുകയും അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യാറുണ്ട്. മലബന്ധത്തിൽനിന്നും താൽക്കാലിക ആശ്വാസം നേടാൻ പല പൊടിക്കൈകളും പ്രയോഗിക്കുന്നവരുണ്ട്. എന്നാൽ ഇത് പതിവായി ചെയ്യുന്നത് വളരെ ദോഷകരവും ചില ഗുരുതരമായ പാർശ്വഫലങ്ങൾക്ക് കാരണമാകുകയും ചെയ്യും.

മലബന്ധം അകറ്റാൻ എപ്പോഴും പ്രകൃതിദത്തമായ വഴിയിലൂടെ പോകുന്നതാണ് നല്ലത്. നാരുകൾ, പ്രോബയോട്ടിക്സ്, സിട്രസ് പഴങ്ങൾ, പച്ചക്കറികൾ, ഉണക്കമുന്തിരി, ഈന്തപ്പഴം എന്നിവ അടങ്ങിയ ഭക്ഷണക്രമം തിരഞ്ഞെടുക്കുന്നത് മലബന്ധത്തിന്റെ ലക്ഷണങ്ങളെ കുറയ്ക്കാൻ സഹായിക്കും.

ഉണങ്ങിയതും, തണുത്തതും, എരിവും, വറുത്തതും, ഫാസ്റ്റ് ഫുഡും അമിതമായി കഴിക്കുന്നതും, ആവശ്യത്തിന് വെള്ളം കുടിക്കാത്തതും, ഭക്ഷണത്തിലെ നാരുകളുടെ കുറവ്, മോശം ഉപാപചയ പ്രവർത്തനം, ഉറക്ക കുറവ്, വൈകിയുള്ള അത്താഴം, ഉദാസീനമായ ജീവിതശൈലി എന്നിവ മലബന്ധത്തിന് കാരണമാകാമെന്ന് പറയുകയാണ് ആയുർവേദ ഡോ.ദിക്സ ഭാവ്സർ. മലബന്ധത്തിൽനിന്നും രക്ഷ നേടാൻ അടുക്കളയിൽ ലഭ്യമായ ചില ചേരുവകൾ സഹായിക്കുമെന്ന് അവർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്.

  1. രാത്രി മുഴുവൻ കുതിർത്ത ഉണക്ക മുന്തിരി

കറുത്ത ഉണക്കമുന്തിരിയിൽ നാരുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് സുഗമമായ മലവിസർജനത്തിന് സഹായിക്കും. ഉണക്കമുന്തിരി കുതിർക്കേണ്ടത് അത്യന്താപേക്ഷിതമാണ്, കാരണം ഉണക്കിയ ഭക്ഷണപദാർത്ഥങ്ങൾ വാതദോഷം വർധിപ്പിക്കുകയും ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. കുതിർക്കുന്നത് അവയെ ദഹിപ്പിക്കാൻ എളുപ്പമാക്കുന്നു.

  1. ഉലുവ

ഒരു ടീസ്പൂൺ ഉലുവ രാത്രി മുഴുവൻ കുതിർത്ത് രാവിലെ ആദ്യം കഴിക്കാം. 1 ടീസ്പൂൺ ഉലുവ പൊടി ഉറങ്ങുന്നതിനു മുൻപായി ചൂടുവെള്ളത്തിൽ ചേർത്ത് കുടിക്കാം. അധിക വാതവും കഫവും ഉള്ളവർക്ക് ഇത് ഉത്തമമാണ്. ഉയർന്ന പിത്തം (ചൂട് പ്രശ്നങ്ങൾ) ഉള്ളവർ ഇത് ഒഴിവാക്കണം.

  1. നെല്ലിക്ക

നെല്ലിക്ക അത്ഭുതകരമായ പോഷക ഗുണമുള്ളതാണ്. രാവിലെ വെറും വയറ്റിൽ പതിവായി കഴിക്കുന്നതിലൂടെ മുടി കൊഴിച്ചിൽ, നരച്ച മുടി, ശരീരഭാരം കുറയ്ക്കൽ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്കും സഹായകരമാണ്.

  1. പശുവിൻ പാൽ

കുട്ടികൾ മുതൽ മുതിർന്നവർക്കുവരെ മിക്കവാറും എല്ലാവർക്കും ഇത് പ്രവർത്തിക്കുന്നു. ഗർഭിണികൾക്കും കുടിക്കാം. ഉറങ്ങാൻ പോകുന്നതിനു മുൻപ് ഒരു ഗ്ലാസ് ചൂട് പാൽ കുടിക്കുക.

  1. പശുവിൻ നെയ്യ്

എ2 പശുവിൻ നെയ്യ് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു. വിറ്റാമിൻ എ, ഡി, ഇ, കെ തുടങ്ങിയ കൊഴുപ്പ് ലയിക്കുന്ന വിറ്റാമിനുകൾ ആഗിരണം ചെയ്യുന്നതിന് ആവശ്യമായ ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിൽ നിലനിർത്താൻ സഹായിക്കുന്നു. വിട്ടുമാറാത്ത മലബന്ധം ഉള്ളവർക്ക് 1 ടീസ്പൂൺ പശുവിൻ നെയ്യ് ഒരു ഗ്ലാസ് ചെറുചൂടുള്ള പശുവിൻ പാലിനൊപ്പം കഴിക്കുന്നത് നല്ലതാണ്.

എരുമ നെയ്യ് ശരീര ഭാരം കൂട്ടുന്നതും എല്ലാവർക്കും ചേരാത്തതും ആയതിനാൽ ശുപാർശ ചെയ്യുന്നില്ല. ശരീരഭാരം കൂട്ടാൻ ആഗ്രഹിക്കുന്നവർക്ക് എരുമ നെയ്യ് നല്ലതാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Ayurveda expert on kitchen remedies for constipation