ആന്റി ഓക്സിഡന്റ്, ആന്റി ഇൻഫ്ലാമേറ്ററി, കാൻസർ വിരുദ്ധ ഗുണങ്ങൾ ഉള്ളതിനാൽ പൈനാപ്പിളിന് ആയുർവേദം വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. മലബന്ധം അകറ്റാനും, ആർത്തവ വേദനയ്ക്കും, ദഹനം മെച്ചപ്പെടുത്താനും, ഹൃദയാരോഗ്യം വർധിപ്പിക്കാനും ആയുർവേദത്തിൽ പൈനാപ്പിൾ ഉപയോഗിക്കുന്നുണ്ട്. ആന്റിഓക്സിഡന്റുകൾ, നാരുകൾ, വിറ്റാമിൻ എ, സി, തയാമിൻ, കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, മാംഗനീസ്, ഫോളേറ്റ് എന്നിവ പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ സോഡിയവും കൊഴുപ്പും കുറവാണ്, കലോറിയും കുറവാണ്.
പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ
- ഉയർന്ന വിറ്റാമിൻ സി, നല്ല ചർമ്മത്തിനും മുടിക്കും കാരണമാകുന്ന കൊളാജൻ സൃഷ്ടിക്കാനും പരിപാലിക്കാനും സഹായിക്കുന്നു.
- പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന സ്പെഷ്യൽ എൻസൈം അടങ്ങിയിട്ടുണ്ട്. ഇത് ജലദോഷവും ചുമയും നേരിടാൻ സഹായിക്കുന്നു.
- ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുള്ളതിനാൽ രക്തസമ്മർദം കുറയ്ക്കാനും ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കുന്നു.
- മാംഗനീസ് ഉള്ളതിനാൽ എല്ലുകൾക്ക് നല്ലതാണ്.
- ആന്റിഓക്സിഡന്റുകളുടെയും വൈവിധ്യമാർന്ന വിറ്റാമിനുകളുടെയും ധാതുക്കളുടെയും ബ്രോമെലൈൻ പോലുള്ള എൻസൈമുകളുടെയും സാന്നിധ്യമുള്ളതിനാൽ പ്രതിരോധശേഷി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പ്രതിരോധശേഷി കൂട്ടുകയും വീക്കം കുറയ്ക്കുകയും ചെയ്യുന്നു.
പൈനാപ്പിൾ കഴിക്കുന്നതിനുള്ള മികച്ച സമയം
ഉച്ചയ്ക്ക് മുൻപായുള്ള ലഘുഭക്ഷണമായോ (രാവിലെ 10 നും 11 നും ഇടയിൽ), വൈകിട്ടുള്ള ലഘുഭക്ഷണമായോ (ഏകദേശം 4.30 ആകുമ്പോൾ) കഴിക്കാം. രാവിലെ വെറുംവയറ്റിൽ പൈനാപ്പിൾ കഴിക്കരുത്. ഇത് അസിഡിറ്റിക്ക് ഇടയാക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.