പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കാൻ പാടില്ലെന്നാണ് പൊതുവേ പറയാറുള്ളത്. എന്നാൽ ആയുർവേദം ഒരു ദിവസത്തെ പ്രധാനപ്പെട്ട ഭക്ഷണമായി ഉച്ച ഭക്ഷണത്തെ കണക്കാക്കുന്നതായി ഡോ.ദിക്സ ഭാവ്സർ പറഞ്ഞു. ഉച്ചഭക്ഷണം കഴിക്കുന്നത് പകലിന്റെ മധ്യത്തിൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുന്നു. ദിവസത്തിലെ ബാക്കിയുള്ള സമയത്തേക്ക് ആവശ്യമായ ഊർജം നൽകുന്നു. ഉച്ചതിരിഞ്ഞ് ബാക്കിയുള്ള സമയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പ്രാപ്തരാക്കുന്നു.
രാവിലെയും ഉച്ചയ്ക്കും രാത്രിയും ഭക്ഷണം കഴിക്കുന്നതിനുള്ള അനുയോജ്യമായ സമയത്തെക്കുറിച്ചും ആയുർവേദം പറയുന്നുണ്ട്. ഇതിനെക്കുറിച്ചും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ ഡോ.ഭാവ്സർ വിശദീകരിച്ചിട്ടുണ്ട്.
പ്രഭാത ഭക്ഷണം രാവിലെ 6 നും 10 നും ഇടയിൽ കഴിക്കണമെന്നാണ് ആയുർവേദം പറയുന്നത്. നിങ്ങൾക്ക് വിശക്കുന്നുണ്ടെങ്കിൽ, നിങ്ങൾ രാവിലെ വ്യായാമം ചെയ്തിട്ടുണ്ടെങ്കിൽ, നിങ്ങൾക്ക് നല്ല ദഹനമുണ്ടെങ്കിൽ മാത്രം ഈ സമയത്ത് പ്രഭാത ഭക്ഷണം കഴിക്കാനാണ് ആയുർവേദം നിർദേശിക്കുന്നത്.
പ്രഭാത ഭക്ഷണം എപ്പോഴും ലഘുവായിരിക്കണം. ആ സമയത്ത് ലഘുവായ പ്രഭാത ഭക്ഷണം കഴിച്ചാൽ, എളുപ്പം ദഹിക്കും. അമിതമായി ഭക്ഷണം കഴിക്കുകയാണെങ്കിൽ, ആ സമയത്ത് ദഹിക്കാൻ കഴിയാതെ വരും. അതിനാൽ നിങ്ങൾ ഉച്ചഭക്ഷണം ഒഴിവാക്കുന്നില്ലെങ്കിൽ, കനത്ത പ്രഭാതഭക്ഷണം പാടില്ല. വിശക്കുന്നില്ലെങ്കിൽ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്.
ഒട്ടുമിക്ക പേരും രാവിലെ 10 നും ഉച്ചയ്ക്ക് 2 നും ഇടയിലാണ് ഉച്ചഭക്ഷണം കഴിക്കുന്നത്. ഉച്ചഭക്ഷണത്തിനുള്ള ഏറ്റവും അനുയോജ്യമായ സമയം ഇതു തന്നെയെന്നാണ് ആയുർവേദം പറയുന്നത്. ഈ സമയത്ത് ഭക്ഷണം കഴിക്കുന്നത് ശരിയായ ദഹനത്തിനും ഭക്ഷണത്തിൽനിന്നുള്ള മുഴുവൻ പോഷകങ്ങളും ശരിയായ രീതിയിൽ ആഗിരണം ചെയ്യാനും സാധിക്കും.
അതിനാൽ, ഉച്ചഭക്ഷണം എപ്പോഴും 2 മണിക്ക് മുൻപായി കഴിക്കുക. മനസിൽ മറ്റൊന്നും ചിന്തിക്കാതെ ശ്രദ്ധയോടെ കഴിക്കുക. അത്താഴം എപ്പോഴും ലഘുവായിരിക്കാൻ ശ്രദ്ധിക്കുക. സൂര്യാസ്തമയത്തിന് 1 മണിക്കൂറിന് മുമ്പോ അതിനുള്ളിലോ അത്താഴം കഴിക്കുന്നതാണ് നല്ലത്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.