scorecardresearch
Latest News

ഭക്ഷണത്തിന് ശേഷം ചെയ്യാൻ പാടില്ലാത്ത 7 കാര്യങ്ങൾ

ഒരാൾ ഭക്ഷണത്തിനു മുമ്പും ശേഷവും ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളെ കുറിച്ച് പോഷകാഹാര വിദഗ്ധ സംസാരിക്കുന്നു

നമ്മുടെ ആരോഗ്യപൂർണമായ ജീവിതത്തിനായി ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. കൃത്യമായ ഭക്ഷണ സമയവും ഭക്ഷണ ശീലങ്ങളും പാലിക്കുന്നില്ല എങ്കിൽ അത് വലിയ തോതിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്ക് വഴി വെക്കും. അതിനാൽ തന്നെ എന്താണ് അനുയോജ്യമായ ഭക്ഷണമെന്നും എത്ര മാത്രം കഴിക്കണമെന്നും ദഹനത്തെപ്പറ്റിയുമൊക്കെ എല്ലാവരും ബോധവാന്മാരായിരിക്കേണ്ടത് അത്യാവശ്യമാണ്.

ഓൺലൈൻ പോഷകാഹാര, ഫിറ്റ്‌നസ് പ്ലാറ്റ്‌ഫോമായ ഹാഫ് ലൈഫ് ടു ഹെൽത്തിന്റെ സ്ഥാപകയായ നിധി ശർമ്മയുടെ അഭിപ്രായത്തിൽ, ഒരാൾ ഭക്ഷണത്തിനു മുമ്പും ശേഷവും ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളെ പറ്റി ബോധവാന്മാരായിരിക്കുക എന്നത് ഏറെ പ്രധാനമാണ്.

“ഭക്ഷണ കാര്യങ്ങളിൽ വരുത്തുന്ന പിഴവുകൾ സാധാരണമാണ്. പക്ഷെ അവ അനാരോഗ്യകരമാണെന്ന് ഒരാൾ തിരിച്ചറിഞ്ഞേക്കില്ല. ഓരോരുത്തർക്കും അവരുടേതായ ഭക്ഷണ ശീലങ്ങൾ ഉണ്ട്. എന്നാൽ നിങ്ങളുടെ ഭക്ഷണ ശീലങ്ങളിലെ അനാരോഗ്യകരമായ തെറ്റുകൾ മനസ്സിലാക്കി അത് തിരുത്തി മുന്നോട്ട് പോകുവാനുള്ള സമയമാണിത്,” നിധി ശർമ്മ പറയുന്നു

ഭക്ഷണത്തിനു ശേഷം ഉടനടി കുളിക്കരുത്
ഭക്ഷണം കഴിക്കുമ്പോൾ ദഹനം കൂടുതൽ സുഗമമാകുവാൻ വേണ്ടി രക്തം ആമാശയത്തെ വലയം ചെയ്യുന്നു. കുളിയ്ക്കുമ്പോൾ സ്വാഭാവികമായും ശരീരത്തിന്റെ താപനിലയ്ക്ക് വ്യത്യാസം വരുന്നു. ഭക്ഷണം കഴിച്ച ശേഷം ഉടനടി കുളിക്കുമ്പോൾ രക്തം ആമാശയത്തിന്റെ ഉപരിതലത്തെ വലയം ചെയ്യുന്നതിന് പകരം ചർമ്മത്തിന്റെ ഉപരിതലത്തിലേക്ക് വ്യതിചലിച്ചു ദഹനം മന്ദഗതിയിലാക്കുന്നു.

ഭക്ഷണം കഴിച്ചയുടനെ വ്യായാമം ചെയ്യരുത്
ഭക്ഷണം കഴിച്ചയുടൻ കഠിനമായ വ്യായാമം ചെയ്യുമ്പോൾ അത് ദഹനപ്രക്രിയയെ തടസ്സപ്പെടുത്തുന്നു. ഇത് ഓക്കാനം, വയറുവേദന എന്നിവയ്ക്ക് കാരണമാവുകയും ഛർദ്ദിയിലേക്ക് നയിക്കുകയും ആസിഡ് റിഫ്ലക്സിന് കാരണമാവുകയും ചെയ്യുന്നു. ഭക്ഷണ ശേഷം മുൻപിലേക്ക് കുനിഞ്ഞു നിൽക്കുന്നതുൾപ്പടെയുള്ള ശാരീരികാഭ്യാസങ്ങളും ഒഴിവാക്കുക. ഇതും ആസിഡ് റിഫ്ലക്സിന് കാരണമാകും.

ഉച്ചയുറക്കം ഒഴിവാക്കുക
ഭക്ഷണത്തിനു ശേഷം ഉറങ്ങുവാനുള്ള ആഗ്രഹം വളരെ സാധാരണമാണ്. ഭക്ഷണം കഴിച്ചയുടനെ ഉറങ്ങുമ്പോൾ ദഹന രസങ്ങൾ ഉയർന്നു വരികയും അത് നെഞ്ചെരിച്ചിലിനു കാരണമാവുകയും ചെയ്യുന്നു.

ഭക്ഷണം കഴിച്ച ഉടനെ ധാരാളം വെള്ളം കുടിക്കരുത്
ഭക്ഷണത്തിനു ശേഷം അധികമായി വെള്ളം കുടിക്കുമ്പോൾ ആമാശയത്തിലെ ആസിഡിനെ അത് നേർപ്പിക്കുകയും ദഹനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. മിക്ക ഇന്ത്യൻ ഭക്ഷണങ്ങളിലും ഗ്രേവി, പയറുകൾ, സാമ്പാർ, ചാസ്, സാലഡുകൾ എന്നിവയുടെ രൂപത്തിൽ ആവശ്യത്തിന് ജലാംശം അടങ്ങിയിട്ടുണ്ട്.

ഉടനടി പഴങ്ങൾ വേണ്ട
ഭക്ഷണ ശേഷം പഴങ്ങൾ കഴിക്കുമ്പോൾ പഴങ്ങളിൽ നിന്ന് ശരീരം പോഷകങ്ങൾ ആഗിരണം ചെയ്യുന്നത് കുറയ്ക്കുന്നു.

ഭക്ഷണം കഴിച്ചയുടൻ ചായ/കാപ്പി കുടിക്കുന്നത് ഒഴിവാക്കുക
ചായ/കാപ്പി എന്നിവയിൽ അടങ്ങിയിരിക്കുന്ന ചില ഫിനോളിക് സംയുക്തങ്ങൾ ഭക്ഷണത്തിൽ നിന്ന് അയേൺ പോലുള്ള ചില പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുന്നു.

ഭക്ഷണ ശേഷമുള്ള മദ്യപാനവും പുകവലിയും ഒഴിവാക്കുക
മദ്യപാനവും പുകവലിയും ശരീരത്തിന് എപ്പോഴും ഹാനികരമാണെങ്കിലും ഭക്ഷണ ശേഷമുള്ള മദ്യപാനവും പുകവലിയും ആരോഗ്യപ്രശ്നങ്ങൾ ഇരട്ടിപ്പിക്കുന്നു.

വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, ഭക്ഷണത്തിന് ശേഷം ഒരാൾക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനങ്ങൾ ഇവയാണ്

  • നിങ്ങൾ സ്വയം സജീവമായിരിക്കാൻ ശ്രദ്ധിക്കുക : അമിതമായി ഒന്നും ചെയ്യാതെ, ഭക്ഷണത്തിനു ശേഷം സജീവമായിരിക്കേണ്ടത് പ്രധാനമാണ്.
  • ഭക്ഷണം വിഘടിപ്പിക്കാനും ദഹിപ്പിക്കാനും അര കപ്പ് ചെറുചൂടുള്ള വെള്ളം കുടിക്കുക. ദഹനപ്രശ്നങ്ങളുള്ള ആളുകൾക്ക് അല്ലെങ്കിൽ വളരെ വൈകി ഭക്ഷണം കഴിക്കുന്നവർക്ക് ഇത് വളരെയധികം സഹായകരമാണ്.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Avoid these post meal activities eating habits and health