ശരീരിക ക്ഷമതയുടെ കാര്യത്തില്‍ കുടലിന്റെ ആരോഗ്യം നിര്‍ണായക പങ്കു വഹിക്കുന്ന ഒന്നാണ്. ശരിയായ ദഹനം ഉറപ്പാക്കാനായി ഭക്ഷണ ക്രമത്തിലും ശാരീരത്തിന്റെ പ്രവര്‍ത്തനങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടത് പ്രധാനമാണ്. ദഹനക്കേടിനും കുടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും കാരണമായേക്കാവുന്ന ചില ജീവിതശൈലി ശീലങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
ദഹനപ്രക്രിയ ശരിയാകുന്നതിനായി ചില ജീവിതശൈലികള്‍ ഉപേക്ഷിക്കണമെന്നാണ് അയുര്‍വേദ വിദഗ്ധയായ ഡോ. ദിക്ഷ ഭവ്സ പറയുന്നത്, ദഹനക്കേടിനു കാരണമാകുന്ന അഞ്ച് ശീലങ്ങളും അവര്‍ ചൂണ്ടിക്കാണിക്കുന്നു.
കഴിച്ചു കഴിഞ്ഞ് ഉടന്‍ കുളിക്കുന്നത്
ആയുര്‍വേദം പറയുന്നതനുസരിച്ച് എല്ലാ കാര്യങ്ങളും ചെയ്യുന്നതിന് അതിന്റേതായ സമയമുണ്ടെന്നാണ്. സമയാധിഷ്ഠിതമല്ലാത ചെയ്യുന്നത് ശരീരത്തിന് നല്ലതല്ല. ഭക്ഷണം കഴിച്ചു കഴിഞ്ഞ് രണ്ട് മണിക്കൂറത്തേക്ക് കുളിക്കാന്‍ പാടില്ലെന്നാണ് ഡോ. ദിക്ഷ പറയുന്നത്. ഭക്ഷണത്തിന് ശേഷം ഉടന്‍ കുളിച്ചാന്‍ ദഹനത്തിന് ആവശ്യമായ ശരീരത്തിലെ ഊഷ്മാവ് ഇല്ലാതെയാകും. ഇതോടെ ദഹനപ്രക്രിയയുടെ വേഗത കുറയും.
ഭക്ഷണത്തിന് ശേഷം നടക്കുന്നത്
നടക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്, എന്നാല്‍ ഭക്ഷണത്തിന് ശേഷമുള്ള നടപ്പ് അത്ര നല്ലതല്ല. ദീർഘദൂര നടത്തം, നീന്തൽ, വ്യായാമം ഈ പ്രവർത്തനങ്ങളെല്ലാം ദഹനത്തെ തടസപ്പെടുത്തുകയും വയറു വീർക്കുന്നതിനും ഭക്ഷണത്തിനു ശേഷമുള്ള അസ്വസ്ഥതകൾക്കും കാരണമാകുന്നു.
രണ്ട് മണിക്ക് ശേഷം ഉച്ചഭക്ഷണം കഴിക്കുന്നത്
ഉച്ചഭക്ഷണത്തിനായി കൃത്യമായൊരു സമയമുണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ആയുര്‍വേദം പറയുന്നതനുസരിച്ച് ഉച്ചയ്ക്ക് 12 നും രണ്ടിനുമിടയിലുള്ള സമയത്ത് വേണം ഉച്ച ഭക്ഷണം കഴിക്കാന്‍. ഇത് ദഹനത്തെ വേഗത്തിലാക്കും. ആയുര്‍വേദമനുസരിച്ച് ഉച്ചയ്ക്കത്തെ ഭക്ഷണമാണ് ഏറ്റവും പ്രധാനപ്പെട്ടത്.
രാത്രി തൈര് കഴിക്കുന്നത്
ആരോഗ്യത്തിന് പ്രയോജനകരമായ ഒന്നാണ് തൈരെങ്കിലും, രാത്രി കഴിക്കാന്‍ പാടില്ലാത്ത ഒന്നു കൂടിയാണ്. ശരീരത്തിലെ കഫത്തിന്റെ അളവ് വര്‍ധിക്കുന്നതിന് ഇത് കാരണമാകുന്നു. ഇത് മലബന്ധത്തിനും കാരണമായേക്കാം.
ഭക്ഷണത്തിന് ശേഷം ഉറങ്ങുന്നത്
ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ ഉറങ്ങരുത്. ഉറക്കവും ഭക്ഷണവും തമ്മില്‍ മൂന്ന് മണിക്കൂറെങ്കിലും ഇടവേള ആവശ്യമാണെന്നാണ് ആയുര്‍വേദം പറയുന്നത്. ഉറങ്ങുന്ന സമയത്താണ് നമ്മുടെ ശരീരത്തിലെ പല പ്രക്രിയകളും നടക്കുന്നത്. ഭക്ഷണം ദഹിക്കുന്നതിനായി ശരീരത്തിലെ ഊര്‍ജം ചിലവാകുന്നത് മറ്റ് പ്രക്രിയകളെ വൈകിപ്പിക്കുന്നു.
Also Read: പ്രമേഹരോഗികൾക്ക് ഒരു ദിവസം തുടങ്ങാനുള്ള ആരോഗ്യകരമായ ടിപ്സുകൾ