ശരീര ആരോഗ്യം വർധിപ്പിക്കുകയും രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുകയും ചെയ്യുന്ന നിരവധി പച്ചക്കറികളുണ്ട്. ഇവയിൽ തന്നെ ചില പച്ചക്കറികൾ പലർക്കും സുചരിപിതമായിരിക്കില്ല. അത്തരത്തിലൊന്നാണ് കൂവക്കിഴങ്ങ്. ഈ കിഴങ്ങുവർഗം നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ്.
ചേന, മധുരക്കിഴങ്ങ് എന്നിവയ്ക്കു സമാനമായ കൂവക്കിഴങ്ങിൽ മറ്റ് കിഴങ്ങുവർഗങ്ങളെ അപേക്ഷിച്ച് ഉയർന്ന പ്രോട്ടീനുണ്ട്. കൂവക്കിഴങ്ങിനെപ്പോലെ കൂവപ്പൊടിയും ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതാണ്. കൂവപ്പൊടിയിൽ ഗണ്യമായ അളവിൽ പ്രോട്ടീനും നിരവധി ധാതുക്കളും അടങ്ങിയിട്ടുണ്ടെന്ന് ഫിറ്റ്നസ് ആൻഡ് ന്യൂട്രീഷ്യൻ സയന്റിസ്റ്റും ഫുഡ് ഡാർസിയുടെ സഹസ്ഥാപകനുമായ ഡോ.സിദ്ധാന്ത് ഭാർഗവ പറഞ്ഞു.
”ഉയർന്ന നാരുകളും അന്നജവും ദഹനപ്രക്രിയയെ മന്ദഗതിയിലാക്കുന്നതിനാൽ, ഇവ കഴിച്ചതിനുശേഷം ദീർഘനേരം പൂർണത അനുഭവപ്പെടും. അതിലൂടെ വിശപ്പ് നിയന്ത്രിക്കുകയും ശരീര ഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും. ഉയർന്ന അളവിൽ അന്നജമുള്ളതിനാൽ കൂവക്കിഴങ്ങ് ഗ്ലൂറ്റൻ-ഫ്രീ ഡയറ്റുകൾക്ക് അനുയോജ്യമാണ്. വയറിളക്കം ചികിത്സിക്കാനും കൂവക്കിഴങ്ങ് സഹായിക്കും,” ഡോ.ഭാർഗവ ഇന്ത്യൻഎക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.
ഡയറ്റീഷ്യൻ ഗരിമ ഗോയൽ കൂവക്കിഴങ്ങിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.
പ്രമേഹരോഗികൾക്ക് മികച്ചത്
കൂവക്കിഴങ്ങ് ഗ്ലൈസമിക് സൂചിക കുറവുള്ള പച്ചക്കറിയാണ്. അതിനാൽ തന്നെ പ്രമേഹമുള്ളവർക്ക് അനുയോജ്യമാണ്. മാത്രമല്ല, ഇതിൽ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുണ്ട്.
മലബന്ധവും വയർവീർക്കലും അകറ്റും
നാരുകളുടെ ഉയർന്ന ഉള്ളടക്കം വിവിധ ദഹന പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കും. നാരുകൾ കൂടുതലുള്ള ഭക്ഷണം ധാരാളം കഴിക്കുന്നത് മലവിസർജനപ്രക്രിയയെ സുഗമമാക്കുകയും മലബന്ധം അകറ്റുകയും ചെയ്യും.
ഹൃദയാരോഗ്യത്തിന്
ഈ കിഴങ്ങിലെ നാരുകളുടെ ഉള്ളടക്കം ശരീരത്തിലെ കൊളസ്ട്രോൾ അളവ് കുറയ്ക്കും. ഇതിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദം കുറയ്ക്കുകയും ധമനികളിൽ പ്ലേഗ് ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. ഇതിലൂടെ ഹൃദയാഘാതം തടയുന്നു.