മണവും രുചിയും തിരിച്ചറിയുന്നതിനുള്ള ശേഷി നഷ്ടപ്പെടുന്നത് കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളാവാം എന്നാണ് യുകെയിലെ ചില ഗവേഷകര്‍ പറയുന്നത്. ലണ്ടനിലെ കിങ്സ് കോളജിലെ ഒരു സംഘം ഗവേഷകര്‍, കോവിഡ്- 19 ലക്ഷണങ്ങളുമായെത്തിയ 400,000ല്‍ അധികം ആളുകളെ നിരീക്ഷിക്കുകയും ആ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.

എന്നാല്‍, സാധാരണ ഉണ്ടാകുന്ന ജലദോഷപ്പനി പോലെ ശ്വാസകോശത്തെ ബാധിക്കുന്ന മറ്റ് അണുബാധകളുണ്ടാവുമ്പോഴും മണവും രുചിയും തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടാറുണ്ട്. വൈറസ് ശരീരത്തില്‍ കയറി പ്രവര്‍ത്തനം തുടങ്ങി എന്നതിന്‍റെ പ്രധാന ലക്ഷണങ്ങള്‍ പനിയും ചുമയും തന്നെയാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

നിങ്ങള്‍ക്കോ നിങ്ങളുടെ കൂടെ താമസിക്കുന്നവര്‍ക്കോ തുടര്‍ച്ചയായ ചുമയും ഉയര്‍ന്ന ശരീര ഊഷ്മാവും അനുഭവപ്പെടുന്നുണ്ടെങ്കില്‍ കൊറോണ വൈറസ് ബാധയുടെ വ്യാപനം ഒഴിവാക്കുന്നതിന് ഇത്തരക്കാര്‍ വീട്ടില്‍ തന്നെ സുരക്ഷിതരായ് കഴിയണമെന്നാണ് നിര്‍ദേശിക്കുന്നത്.

പഠനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍

കൊറോണ വൈറസ് ബാധയുടെ ഒന്നില്‍ക്കൂടുതല്‍ ലക്ഷണങ്ങളുമായെത്തിയ ആളുകളുടെ വിവരങ്ങള്‍ ശേഖരിച്ച്, രോഗത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നതിന് കിങ്സ് കോളജിലെ ഗവേഷകര്‍ ഉപയോഗിച്ചത് കോവിഡ് സിംറ്റസ് ട്രാക്കര്‍ ആപ്പ് (Covid Symptom Tracker app) ആണ്. ഇങ്ങനെ ലഭിച്ച വിവരങ്ങള്‍ ഗവേഷകര്‍ ഈ മേഖലയിലെ വിദഗ്ധര്‍ക്ക് കൈമാറി.

Read Also: നാരങ്ങയോ മാങ്ങയോ കഴിച്ചതുകൊണ്ട് കൊറോണ വൈറസിനെ തടയാനാവില്ലെന്ന് ലോകാരോഗ്യ സംഘടന

പഠനവിവരങ്ങളാണ് താഴെപ്പറയുന്നത്

53% ആളുകള്‍‌ക്ക് തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെട്ടു
29% പേര്‍ക്ക് തുടര്‍ച്ചയായ ചുമയുണ്ടായിരുന്നു
28% ആളുകള്‍ ശ്വാസതടസ്സം നേരിടുന്നവരായിരുന്നു
18% പേര്‍ രുചിയും മണവും തിരിച്ചറിയാനാവാത്ത അവസ്ഥയിലായിരുന്നു
10.5% ആളുകള്‍ക്ക് പനിയുണ്ടായിരുന്നു

ഈ 400,000 ആളുകളില്‍ 1,702 പേരെ കോവിഡ്-19 പരിശോധനയ്ക്ക് വിധേയരാക്കി. ഇതില്‍ 579 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 1,123 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

രുചിയും മണവും തിരിച്ചറിയുന്നതിനുളള ശേഷി നഷ്ടപ്പെടുന്നത്, കൂടുതല്‍ കരുതലെടുക്കേണ്ടതിനുള്ള പ്രധാനലക്ഷണങ്ങളാണോ?

ഇക്കാര്യത്തില്‍ മതിയായ തെളിവുകളില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇംഗ്ലണ്ടിലെ പൊതുആരോഗ്യസംവിധാനമോ, ലോകാരോഗ്യസംഘടനയോ ഈ ലക്ഷണങ്ങള്‍ നിർദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കൊറോണ വൈറസ് ബാധിച്ച ചില രോഗികളില്‍ ഈ ലക്ഷണങ്ങള്‍ കാണുന്നതില്‍ പ്രത്യേകിച്ച് ആശ്ചര്യപ്പെടാനൊന്നുമില്ലെന്നാണ് യുകെയിലെ ഇഎന്‍ടി (ENT) വിഭാഗം ഡോക്ടര്‍മാര്‍ പറയുന്നത്. എന്നാല്‍ ഇതുമാത്രം കോവിഡ്-19 ലക്ഷണങ്ങളായ് കാണരുതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

പ്രധാന ലക്ഷണങ്ങളായ ചുമയ്ക്കും പനിക്കും പുറമെ രുചിയും മണവും തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുന്നതുമായ ലക്ഷണം കാണിക്കുന്നവരെ കൂടുതല്‍ നിരീക്ഷിക്കണമെന്നാണ് കിങ്സ് ആശുപത്രിയിലെ ഗവേഷകര്‍ പറയുന്നത്. കിങ്സ് ആശുപത്രിയിലെ ഗവേഷണ വിഭാഗത്തിലെ പ്രധാനിയായ പ്രൊഫസര്‍ ടിം സ്പെകടര്‍ പറയുന്നു, “ഞങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍, മറ്റ് ലക്ഷണങ്ങള്‍ക്കൊപ്പം രുചിയും മണവും തിരിച്ചറിയാന്‍ കഴിയാതെ വരുന്നവരില്‍ കോവിഡ്-19 കാണുന്നതിനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടി അധികമാണ്. അതുകൊണ്ട് തന്നെ ഇവര്‍ ഏഴ് ദിവസമങ്കിലും സെല്‍ഫ് ഐസൊലേഷനില്‍ കഴിയുന്നത് രോഗം വ്യാപിക്കുന്നത് തടയാന്‍ സഹായിക്കും.”

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook