പച്ച തക്കാളിയെക്കാൾ ചുവന്ന നിറത്തിലുള്ള തക്കാളിയാണ് നമുക്കെല്ലാവർക്കും പ്രിയം. എന്നാൽ, പച്ച നിറത്തിലുള്ള ഈ തക്കാളി ഉപയോഗിച്ചും രുചികരമായ ഭക്ഷണ വിഭവങ്ങൾ തയ്യാറാക്കാം. അവ ആരോഗ്യകരമാണോയെന്ന സംശയം ഉണ്ടോ?. പച്ച തക്കാളി നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തണോ എന്നതിനെക്കുറിച്ച് വിദഗ്ധർ പറയും.
മറ്റെല്ലാ നിറമുള്ള പഴങ്ങളെയും പച്ചക്കറികളെയുംപോലെ പച്ച തക്കാളിയും ആന്റിഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണെന്ന് ഡയറ്റീഷ്യൻ ഗരിമ ഗോയൽ പറഞ്ഞു. അടുത്തിടെ ഫുഡ് തെറാപ്പിസ്റ്റ് ഡോ.റിയ ബാനർജി അങ്കോള പച്ച തക്കാളി ചട്നിയുടെ പാചക കുറിപ്പ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരുന്നു. പച്ച തക്കാളി വളരെ സ്വാദിഷ്ടവും വിറ്റാമിൻ സി കൊണ്ട് നിറഞ്ഞതാണെന്നും ഒഴിവാക്കരുതെന്നും അവർ നിർദേശിച്ചു.
ചേരുവകൾ
പച്ച തക്കാളി- 2 എണ്ണം
വെളുത്തുള്ളി
മല്ലിയില
പച്ച മുളക്
നാരങ്ങ നീര്
ഹിമാലയൻ പിങ്ക് ഉപ്പ്
തയ്യാറാക്കുന്ന വിധം
എല്ലാ ചേരുവകളും ഒരുമിച്ച് ചേർത്ത് അരച്ചെടുക്കുക. ഇതിലേക്ക് കുറച്ച് നാരങ്ങ നീര് ചേർക്കുക.
എന്തുകൊണ്ട് പച്ച തക്കാളി കഴിക്കണം?
പച്ച തക്കാളിക്ക് നിരവധി ആരോഗ്യ ഗുണങ്ങളുണ്ടെന്ന് ചെംബൂറിലെ സെൻ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രിയിലെ ഡയറ്റീഷ്യൻ ഡോ.പ്രിയ പാലൻ പറഞ്ഞു.
രോഗപ്രതിരോധശേഷി കൂട്ടും
വിറ്റാമിൻ സി നിറഞ്ഞിരിക്കുന്നതിനാൽ രോഗപ്രതിരോധശേഷിയെ ശക്തിപ്പെടുത്തുകയും ജലദോഷത്തിനും മറ്റ് രോഗങ്ങൾക്കും എതിരെ പോരാടാനും സഹായിക്കുന്നു. സസ്യാഹാരത്തിൽ നിന്ന് ഇരുമ്പ് നന്നായി ആഗിരണം ചെയ്യാൻ വിറ്റാമിൻ സി ശരീരത്തെ സഹായിക്കുന്നു. പച്ച തക്കാളി വിറ്റാമിൻ എ, വിറ്റാമിൻ സി, ഫൈറ്റോകെമിക്കൽസ് എന്നിവയുടെ മികച്ച ഉറവിടമായതിനാൽ, രോഗങ്ങൾക്കും ഓക്സിഡേറ്റീവ് നാശത്തിനും എതിരെ പോരാടാൻ സഹായിക്കും.
കുടൽ ആരോഗ്യത്തിന് നല്ലത്
നാരുകളുടെ മികച്ച ഉറവിടങ്ങളായതിനാൽ ദഹനവ്യവസ്ഥയെ ആരോഗ്യകരമായി നിലനിർത്തുകയും മലബന്ധം തടയുകയും കാൻസർ, ഹൃദ്രോഗം, പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ”പച്ച തക്കാളിയുടെ വിത്തും തൊലിയും നാരുകളുടെ സമൃദ്ധമായ ഉറവിടമാണ്. ഇവ നല്ല കുടൽ ബാക്ടീരിയകളുടെ വളർച്ചയ്ക്ക് സഹായിക്കുന്നു,” ഗോയൽ പറഞ്ഞു.
കാഴ്ച ശക്തി മെച്ചപ്പെടുത്തും
പച്ച തക്കാളിയിലെ ബീറ്റാ കരോട്ടിൻ കണ്ണിന്റെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ എ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു.
രക്ത സമ്മർദം കുറയ്ക്കും
പൊട്ടാസ്യത്തിന്റെ നല്ല ഉറവിടം കൂടിയായ പച്ച തക്കാളി സോഡിയത്തിന്റെ ഫലങ്ങളെ പ്രതിരോധിക്കുകയും രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു. രക്തക്കുഴലിലെ എൽഡിഎൽ കൊളസ്ട്രോൾ (മോശം കൊളസ്ട്രോൾ) ഓക്സിഡേഷൻ തടയാൻ പച്ച തക്കാളി സഹായിക്കുന്നു. ഇതിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നുവെന്ന് ഗോയൽ പറഞ്ഞു.
ചർമ്മത്തിന് നല്ലത്
ആരോഗ്യമുള്ളതും തിളക്കമുള്ളതും യുവത്വമുള്ളതുമായ ചർമ്മത്തിന് മികച്ചതാണ് പച്ച തക്കാളി.
കാൻസറിനെതിരെ പോരാടുന്നു
അവയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കാനും വിഷവസ്തുക്കളെ തടയാനും സഹായിക്കുന്നു. പച്ച തക്കാളിയിലെ ബയോ ആക്ടീവ് സംയുക്തമായ ടൊമാറ്റിൻ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നതിനാൽ കാൻസർ കോശങ്ങളുടെ വളർച്ച തടയാൻ പച്ച തക്കാളി സഹായിക്കുമെന്ന് തെളിവുകൾ സൂചിപ്പിക്കുന്നതായി ഗോയൽ പറഞ്ഞു.
ശരീരത്തിൽ ജലാംശം നിലനിർത്തുന്നു
തക്കാളിയിൽ 94 ശതമാനം വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ജലാംശം നൽകുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.