scorecardresearch

പ്രമേഹമുള്ളവർക്ക് മുന്തിരി നല്ലതാണോ? പോഷകഗുണങ്ങൾ അറിയാം

പ്രമേഹമുള്ളവർ ഉയർന്ന കലോറി അല്ലെങ്കിൽ മധുരമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാൻ വിദഗ്ധർ ഉപദേശിക്കാറുണ്ട്

grapes, health, ie malayalam
മുന്തിരി

ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ആളുകളെ ബാധിക്കുന്ന ഒരു പ്രധാന ആശങ്കയാണ് പ്രമേഹം. ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷന്റെ (ഐഡിഎഫ്) റിപ്പോർട്ട് അനുസരിച്ച്, ഏകദേശം 537 ദശലക്ഷം മുതിർന്നവർ പ്രമേഹബാധിതരാണ്. 2030 ഓടെ ഇത് 643 ദശലക്ഷമായി ഉയരുമെന്ന് പ്രവചിക്കപ്പെടുന്നു. ഇതൊരു ജീവിതശൈലി രോഗമാണ്. പാൻക്രിയാസ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിൽ പരാജയപ്പെടുമ്പോഴോ ശരീരം ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ നന്നായി ഉപയോഗിക്കാതിരിക്കുമ്പോഴോ രോഗാവസ്ഥ ഉണ്ടാകുന്നു.

പ്രമേഹമുള്ളവർ ഉയർന്ന കലോറി അല്ലെങ്കിൽ മധുരമുള്ള ഭക്ഷണങ്ങൾ ഒഴിവാക്കാൻ വിദഗ്ധർ ഉപദേശിക്കാറുണ്ട്. എന്നാൽ, മുന്തിരിയെ ചൊല്ലി പല സംവാദങ്ങളും എപ്പോഴും നടക്കാറുണ്ട്. പ്രമേഹമുള്ളൊരാൾക്ക് മുന്തിരി കഴിക്കാമോ എന്നതാണ് ചോദ്യം?. മുന്തിരിയിൽ ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. അവ പലപ്പോഴും ഒരു സൂപ്പർഫുഡായി കണക്കാക്കപ്പെടുന്നു. മുന്തിരിയുടെ ആരോഗ്യ ഗുണങ്ങൾ നോക്കാം.

  1. വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നു

ആന്റിഓക്സിഡന്റുകളുടെയും വിറ്റാമിൻ സിയുടെയും സമ്പന്നമായ ഉറവിടമാണ് മുന്തിരി. യുഎസ്ഡിഎ പ്രകാരം 100 ഗ്രാം മുന്തിരിപ്പഴത്തിൽ 3.6 മില്ലിഗ്രാം വിറ്റാമിൻ സി ഉണ്ട്. ഈ ഘടകങ്ങൾ ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

  1. വീക്കം തടയുന്നു

ഉയർന്ന ആന്റിഓക്സിഡന്റ് ഉള്ളടക്കം കാരണം, ശരീരത്തിലെ വീക്കം, ഓക്സിഡേറ്റീവ് സ്ട്രെസ് എന്നിവയ്ക്കെതിരെ പോരാടുന്നതിന് മുന്തിരി വളരെ മികച്ചതായി കണക്കാക്കപ്പെടുന്നു. ടെക്സസ് വുമൺസ് യൂണിവേഴ്സിറ്റി നടത്തിയ പഠനമനുസരിച്ച്, മുന്തിരി, സന്ധി വേദനകൾ ഒഴിവാക്കാൻ സഹായിച്ചേക്കാം.

  1. നിർജലീകരണം തടയുന്നു

യുഎസ്ഡിഎ ഡാറ്റ പ്രകാരം 100 ഗ്രാം മുന്തിരിപ്പഴത്തിൽ 196 മി.ഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. അവയിലെ ഉയർന്ന പൊട്ടാസ്യം ഉള്ളടക്കവും കുറഞ്ഞ അളവിലുള്ള സോഡിയവും നിർജലീകരണം തടയുന്നു.

  1. കണ്ണുകൾക്ക് നല്ലത്

മുന്തിരിയിലെ ആന്റി ഇളഫ്ലാമേറ്ററി ഗുണങ്ങൾ ഏത് തരത്തിലുള്ള നാശത്തിൽ നിന്നും റെറ്റിനകളെ തടയാൻ സഹായിക്കുന്നു.

  1. രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു

മുന്തിരിയിൽ നല്ല അളവിലുള്ള പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. മുന്തിരിയിലെ വിറ്റാമിൻ ഡി രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുന്നു.

പ്രമേഹമുള്ളവർക്ക് മുന്തിരി നല്ലതാണോ?

മുന്തിരിപ്പഴത്തിന് കുറഞ്ഞ ഗ്ലൈസെമിക് സൂചികയുണ്ട്. അതിനാൽ തന്നെ, പ്രമേഹരോഗികളുടെ ആരോഗ്യത്തെ ബാധിക്കാതെ അവർക്കുള്ള മികച്ച പഴമാക്കി മാറ്റുന്നു. കുറഞ്ഞ ജിഐ (ഗ്ലൈസെമിക് സൂചിക), ജിഎൽ (ഗ്ലൈസെമിക് ലോഡ്) ഭക്ഷണങ്ങൾ പ്രമേഹരോഗികൾക്ക് നല്ലതാണ്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗനിർദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Are grapes good for diabetics