ഇടയ്ക്കിടെയുള്ള പകലുറക്കം ഹൈപ്പർ ടെൻഷൻ അല്ലെങ്കിൽ രക്തസമ്മർദ്ദം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഒരു പുതിയ പഠനം പറയുന്നു. പകൽ ഒരിക്കലും ഉറങ്ങാത്തവരുമായി താരതമ്യം ചെയ്യുമ്പോൾ, മുതിർന്നവരിൽ പകലുറക്കം ഉയർന്ന രക്തസമ്മർദത്തിന് 12 ശതമാനം ഉയർന്ന അപകടസാധ്യതയും സ്ട്രോക്കിന് 24 ശതമാനം ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്തിയതായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേണൽ ഹൈപ്പർടെൻഷനിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു.
60 വയസ്സിന് താഴെയുള്ളവരും സാധാരണയായി ഉറങ്ങുന്നവരുമായ ആളുകൾക്ക്, ഈ പ്രായത്തിലുള്ള പകലുറക്കം ഇല്ലാത്തവരെ അപേക്ഷിച്ച് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത 20 ശതമാനം കൂടുതലാണെന്ന് ഗവേഷകർ പറഞ്ഞു. “60 വയസിനു ശേഷം, സാധാരണ പകലുറങ്ങാത്തവരെ അപേക്ഷിച്ച് ഉയർന്ന രക്തസമ്മർദ്ദത്തിന് 10 ശതമാനം ഉയർന്ന അപകടസാധ്യതയുണ്ട്,” പത്രക്കുറിപ്പിൽ പറയുന്നു.
ബയോമെഡിക്കൽ ഡേറ്റബേസായ യുകെ ബയോബാങ്കിൽനിന്നുള്ള വിവരങ്ങൾ, ചില ഗവേഷണ വിവരങ്ങൾ, യുകെയിൽനിന്നു പങ്കെടുത്തവരുടെ ആരോഗ്യ വിവരങ്ങൾ എന്നിവയാണ് ഗവേഷകർ പഠനത്തിനായി ഉപയോഗിച്ചത്. 2006 നും 2010 നും ഇടയിൽ യുകെയിൽ താമസിച്ചിരുന്ന 40 നും 69 നും ഇടയിൽ പ്രായമുള്ള അഞ്ച് ലക്ഷത്തിലധികം പേരെ യുകെ ബയോബാങ്ക് റിക്രൂട്ട് ചെയ്തു. അവർ പതിവായി രക്തം, മൂത്രം, ഉമിനീർ എന്നിവയുടെ സാമ്പിളുകളും അവരുടെ ജീവിതരീതിയെക്കുറിച്ചുള്ള വിശദമായ വിവരങ്ങളും നൽകി. യുകെ ബയോബാങ്ക് പങ്കാളികളിലെ ചിലരിൽ 2006 മുതൽ 2019 വരെ നാല് തവണ ഡേ ടൈം നാപ്പിങ് ഫ്രീക്വൻസി സർവേ നടന്നതായി പത്രക്കുറിപ്പിൽ പറയുന്നു.
പകൽ ഇടയ്ക്കിടെ ഉറങ്ങാമോ?
മോശം ഉറക്കം മാനസികാവസ്ഥയെയും ഹോർമോണിനെയും ബാധിക്കുകയും രക്തസമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യുമെന്ന് ലുധിയാനയിലെ സിബിയ മെഡിക്കൽ സെന്റർ സ്ഥാപകനും കാർഡിയോളജിസ്റ്റുമായ ഡോ.എസ്.എസ് സിബിയ പറഞ്ഞു.
”കൂർക്കംവലി ഉള്ളവവരിലോ സ്ലീപ് അപ്നിയ ഉള്ളവരിലോ ഉച്ചയുറക്കത്തിന്റെ പ്രവണത വർധിക്കുന്നതായി കണ്ടുവരുന്നു, കാരണം അവർ രാത്രിയിൽ ഇടയ്ക്കിടെ ഉണരുന്നുണ്ട്. അത്തരം ആളുകൾക്ക് ഉയർന്ന രക്തസമ്മർദ്ദമുണ്ട്,” മുംബൈയിലെ ഗ്ലോബൽ ഹോസ്പിറ്റൽ പരേലിലെ കൺസൾട്ടന്റായ ഡോ.ചന്ദ്രശേഖർ കുൽക്കർണി പറഞ്ഞു.
എന്താണ് ചെയ്യാൻ കഴിയുക?
രാത്രിയിൽ നല്ല ഉറക്കത്തോടെ രാവിലെ നേരത്തെ എഴുന്നേൽക്കുകയാണ് ചെയ്യേണ്ടതെന്ന് ഡോ.ഷാ പറഞ്ഞു. ആരോഗ്യകരമായ ഭാരം ഉണ്ടെങ്കിൽ, പുകവലിയും മദ്യവും ഒഴിവാക്കുകയും, രാത്രിയിൽ കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് കുറയ്ക്കുകയും ചെയ്താൽ ഉച്ചയ്ക്ക് വിശ്രമിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.