ഇന്ത്യൻ ഭക്ഷണക്രമത്തിൽ മുട്ട ഒരു പ്രധാന ഘടകമാണ്. അവ പ്രോട്ടീനുകളുടെയും മറ്റ് അവശ്യ പോഷകങ്ങളുടെയും സമ്പന്നമായ ഉറവിടമാണെന്ന് എല്ലാവർക്കും അറിയാം. എന്നിരുന്നാലും, വർഷങ്ങളായി പ്രചരിക്കുന്ന ഒരു മിഥ്യയാണ് മുട്ടയുടെ മഞ്ഞക്കരു ഹൃദയാരോഗ്യത്തെ ബാധിക്കുന്നു എന്നത്.
മുട്ടയുടെ മഞ്ഞക്കരുവിലെ ഉയർന്ന അളവിലുള്ള കൊളസ്ട്രോൾ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുമെന്നാണ് ആളുകൾ വിശ്വസിക്കുന്നത്. എന്നാൽ ഇത് സത്യമാണോ?
മുട്ടയുടെ ആരോഗ്യഗുണത്തെക്കുറിച്ചും അവ ഹൃദയാരോഗ്യത്തിൽ വരുന്ന മാറ്റങ്ങളെക്കുറിച്ചും നോയിഡയിലെ മെട്രോ ഹോസ്പിറ്റലിലെ സീനിയർ ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ഗ്യാന്തി ആർ. ബി. സിങ് പറയുന്നു.
മിഥ്യ: മുട്ടയുടെ മഞ്ഞക്കരു ഹൃദയാരോഗ്യത്തിന് ഹാനികരമാണ്
മുട്ടയെ ചുറ്റിപ്പറ്റിയുള്ള ഏറ്റവും സാധാരണമായ മിഥ്യാധാരണകളിലൊന്ന് മഞ്ഞക്കരു ഹൃദയാരോഗ്യത്തിന് ദോഷകരമാണ് എന്നത്. മുട്ടയുടെ മഞ്ഞയിൽ കൊളസ്ട്രോൾ കൂടുതലാണെന്നും ഇത് ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടാനും ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും കാരണമാകുമെന്നുമാണ് വിശ്വാസം.
യാഥാർത്ഥ്യം: മിക്ക ആളുകളിലും ഭക്ഷണത്തിലെ കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോൾ അളവിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല എന്നതാണ് സത്യം. വാസ്തവത്തിൽ, ഭൂരിഭാഗം ആളുകൾക്കും അവരുടെ രക്തത്തിലെ കൊളസ്ട്രോൾ നിലയെ ബാധിക്കാതെയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കാതെയും പ്രതിദിനം ഒരു മുട്ട കഴിക്കാമെന്ന് ഗവേഷണങ്ങളിൽ പറയുന്നു.
തലച്ചോറിന്റെ പ്രവർത്തനത്തിനും കരളിന്റെ ആരോഗ്യത്തിനും പ്രധാനമായ കോളിൻ ഇവയിലുണ്ട്. നിരവധി അവശ്യ പോഷകങ്ങളുടെ സമ്പന്നമായ ഉറവിടമായതിനാൽ മുട്ടയുടെ മഞ്ഞക്കരു സമീകൃതാഹാരത്തിന്റെ ആരോഗ്യകരമായ ഭാഗമാണ്.
വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ള മുട്ട, ശക്തമായ അസ്ഥികൾക്കും ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിനും പ്രധാനമാണ്. പ്രോട്ടീന്റെ മികച്ച ഉറവിടമായ ഇവ ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കുന്നു. വാസ്തവത്തിൽ, പ്രഭാതഭക്ഷണത്തിന് മുട്ട കഴിക്കുന്നത് വിശപ്പ് കുറയ്ക്കുകയും ദിവസം മുഴുവൻ കുറച്ച് കലോറി കഴിക്കാൻ ആളുകളെ സഹായിക്കുകയും ചെയ്യുമെന്ന് ഗവേഷണങ്ങളിൽ പറയുന്നു.
പതിറ്റാണ്ടുകളായി ലക്ഷക്കണക്കിന് ആളുകളുടെ ഭക്ഷണക്രമം പിന്തുടർന്ന് ഹാർവാർഡ് മെഡിക്കൽ സ്കൂൾ നടത്തിയ പഠനങ്ങളിൽ ഒരു ദിവസം ഒരു മുട്ട എന്നത് സുരക്ഷിതമാണെന്ന് കണ്ടെത്തി. നമ്മുടെ ഭക്ഷണത്തിലെ പൂരിത കൊഴുപ്പും ട്രാൻസ് ഫാറ്റുമാണ് പ്രാഥമികമായി കൊളസ്ട്രോൾ നിർമ്മിക്കാനായി കരളിനെ സ്റ്റിമുലേറ്റ് ചെയ്യുന്നത്. എന്നാൽ ഒരു വലിയ മുട്ടയിൽ പൂരിത കൊഴുപ്പ് കുറവാണ്, ഏകദേശം 1.5 ഗ്രാം (ഗ്രാം).
മുട്ടയിൽ ആരോഗ്യകരമായ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണം സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണുകൾക്ക് നല്ലതായ ല്യൂട്ടിൻ, സിയാക്സാന്തിൻ, തലച്ചോറിനും ഞരമ്പുകൾക്കുമുള്ള കോളിൻ, കൂടാതെ വിവിധ വിറ്റാമിനുകളായ എ, ബി, ഡി എന്നിവയും ഇതിൽ ഉൾപ്പെടുന്നു. വാസ്തവത്തിൽ, ഒരു വലിയ മുട്ടയിൽ 270 അന്താരാഷ്‌ട്ര യൂണിറ്റ് (ഐയു) വിറ്റാമിൻ എയും 41 ഐയു വിറ്റാമിൻ ഡിയും അടങ്ങിയിട്ടുണ്ട്. അവയിൽ ഏകദേശം 6 ഗ്രാം പ്രോട്ടീനും 72 കലോറിയും അടങ്ങിയിട്ടുണ്ട് ഹാർവാർഡ് ഹെൽത്ത് പഠനത്തിൽ പറയുന്നു.
മിഥ്യ: ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണം
ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കണം എന്നതാണ് മറ്റൊരു മിഥ്യ. എന്നിരുന്നാലും നേരത്തെ സൂചിപ്പിച്ചതുപോലെ, മിക്ക ആളുകളിലും ഭക്ഷണത്തിലെ കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവിൽ കാര്യമായ സ്വാധീനം ചെലുത്തുന്നില്ല.
യാഥാർത്ഥ്യം: ഉയർന്ന കൊളസ്ട്രോൾ ഉള്ള ആളുകൾ പൂരിത കൊഴുപ്പ് കഴിക്കുന്നത് കുറയ്ക്കാൻ ശ്രദ്ധിക്കുക. ഇത് രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് വർധിപ്പിച്ചേക്കാം. സംസ്കരിച്ച ഭക്ഷണങ്ങൾ, വറുത്ത ഭക്ഷണങ്ങൾ, കൊഴുപ്പുള്ള മാംസം എന്നിവയിൽ പൂരിത കൊഴുപ്പ് ഉയർന്ന അളവിൽ കാണപ്പെടുന്നു.
പൂരിത കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നതിലൂടെയും പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവയാൽ സമ്പന്നമായ ഭക്ഷണക്രമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലൂടെയും നിങ്ങളുടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാനും കഴിയും.
പലപ്പോഴും, നിങ്ങളുടെ പ്രഭാതഭക്ഷണത്തിലെ വെണ്ണ, ചീസ്, സോസേജുകൾ, മഫിനുകൾ എന്നിവയിലെ പൂരിത കൊഴുപ്പ് നിങ്ങളുടെ രക്തത്തിലെ കൊളസ്ട്രോൾ വളരെയധികം വർധിപ്പിക്കും.
മിഥ്യ: മുട്ടയുടെ വെള്ള ആരോഗ്യകരമായ ഒന്നാണ്
കൊഴുപ്പും കൊളസ്ട്രോളും കുറവായതിനാൽ മുട്ടയുടെ വെള്ള ഒരു മുട്ട മുഴുവനായി കഴിക്കുന്നതിനെക്കാൾ ആരോഗ്യകരമാണ് എന്നതാണ് മറ്റൊരു മിഥ്യ.
യാഥാർത്ഥ്യം: മുട്ടയുടെ വെള്ളയിൽ മൊത്തത്തിലുള്ള മുട്ടകളേക്കാൾ കൊഴുപ്പും കൊളസ്ട്രോളും കുറവാണെന്നത് ശരിയാണെങ്കിലും, കോളിൻ, വിറ്റാമിൻ ഡി, ബി വിറ്റാമിനുകൾ എന്നിവയുൾപ്പെടെ അവശ്യ പോഷകങ്ങളും അവയിൽ കുറവാണ്. മുട്ടയുടെ വെള്ള മാത്രം കഴിക്കുന്നത് പോഷകങ്ങളുടെ അഭാവത്തിന് കാരണമാകും. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മുഴുവനായി വേവിച്ച മുട്ടകൾ സമീകൃതാഹാരത്തിന്റെ ഭാഗമാക്കാം.