പ്രമേഹമുള്ളവർ എപ്പോഴും കരുതലോടെ കഴിക്കേണ്ട ഭക്ഷണങ്ങളിൽ ഒന്നാണ് പഴങ്ങൾ. ഇവയിലെ സ്വാഭാവിക പഞ്ചസാര ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി വർധിപ്പിച്ചേക്കാം. അതിനാൽ പ്രമേഹമുള്ളവർ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവിന് സുരക്ഷിതവും കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ളതുമായ ഭക്ഷണങ്ങൾ എപ്പോഴും തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.
നിറയെ പോഷകഗുണങ്ങൾ അടങ്ങിയ പഴങ്ങളിലൊന്നാണ് മുന്തിരി. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, കറുത്ത മുന്തിരി പതിവായി കഴിക്കുന്നത് മെറ്റബോളിക് സിൻഡ്രോം കുറയ്ക്കും. ഇവയിൽ ശക്തമായ ആന്റിഓക്‌സിഡന്റും ആന്റി-ഇൻഫ്ലാമേറ്ററി ഗുണങ്ങളും ഉള്ളതിനാൽ, പ്രമേഹമുള്ളവർക്ക് സുരക്ഷിതമാണ്. പക്ഷേ, നിയന്ത്രിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം.
കറുത്ത മുന്തിരിയുടെ ഗ്ലൈസമിക് സൂചിക 43 മുതൽ 53 വരെയാണ്. അതിനാൽതന്നെ പ്രമേഹരോഗികൾക്ക് നല്ലതാണ്. മുഴുവൻ പഴമായോ ജ്യൂസായോ മുന്തിരി കഴിക്കാവുന്നതാണ്. കറുത്ത മുന്തിരിയിൽ റെസ്‌വെറാട്രോൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രമേഹ സാധ്യത കുറയ്ക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നു. കറുത്ത മുന്തിരിയിൽ 82 ശതമാനത്തിലധികം വെള്ളമുള്ളതിനാൽ കലോറി കുറവാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ശരീരത്തിന് ജലാംശം നൽകാൻ അവ സഹായിക്കും.
പ്രമേഹമുള്ളവർക്ക് എത്ര മുന്തിരി കഴിക്കാം?
പ്രമേഹരോഗികൾക്ക് അനുയോജ്യമായ ഏതെങ്കിലും ഭക്ഷണത്തിന്റെ അളവ് അതിന്റെ കാർബോഹൈഡ്രേറ്റ് ഉള്ളടക്കത്തെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് മയോ ക്ലിനിക് പറയുന്നത്. ഒരു പഴത്തിൽ ഏകദേശം 15 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ദിവസവും 17 കറുത്ത മുന്തിരി കഴിക്കാം.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.