എല്ലാ ദിവസവും ബദാം കഴിക്കുക, കാരണം ബദാമിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. മുടികൊഴിച്ചിലിനും ചർമ്മ പ്രശ്നങ്ങൾക്കുമൊക്കെയുളള പരിഹാരമായി ബദാം കരുതപ്പെടുന്നു. നിങ്ങൾക്ക് വിശക്കുകയാണെങ്കിൽ, ലഘുഭക്ഷണത്തിനായി എന്തെങ്കിലും തിരയുമ്പോൾ, ബദാം പരിഗണിക്കണം. കാരണം ബദാം ഹൃദയാരോഗ്യം മെച്ചപ്പെടുത്തുമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയത്.

യുകെയിൽ നിന്നുളളവരെയാണ് പഠനത്തിൽ ഉൾപ്പെടുത്തിയത്. ഹൃദയ സംബന്ധമായ അസുഖമുള്ളവരും ദിനംപ്രതി ബദാം കഴിക്കുന്നവരും പഠനത്തിൽ പങ്കാളികളായി. വെൻഡി ഹാളിന്റെ നേതൃത്വത്തിൽ ലണ്ടനിലെ കിങ്സ് കോളേജിലെ ഗവേഷകരാണ് പഠനം നടത്തിയത്. അവർ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള കാർഡിയോമെറ്റബോളിക് ആരോഗ്യത്തെ താരതമ്യം ചെയ്തു, ബദാം കഴിക്കുന്നതിലൂടെ ലിപ്പോപ്രോട്ടീൻ കൊളസ്ട്രോൾ അളവിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തി. നിങ്ങളുടെ ദിവസേനയുളള ലഘുഭക്ഷണത്തിന് പകരമായി ബദാം ഉപയോഗിക്കുമ്പോൾ ‘ക്രമീകരിച്ച ആപേക്ഷിക ഹൃദയ രോഗ സാധ്യത’ 32 ശതമാനം കുറയ്ക്കുമെന്ന് ഗവേഷകർ പറഞ്ഞു.

Read Also: വൈറ്റ് ടീയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയാമോ?

യൂറോപ്യൻ ജേണൽ ഓഫ് ന്യൂട്രീഷ്യനിലാണ് പഠനം പ്രസിദ്ധീകരിച്ചത്. സ്ഥിരമായി ബദാം കഴിക്കുന്നവർക്ക് താഴ്ന്ന ബോഡി മാസ് സൂചിക (ബിഎംഐ) ആണെന്നും ഗവേഷകർ അഭിപ്രായപ്പെട്ടു. ”സാധാരണ ലഘുഭക്ഷണത്തിന് പകരം ബദാം കഴിക്കുന്നത് ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും, എൽഡിഎൽ-കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ധമനികളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും,” വെൻഡി ഹാൾ പറഞ്ഞു.

ഗവേഷണത്തിനായി, മുതിർന്ന 6,802 പേരുടെ നാല് ദിവസത്തെ ഭക്ഷണ ക്രമം വിദഗ്‌ധർ ശ്രദ്ധിച്ചു, ആരോഗ്യകരമായ ഡയറ്റും ബദാം കഴിക്കുന്നവരും കൂടുതൽ പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിൻ സി, ഫൈബർ, പൊട്ടാസ്യം എന്നിവയും ആരോഗ്യകരമായ മറ്റ് ഘടകങ്ങളും കിട്ടുന്നതായി കണ്ടെത്തി. ഈ ആളുകൾക്ക് കാർബോഹൈഡ്രേറ്റ്, പഞ്ചസാര, സോഡിയം എന്നിവയുടെ അളവ് കുറവാണെന്നും ട്രാൻസ് ഫാറ്റി ആസിഡുകൾ ഉണ്ടെന്നും കണ്ടെത്തി.

ലഘുഭക്ഷണമായി ബദാം ഉപയോഗിക്കുന്നതിലൂടെ ഇടയ്ക്കിടെയുളള വിശപ്പ് കുറയ്ക്കുമെന്ന് നേരത്തെയുളള പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. ശരീര ഭാരം നിയന്ത്രിക്കുന്നതിനും ബദാം ഫലപ്രദമാണെന്ന് ഗവേഷകർ കണ്ടെത്തി.

Read in English: Here’s another reason to snack on almonds every day

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook